ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലകക്ട്രോണിക് ഷോയോട് അനുബന്ധിച്ച് സാംസങിന്റെ മൈക്രോ എല്‍ഇഡി, നിയോ ക്യുഎല്‍ഇഡി, ലൈഫ്‌സ്റ്റൈല്‍ ടിവികള്‍ അവതരിപ്പിച്ചു. പിക്ചര്‍ ഗുണമേന്മയിലും ശബ്ദ ഗുണമേന്മയിലും പരിഷ്‌കാരങ്ങളുമായാണ് ടിവികള്‍ എത്തിയിരിക്കുന്നത്. കൂടുതല്‍ സ്‌ക്രീന്‍ സൈസ് ഓപ്ഷനുകളും കസ്റ്റമൈസ് ചെയ്യാവുന്ന അനുബന്ധ ഉപകരണങ്ങളും ഇതിനൊപ്പമുണ്ട്. 

മൈക്രോ ക്യുഎല്‍ഇഡി ടിവിയ്ക്ക് 110 ഇഞ്ച്, 101 ഇഞ്ച്, 89 ഇഞ്ച് സ്‌ക്രീന്‍ സൈസ് ഓപ്ഷനുകള്‍ ലഭ്യമാണ്. പ്രകാശവും നിറങ്ങളും നല്‍കാന്‍ സാധിക്കുന്ന 2.5 കോടി മൈക്രോമീറ്റര്‍ എല്‍ഇഡികളുള്ള സ്‌ക്രീനില്‍ വളരെ മികച്ച പിക്ചര്‍ ക്വാളിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. 

ഈ വര്‍ഷത്തെ മൈക്രോ എല്‍ഇഡിയില്‍ 20 ബിറ്റ് ഗ്രേസ്‌കെയില്‍ പിന്തുണയ്ക്കും. അതായത് ടിവിയില്‍ കാണിക്കുന്ന ദൃശ്യത്തിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ കാണിക്കും. ഒപ്പം മികച്ച ബ്രൈറ്റ്‌നെസ് കളര്‍ ലെവലുകളും ഉണ്ട്. 

2022 നിയോ ക്യുഎല്‍ഇഡി ടിവിയും ഇതുപോലെ ദൃശ്യമികവിലും ശബ്ദമികവിലും മുമ്പനാണ്. ഇിലെ നിയോ ക്വാണ്ടം പ്രൊസസര്‍ മികച്ച ബ്രൈറ്റ്‌നസ് സ്‌ക്രീനിന് നല്‍കുന്നു. 

റിയല്‍ ഡെപ്ത് എന്‍ഹാന്‍സര്‍, ഐ കംഫര്‍ട്ട് മോഡ് എന്നീ സംവിധാനങ്ങളും നിയോ ക്യുഎല്‍ഡി ടിവിയിലുണ്ട്. 

ഗ്ലെയര്‍ ഇല്ലാത്ത മാറ്റ് ഡിസ്‌പ്ലേയുമായാണ് സാംസങിന്റെ ലൈഫ്‌സ്റ്റൈല്‍ ടീവികള്‍ എത്തുന്നത്. പ്രകാശം പ്രതിഫലിക്കില്ല എന്ന് മാത്രമല്ല വിരലടയാളങ്ങളും പതിയില്ല. ദി ഫ്രെയിം, ദി സെറോ, സി സെരിഫ് മോഡലുകളാണ് ഇതിലുള്ളത്. 

ദി ഫ്രെയിം ടിവിയ്ക്ക് 32 ഇഞ്ച് മുതല്‍ 85 ഇഞ്ച് വരെ സ്‌ക്രീനുകളുണ്ട്. ദി സെരിഫ് മോഡലില്‍ 43 ഇഞ്ച് മുതല്‍ 65 ഇഞ്ച് വരെ സ്‌ക്രീനുകള്‍ ലഭിക്കും.

ഉള്ളടക്കങ്ങള്‍ ക്രമീകരിക്കുന്നതിനായി പുതിയ സ്മാര്‍ട് ഹബ്ബ് ആണ് 2022 ലെ സാംസങ് ടിവികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

Content Highlights: Samsung unveils micro-LED, lifestyle TVs at CES 2022