ന്യൂഡല്‍ഹി: ജാപ്പനീസ് സാങ്കേതിക വിദ്യാ ബ്രാന്‍ഡായ സോണി പുതിയ പ്രീമിയം ട്രൂലി വയര്‍ലെസ് ഇയര്‍ബഡ്‌സ് ഡബ്ല്യുഎഫ്-100എക്‌സ്എം4 (WF-100XM4) ഇന്ത്യയില്‍ അവതരിപ്പിച്ചു. 19,990 രൂപയാണ് ഇതിന് വില. 

സില്‍വര്‍, ബ്ലാക്ക് നിറങ്ങളിലാണ് ഇയര്‍ബഡ്‌സ് വിപണിയിലെത്തുക. ഓണ്‍ലൈനിലും ഓഫ് ലൈന്‍ സ്‌റ്റോറുകളിലും ജനുവരി16 മുതല്‍ ഇത് വില്‍പനയ്‌ക്കെത്തും. 

വിപണിയിലെ ഏറ്റവും മികച്ച നോയ്‌സ് കാന്‍സലിങ് സാങ്കേതിക വിദ്യയാണ് ഡബ്ല്യുഎഫ്-100എക്‌സ്എം4 ല്‍ ഉപയോഗിച്ചിട്ടുള്ളത്. സോണി തന്നെ വികസിപ്പിച്ച പ്രൊസസര്‍ വി1 സോണിയുടെ ക്യുഎന്‍1ഇ ചിപ്പിന്റെ നോയ്‌സ് കാന്‍സലേഷന്‍ കഴിവ് മെച്ചപ്പെടുത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

ശക്തിയേറിയ നോയ്‌സ് സെന്‍സര്‍ മൈക്രോഫോണുകളും നോയ്‌സ് കാന്‍സലേഷന് പിന്‍ബലം നല്‍കുന്നു.

പുതിയ രൂപകല്‍പനയിലുള്ള 6 എംഎം ഡ്രൈവറുകളാണിതിനുള്ളത്. പ്രൊസസര്‍ വി1 ശബ്ദഗുണമേന്മ മെച്ചപ്പെടുത്തും. 

മുഴുവന്‍ ചാര്‍ജ് ചെയ്താല്‍ എട്ട് മണിക്കൂര്‍ നേരം ഉപയോഗിക്കാം. ചാര്‍ജിങ് കേസിന്റെ പിന്‍ബലത്തില്‍ 16 മണിക്കൂര്‍ നേരം ഉപയോഗിക്കാനാവും. 

Content Highlights: Sony India unveils new premium earbuds in India