ലോകത്തെ തിരക്കേറെയ നഗരങ്ങളും സമീപ പ്രദേശങ്ങളും വായുമലിനീകരണത്താല്‍ പ്രയാസപ്പെടുകയാണ്.അതോടൊപ്പം പകര്‍ച്ചാ വ്യാധികളും ശക്തിയാര്‍ജിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് മാസ്‌ക് പോലെ മുഖത്ത് ധരിക്കാന്‍ സാധിക്കുന്ന എയര്‍പ്യൂരിഫയര്‍ എന്ന ആശയം എല്‍ജി അവതരിപ്പിക്കുന്നത്. ജര്‍മനിയില്‍ നടക്കുന്ന ഐഎഫ്എ 2020 പരിപാടിയിലാണ് എല്‍ജി പ്യുരികെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫയര്‍ എന്ന ഈ പുതിയ ഉപകരണം അവതരിപ്പിച്ചത്. 

എയര്‍ പ്യൂരിഫയര്‍ രംഗത്ത് എല്‍ജി ഉള്‍പ്പടെ നിരവധി കമ്പനികള്‍ സജീവമാണെങ്കിലും വെയറബിള്‍ എയര്‍ പ്യൂരിഫയര്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത് എല്‍ജിയാണ്. 

വീട്ടിലുണ്ടാക്കുന്ന പുനരുപയോഗിക്കാന്‍ കഴിയുന്ന മാസ്‌കുകളുടേയും ഉപയോഗിച്ച് വലിച്ചെറിയും വിധമുള്ള മാസ്‌കുകളുടെയും പരിമിതികള്‍ മറികടക്കുന്നവയാണ് പ്യുരികെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫയര്‍. ഏറെകാലം ഇത് ഉപയോഗിക്കാം. വീടുകളിലേക്കുള്ള എയര്‍ പ്യൂരിഫയറുകളില്‍ ഉപയോഗിക്കുന്ന എച്ച്13 ഹെപ്പ ഫില്‍റ്ററുകളാണ് ഈ മാസ്‌കില്‍ ഉപയോഗിച്ചിരിക്കുന്നത്. 

നിശ്ചിത ഉപയോഗം കഴിഞ്ഞാല്‍ ഈ ഫില്‍റ്ററുകള്‍ മാറ്റാം. വീടിനുള്ളിലും പുറത്തും ശുദ്ധവായു ശ്വസിച്ച് നടക്കാം. ഇതിലെ റെസ്പിറേറ്ററി സെന്‍സര്‍ അത് ധരിക്കുന്നയാള്‍ ഉള്ളിലേക്ക് എടുക്കുന്ന ശ്വാസത്തിന്റെ അളവ് തിരിച്ചറിയുകയും അതിനനുസൃതമായി മാസ്‌കിലെ ഫാനുകളുടെ വേഗത ക്രമീകരിക്കുകയും ചെയ്യു. ശ്വസന വേഗതയ്ക്കനുസരിച്ച്  ഈ ഫാനുകളുടെ വേഗം താനെ ക്രമീകരിക്കപ്പെടും. 

കവിളുകള്‍ക്കിടയിലൂടെ മലിന വായു പ്രവേശിക്കാത്ത വിധത്തിലാണ് ഇതിന്റെ രൂപകല്‍പന. ഭാരം കുറഞ്ഞ ഈ പ്യൂരിഫയര്‍ മാസ്‌കുകള്‍ക്ക് 820 എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ലോ മോഡില്‍ ഇത് എട്ടില്‍ മണിക്കൂര്‍ നേരം ചാര്‍ജ് ലഭിക്കും. ഹൈ മോഡില്‍ രണ്ട് മണിക്കൂര്‍ നേരവും ഉപയോഗിക്കാം. 

ഈ എയര്‍ പ്യൂരിഫയറിനൊപ്പം ഒരു പ്രത്യേക കേയ്‌സും ലഭിക്കും. ഇതിലെ അള്‍ട്രാ വയലറ്റ്-എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ച് ഓരോ ഉപയോഗത്തിന് ശേഷവും മാസ്‌ക് അണുവിമുക്തമാക്കാം. മാസ്‌ക് ചാര്‍ജ് ചെയ്യുന്നതും ഈ കെയ്‌സ് ഉപയോഗിച്ചാണ്. എല്‍ജി തിങ്ക് എന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇതുമായി ബന്ധിപ്പിക്കാനും നോട്ടിഫിക്കേഷനുകള്‍ അറിയാനും സാധിക്കും. 

നിശ്ചിത ഉപയോഗത്തിന് ശേഷം ഇതിലെ ഫില്‍റ്ററുകള്‍ മാറ്റേണ്ടതുണ്ട്. ഫില്‍റ്ററുകള്‍ മുതല്‍ ഇയര്‍ സ്ട്രാപ്പുകള്‍ വരെയുള്ള പ്യൂരിഫയറിന്റെ ഭാഗങ്ങള്‍ മാറ്റി ഉപയോഗിക്കാവുന്നതും പുനചംക്രമണം ചെയ്യാവുന്നതുമാണ് എന്ന് കമ്പനി അവകാശപ്പെടുന്നു. 

Content Highlights: wearable air purifier mask like device unveils LG