ഷാവോമിയുടെ പുതിയ രണ്ട് ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി. എംഐ നോട്ട്ബുക്ക് എയറിന്റെ 13 ഇഞ്ച്, 15 ഇഞ്ച് പതിപ്പുകളാണ് പുറത്തിറക്കിയത്. എട്ടാംതലമുറ ഇന്റല്‍ കോര്‍ ഐ 3 പ്രൊസസറുകളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. എട്ട് ജിബി റാം, യുഎസ്ബി സി പോര്‍ട്ട് വഴിയുള്ള അതിവേഗ ചാര്‍ജിങ്, 128 ജിബി സ്‌റ്റോറേജ്, എന്നിവയാണ് പുതിയ എംഐ നോട്ട് ബുക്ക് എയര്‍ പതിപ്പുകളുടെ മുഖ്യ സവിശേഷതകള്‍.

എട്ട് ജിബി റാം ശേഷിയിലുള്ള 13.3 ഇഞ്ചിന്റെ എംഐ നോട്ട്ബുക്ക് എയറിന് 3,999 യുവാന്‍ (41818 രൂപ) ആണ് ചൈനീസ് വിപണിയില്‍ വില. നാല് ജിബി റാം/ 128 ജിബി സ്റ്റോറേജ് ശേഷിയിലുള്ള 15.6 ഇഞ്ച് പതിപ്പിന് 3,399 യുവാനാണ് വില(35,500 രൂപ).

13.3 ഇഞ്ച് പതിപ്പിന്റെ വില്‍പനയാരംഭിച്ചിട്ടുണ്ട്. 15.6 ഇഞ്ച് പതിപ്പ് നവംബര്‍ 11നാണ് വില്‍പനയ്‌ക്കെത്തുക. എംഐ നോട്ട്ബുക്ക് എയറിന്റെ മറ്റ് മുന്‍നിര പതിപ്പുകളിലും എട്ടാം തലമുറ ഇന്റല്‍ കോര്‍ ഐ3 പ്രൊസസര്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ചിട്ടുണ്ട്. 

ഷാവോമി എംഐ നോട്ട് ബുക്ക് എയര്‍ 13.3 ഇഞ്ച് സവിശേഷതകള്‍

വിന്‍ഡോസ് 10 ഓഎസാണ് പുതിയ എംഐ നോട്ട്ബുക്ക് എയറിലുള്ളത്. 13.3 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ പാനലാണ് ഇതിനുള്ളത്. എട്ടാം തലമുറ ഇന്റല്‍ കോര്‍ ഐ3-8130യു ഡ്യുവല്‍കോര്‍ ഫോര്‍ ത്രെഡ് പ്രൊസസറാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്.ഗ്രാഫിക്‌സിനായി ഇന്റല്‍ യുഎച്ച്ഡി ഗ്രാഫിക്‌സ് 620 കാര്‍ഡും ഉപയോഗിച്ചിരിക്കുന്നു. എട്ട് ജിബി ആണ് റാം ശേഷി. 128 ജിബി സ്‌റ്റോറേജ് സൗകര്യമുണ്ട്. എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡ്രൈവ് ഉപയോഗിക്കുകയും ചെയ്യാം. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ടൈപ്പ് സിപോര്‍ട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം എന്നിവയും ഇതിനുണ്ട്. 

40 വാട്‌സിന്റെ ബാറ്ററിയാണ് ഇതിലുള്ളത്. വീഡിയോ കോളിങ്ങിനായി ഒരു മെഗാപിക്‌സലിന്റെ ക്യാമറയും മൈക്കും എംഐ നോട്ട്ബുക്ക് എയറിനുണ്ട്.

അതേസമയം 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയില്‍ നാല് ജിബി റാം 128 ജിബി സ്റ്റോറേജ് സംവിധാനമാണ് 15.6 ഇഞ്ച് എംഐ നോട്ട്ബുക്ക് എയറിനുള്ളത്. ഡ്യുവല്‍ ഫാന്‍ കൂളിങ് സംവിധാനമുള്ള ലാപ്‌ടോപ്പില്‍ മുമ്പ് പറഞ്ഞപോലെ എട്ടാം തലമുറ കോര്‍ ഐ3 പ്രൊസസറാണുള്ളത്.