റെ നാളുകളായി സാംസങിന്റെ മടക്കാന്‍ കഴിയുന്ന ഫോണിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചാരത്തിലുണ്ട്. ഒടുവില്‍ അത് രംഗപ്രവേശം ചെയ്തിരിക്കുന്നു . നവംബര്‍ ഏഴിന് നടന്ന ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് സാംസങ് തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ പരിചയപ്പെടുത്തിയത്. ടാബ്ലറ്റിന്റെ വലിപ്പമുള്ള സ്‌ക്രീന്‍ ഫോണ്‍ വലിപ്പത്തിലേക്ക് മടക്കി ഉപയോഗിക്കാന്‍ സാധിക്കും വിധമാണ് ഈ ഉപകരണത്തിന്റെ രൂപകല്‍പ്പന.

ഇന്‍ഫിനിറ്റി ഫ്‌ളെക്‌സ് ഡിസ്‌പ്ലേ എന്നാണ് സാംസങ് ഈ ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സാങ്കേതിക വിദ്യയെ വിളിക്കുന്നത്. ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഈ ഉപകരണം പ്രദര്‍ശിപ്പിച്ചു. എന്നാല്‍ ഫോണിന്റെ ഫോള്‍ഡബിള്‍ സ്‌ക്രീന്‍ പ്രവര്‍ത്തനം മാത്രമാണ് സാംസങ് പരിചയപ്പെടുത്തിയത്. ഫോണിന്റെ മറ്റ് സവിശേഷതകള്‍ കാണികളില്‍ നിന്നും മറച്ചുപിടിക്കുന്നതിനായി വേദിയിലെ പ്രകാശം നിയന്ത്രിച്ചിരുന്നു.

ഫോണ്‍ മടക്കുന്നതും നിവര്‍ത്തുന്നതും എങ്ങിനെയാണെന്ന് സാംസങ് മൊബൈല്‍ പ്രൊഡക്റ്റ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ ഡെനിസണ്‍ വേദിയില്‍ അവതരിപ്പിച്ചു. രണ്ട് സ്‌ക്രീനിനുള്ളത്. അതില്‍ ഒന്ന് ടാബ്ലറ്റിന് വേണ്ടിയുള്ള ഫോള്‍ഡബിള്‍ സ്‌ക്രീനും രണ്ടാമത്തേത് കവര്‍ ഡിസ്‌പ്ലേയുമാണ്. ഉപകരണം ഫോണിന്റെ വലിപ്പത്തിലേക്ക് മടക്കുമ്പോള്‍ പ്രവര്‍ത്തിക്കുക ഈ കവര്‍ ഡിസ്‌പ്ലേ ആയിരിക്കും. 

4.58 ഇഞ്ച് വലിപ്പമുള്ള കവര്‍ ഡിസ്‌പ്ലേയ്ക്ക് 840 x 1960 പിക്‌സല്‍ റസലൂഷനുണ്ടാവും. 1536 x 2152 പിക്‌സല്‍ റസലൂഷനില്‍ 7.3 ഇഞ്ച് വലിപ്പമുള്ള ഫോള്‍ഡബിള്‍ ഡിസ്‌പ്ലേയാണ് ടാബ്ലറ്റിന് വേണ്ടിയുള്ളത്. 

image
Image Courtesy: twitter.com/sharatibken

മൂന്ന് ആപ്ലിക്കേഷനുകള്‍ ഒരേ സമയം ഉപയോഗിക്കാന്‍ കഴിയുന്ന മള്‍ടി ആക്റ്റിവ് വിന്‍ഡോ സംവിധാനം ഫോണിലുണ്ടാവും. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഫോണിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനം ആരംഭിക്കുമെന്ന് സാംസങ് വ്യക്തമാക്കി. എന്നാല്‍ കൃത്യമായ തീയ്യതി എന്താണ് എന്ന് കമ്പനി വ്യക്തമാക്കിയില്ല. 

ഈ പുതിയ ഫോള്‍ഡബിള്‍ ഉപകരണങ്ങള്‍ക്ക് ഗൂഗിള്‍ ആന്‍ഡ്രോയിഡിന്റെ പിന്തുണയുമുണ്ട്. ഫോള്‍ഡബിള്‍ സ്‌ക്രീനിന് വേണ്ടിയുള്ള ഫീച്ചറുകള്‍ വികസിപ്പിക്കുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ഗൂഗിള്‍ നല്‍കിവരുന്നുണ്ട്. 

ഫോള്‍ഡബിള്‍ സ്‌ക്രീനുമായെത്തുന്ന ഏക സ്ഥാപനം സാംസങ് മാത്രമായിരിക്കില്ല. വാവേ, ലെനോവോ, ഷാവോമി പോലുള്ള കമ്പനികളും ഫോള്‍ഡബിള്‍ സ്‌ക്രീന്‍ എന്ന ആശയം അവതരിപ്പിക്കാനുള്ള നീക്കത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.