ടൈറ്റന്‍ ഐപ്ലസ് സ്മാര്‍ട് ഗ്ലാസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഓപ്പണ്‍ ഇയര്‍ സ്പീക്കറുകള്‍, ടച്ച് കണ്‍ട്രോള്‍, ഫിറ്റ്‌നസ് ട്രാക്കിങ് സംവിധാനങ്ങള്‍ എന്നിവയാണ് ഐ പ്ലസ് സ്മാര്‍ട് ഗ്ലാസിന്റെ മുഖ്യ സവിശേഷതകള്‍. ഐഫോണുമായും ആന്‍ഡ്രോയിഡ് ഫോണുകളുമായും ഇത് ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാനാവും. 

ഇന്‍ബില്‍റ്റ് ട്രാക്കറും ഐപി64 ഡസ്റ്റ് വാട്ടര്‍ റസിസ്റ്റന്‍സിയുമുണ്ട്. ഒറ്റ ചാര്‍ജില്‍ 8 മണിക്കൂര്‍ നേരം ചാര്‍ജ് ലഭിക്കും. ക്വാല്‍കോമിന്റെ ഒരു പ്രൊസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം. പ്രൊസസര്‍ ഏതാണെന്ന് വ്യക്തമല്ല. 

ജനുവരി അഞ്ചിന് അവതരിപ്പിക്കപ്പെട്ട ടൈറ്റന്‍ ഐ എക്‌സ് സ്മാര്‍ട് ഗ്ലാസിന് 9999 രൂപയാണ് വില. ഫ്രെയിമിന് മാത്രമാണ് ഈ വില. പ്രിസ്‌ക്രിപ്ഷന്‍ ഗ്ലാസുകള്‍ക്ക് 11,198 രൂപ വില വരും. ജനുവരി 10 മുതല്‍ സ്മാര്‍ഡ് ഗ്ലാസുകളുടെ വിതരണം ആരംഭിക്കും. കറുപ്പ് നിറത്തിലുള്ള ഫ്രെയിം ആണ് ഇതിന്. ടൈറ്റന്‍ ഐപ്ലസ് റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്നും ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഇത് വാങ്ങാം. 

ബ്ലൂടൂത്ത് വേര്‍ഷന്‍ 5 ഉപയോഗിച്ചാണ് ഈ സ്മാര്‍ട്ഗ്ലാസ് ആന്‍ഡ്രോയിഡ്, ഐഓഎസ് ഫോണുകളുമായി ബന്ധിപ്പിക്കുന്നത്. രണ്ട് ഓഎസിലും പ്രത്യേകം ആപ്ലിക്കേഷനും ഇതിനുണ്ട്. ട്രൂ വയര്‍ലെസ് സ്റ്റീരിയോ സംവിധാനത്തോടു കൂടിയുള്ള ഓപ്പണ്‍ ഇയര്‍ സ്പീക്കര്‍ ആണിതിന്. 

കണ്ണടയുടെ കാലുകളിലാണ് ഈ സ്പീക്കര്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി പരിസരത്ത് നിന്നുള്ള ശബ്ദങ്ങള്‍ കേട്ടുകൊണ്ടു തന്നെ കണ്ണടയിലെ സ്പീക്കറുകള്‍ വഴി പാട്ടുകള്‍ ആസ്വദിക്കാനും ശബ്ദനിര്‍ദേശങ്ങള്‍ കേള്‍ക്കാനും സാധിക്കുമെന്ന് കമ്പനി പറയുന്നു. 

ശബ്ദാധിഷ്ടിത നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും നോട്ടിഫിക്കേഷനുകള്‍ നല്‍കാനും ഈ സ്മാര്‍ട് ഗ്ലാസിന് സാധിക്കും. മികച്ച ശബ്ദത്തിനായി ക്ലിയര്‍ വോയ്‌സ് കാപ്ചര്‍ സാങ്കേതിക വിദ്യ ഇതില്‍ നല്‍കിയിട്ടുണ്ട്. 

വിവിധ ട്രാക്കിങ് ഫീച്ചറുകള്‍ ഇതില്‍ ലഭിക്കും. ഒപ്പം സ്‌ക്രീന്‍ ഉപയോഗം സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കും. ടച്ച് കണ്‍ട്രോളിലൂടെ പാട്ടുകള്‍ പ്ലേ ചെയ്യാനും നിര്‍ത്താനും മാറ്റാനുമെല്ലാം സാധിക്കും. 

Content highlights: Titan EyeX Smart Glasses Launched in India