ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ അള്‍ട്രാ വൈഡ് മോണിറ്റര്‍ സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 49 ഇഞ്ച് വലിപ്പമുള്ള സാംസങിന്റെ CHG90 എന്ന ഈ ക്യുഎല്‍ഇഡി കര്‍വ്ഡ് മോണിറ്ററിന് 1,50,000 രൂപയാണ് വില. 

32:9 അനുപാതത്തില്‍ 178 ഡിഗ്രി വൈഡ് ആംഗിള്‍ ഡിസ്‌പ്ലേയാണ് ഇത്. സാധാരണ മോണിറ്ററുകള്‍  16:9 അനുപാതത്തിലും അള്‍ട്രാ വൈഡ് മോണിറ്ററുകള്‍ക്ക് 21:9 അനുപാതത്തിലുമാണ് ഉണ്ടാവാറ്. 

ക്വാണ്ടം ഡോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ തെളിച്ചമുള്ളതും, സാധാരണ എല്‍സിഡി മോണിറ്ററിനേക്കാള്‍ വര്‍ണാഭവുമായിരിക്കും സാംസങിന്റെ പുതിയ മോണിറ്റര്‍.

144Hz ആണ് ഈ മോണിറ്ററിന്റെ റിഫ്രഷ് റേറ്റ്. കണ്ണുകളുടെ സംരക്ഷണത്തിനായി ഐ സേവര്‍ മോഡ്, ഫ്‌ലിക്കര്‍ ഫ്രീ സാങ്കേതിക വിദ്യ എന്നിവയും മോണിറ്ററില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. 

വലിപ്പം കൊണ്ട് ഏറെ വ്യത്യസ്തമാണെങ്കിലും വലിയ വിലയാണെന്നത് മോണിറ്ററിന്റെ പരിമിതിയാണ്.