വോമി ഇന്ത്യയില്‍ പുതിയ ടിവി അവതരിപ്പിക്കുന്ന എന്ന വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ഈ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഷവോമിയുടെ എംഐ എല്‍ഇഡി സ്മാര്‍ട് ടിവി 4സി പരമ്പര മാര്‍ച്ച് ഏഴിന് ഇന്ത്യയില്‍ അവതരിപ്പിക്കും. 

ഈ വാര്‍ത്തകളോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും കമ്പനിയുടെ രാജ്യത്തെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 43 ഇഞ്ച് എംഐ എല്‍ഇഡി സ്മാര്‍ട് ടിവി 4സി പ്രത്യക്ഷപ്പെട്ടു. 27,999 രൂപയാണ് ഇതിന് വില.

mi

ഈ ടിവി മോഡല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചൈനയിലാണ് ആദ്യമായി അവതരിപ്പിച്ചത്. ചൈനീസ് വിപണിയില്‍ ഇതിന് 1849 യുവാന്‍ ( ഏകദേശം: 19,000 രൂപ) ആയിരുന്നു വില. വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ടിവി ഔട്ട് ഓഫ് സ്റ്റോക്ക് ആണെന്നാണ് കാണിച്ചിരിക്കുന്നത്. അതിനാല്‍ വിലയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.

ടിവിയുടെ സവിശേഷതകള്‍

ഫുള്‍ എച്ച്ഡി (1080 പിക്‌സല്‍) ഡിസ്‌പ്ലേ, ക്വാഡ് കോര്‍ പ്രൊസസര്‍, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയവ എംഐ എല്‍ഇഡി സ്മാര്‍ട് ടിവി 4സി ല്‍ ഉണ്ടാവും. ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ പാച്ച് വാള്‍ യൂസര്‍ ഇന്റര്‍ഫെയ്‌സിലാണ് ടിവി പ്രവര്‍ത്തിക്കുന്നത്. 

അടുത്തിടെ ഷവോമി 55 ഇഞ്ചിന്റെ എംഐ എല്‍ഇഡി സ്മാര്‍ട് ടിവി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 39,999 രൂപയാണ് ഈ 4കെ എച്ച്ഡിആര്‍ ടിവിയുടെ വില.

Content Highlights: Xiaomi Mi LED Smart TV 4C 43-inch model listed on official site