ചൈനീസ് കമ്പനിയായ 'ലെടിവി' ഈ വര്‍ഷം ഇന്ത്യയിലെത്തിയത് 'ലീകോ' ( LeEco ) എന്ന പുതിയ പേര് സ്വീകരിച്ചായിരുന്നു. കമ്പനി അവതരിപ്പിച്ച ലീകോ ലെ 1എസ് എന്ന സ്മാര്‍ട്‌ഫോണ്‍ നന്നായി വിറ്റുപോകുകയും ചെയ്തു. തുടര്‍ന്ന് കമ്പനിയിറക്കിയ ലെ2, ലെ മാക്‌സ്2 സ്മാര്‍ട്‌ഫോണുകള്‍ക്കും വന്‍ സ്വീകാര്യത ലഭിച്ചു. പിന്നീട് ബ്ലൂടൂത്ത് ഹെഡ്‌ഫോണും സ്പീക്കറുമെല്ലാം കമ്പനി ഇന്ത്യയിലെത്തിച്ചു.
ഇപ്പോഴിതാ സ്മാര്‍ട് ടിവികളുമായി ഇന്ത്യന്‍ വിപണിയില്‍ ഭാഗ്യം പരീക്ഷിക്കാനെത്തുകയാണ് കമ്പനി. സൂപ്പര്‍ 3 സീരീസ് ( Super3 series ) എന്ന പേരില്‍ ലീകോയുടെ മൂന്ന് സ്മാര്‍ട് ടിവികളുടെ വില്പന ആഗസ്ത് 10 ന് ആരംഭിക്കും. ഓണ്‍ലൈന്‍ വില്‍പ്പനകേന്ദ്രമായ ഫ്‌ളിപ്കാര്‍ട്ടിലൂടെ ഇവ വാങ്ങാനാകും.
സാംസങ്, സോണി, എല്‍ജി എന്നീ വമ്പന്‍ കമ്പനികള്‍ അടക്കി വാഴുന്ന സ്മാര്‍ട് ടിവി വിപണിയിലേക്കുള്ള ലീകോയുടെ വരവ് പ്രതീക്ഷയോടെയാണ് ഏവരും കാണുന്നത്. എന്നാല്‍ വിലയുടെ കാര്യത്തില്‍ കാര്യമായ കുറവൊന്നും ലീകോ ടിവികള്‍ക്കില്ല.

മൂന്ന് ടിവികളില്‍ ലീകോ സൂപ്പര്‍ 3 എക്‌സ്55 ( LeEco Super3 X55 ) എന്ന മോഡലിന് 59,790 രൂപയാണ് വില. സൂപ്പര്‍ 3 മാക്‌സ്65 ന് ( LeEco Super3 Max65
) 1,49,790 രൂപയും സൂപ്പര്‍ 3 എക്‌സ്65 ന് (LeEco Super3 X65) 99,790 രൂപയും മുടക്കണം. സൂപ്പര്‍ 3 എക്‌സ് 55 ന്റെ സ്‌ക്രീന്‍ വലിപ്പം 55 ഇഞ്ചാണെങ്കില്‍ മറ്റ് രണ്ട് മോഡലുകള്‍ക്കും 65 ഇഞ്ച് വീതം സ്‌ക്രീന്‍ വലിപ്പമുണ്ട്.
4കെ റിസൊല്യൂഷനോടു കൂടിയ അള്‍ട്ര ഹൈഡഫനിഷന്‍ ഡിസ്‌പ്ലേയാണ് ലീകോ ടിവി കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുക. ലോഹച്ചട്ടക്കൂട്ടിലുറപ്പിച്ച ടിവികള്‍ ആന്‍ഡ്രോയ്ഡ് 5.0 വെര്‍ഷനില്‍ അധിഷ്ഠിതമായ ഇയുഐ 5.5 ഇന്റര്‍ഫേസില്‍ പ്രവര്‍ത്തിക്കുന്നു.

രണ്ട് ജിബി റാമും എട്ട് ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുണ്ട് സൂപ്പര്‍ 3 എക്‌സ് 55യ്ക്ക്. മറ്റ് രണ്ട് ടിവികള്‍ക്കും മൂന്ന് ജിബി റാമും 16 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജുമുണ്ട്. മൂന്ന് ടിവികളിലും 1.4 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള ക്വാഡ്‌കോര്‍ പ്രൊസസറും മാലി ജിപിയുവുമാണുള്ളത്.
2.1 സ്റ്റീരിയോ സ്പീക്കര്‍, ഡോള്‍ബി ഓഡിയോ, ഡിടിഎസ് പിന്തുണ, വൈഫൈ, ബ്ലൂടൂത്ത് സൗകര്യം എന്നിവയെല്ലാം മൂന്ന് ടിവികളിലുമുണ്ട്.
എല്‍ജിയുടെ ഐപിഎസ് ഡിസ്‌പ്ലേ പാനലാണ് ടിവിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡിസ്‌പ്ലേ പാനലിന് നാല് വര്‍ഷം വാറന്റിയും ടിവിക്ക് രണ്ട് വര്‍ഷം വാറന്റിയും ലീകോ നല്‍കുന്നു. ഒപ്പം സൗജന്യ ഷിപ്പിങും ഇന്‍സ്റ്റലേഷനും.