ഷവോമിയുടെ 50 ഇഞ്ച് എംഐ ടിവി 4എ ചൈനീസ് വിപണിയിലിറക്കി. എഐ ടിവി 4എ റെഞ്ചിലുള്ള ആറാമത്തെ മോഡലാണിത്. നേരത്തെ 32,43,49,55,65 ഇഞ്ചുകള്‍ വലിപ്പമുള്ള ടിവി ഷവോമി പുറത്തിറക്കിയിരുന്നു. 50 ഇഞ്ചിന്റെ 4കെ അള്‍ട്രാ എച്ച്ഡി റസലൂഷനിലുള്ള സ്മാര്‍ട് ടിവിയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

10 സ്പീക്കറുകള്‍, രണ്ട് വയര്‍ലസ് റിയര്‍ സാറ്റലൈറ്റ് സ്പീക്കറുകള്‍, ഒരു സബ് വൂഫര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന എംഐ ടിവി ബാര്‍ ഈ ടിവിയ്‌ക്കൊപ്പമുണ്ടാവും. ഇതിന്റെ സ്റ്റീരിയോ സ്പീക്കറുകളില്‍ ഡോള്‍ബി ശബ്ദവും ഡിടിഎസ് എച്ച്ഡി യും ലഭിക്കും.

ടിവി റിമോട്ട് ഉപയോഗിച്ച് ശബ്ദ നിര്‍ദേശം നല്‍കാനുള്ള സൗകര്യവുമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ലഭ്യമാവുന്ന പാച്ച് വാള്‍ എന്ന ആന്‍ഡ്രോയിഡ് യൂസര്‍ ഇന്റര്‍ഫെയ്‌സ് ആണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 

അംലോജിക് എല്‍ 962 ക്വാഡ് കോര്‍ പ്രൊസസറിലാണ് ടിവി പ്രവര്‍ത്തിക്കുക. രണ്ട് ജിബി റാം ആണ് ഇതിനുള്ളത്. എട്ട് ജിബി സ്റ്റോറേജുമുണ്ട്. 

മൂന്ന് എ്ച്ച്ഡിഎംഐ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍, ഒരു എതര്‍നെറ്റ് പോര്‍ട്ട്, എസ്/പിഡിഐഎഫ് ഓഡിയോ ഔട്ട്പുട്ട്, എവി ഇന്‍പുട്ട് എന്നിവയും ഷവോമി ടിവിയ്ക്കുണ്ടാവും. ചൈനയില്‍ 2,399 യുവാനാണ് (ഏകദേശം 23,800 രൂപ )ഈ ടിവിയുടെ വില.