പുറത്തിറക്കുന്നതിന് മുമ്പ് തന്നെ സാംസങ് ഗാലക്‌സി ടാബ് എസ്8 അള്‍ട്ര ടാബ് ലെറ്റിന്റെ ഡിസൈനും മറ്റ് വിവരങ്ങളും ചോര്‍ന്നു. ടാബ് അടുത്ത വര്‍ഷം പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധി. 

സാംസങിന്റെ ഗാലക്‌സി ടാബ് എസ് 7 ന്റെ പിന്‍ഗാമിയായിട്ടാവും ഗാലക്‌സി ടാബ് 8 പുറത്തിറക്കുക. പുതിയ ഗാലക്‌സി ടാബ് എസ്8 പരമ്പരയില്‍ ടാബ് എസ്8, ടാബ് എസ്8 പ്ലസ്, ടാബ് എസ്8 അള്‍ട്ര എന്നിങ്ങനെ മൂന്ന് ടാബ് ലെറ്റുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതില്‍ ടാബ് എസ്8 അള്‍ട്ര മോഡലിന്റെ ചില വിവരങ്ങളാണ് ടിപ്പ്സ്റ്റര്‍ ആയ് സ്റ്റീവ് എച്ച് മക്ഫ്‌ളൈ  പുറത്തുവിട്ടത്.ടാബ് ലെറ്റിന്റെ ഡിസൈന്‍ എങ്ങനെ ആയിരിക്കുമെന്ന് ഇത് സൂചന നല്‍കുന്നു. 

ഗാലക്‌സി ടാബ് എസ്8 അള്‍ട്രയ്ക്ക് അപിന്‍ ഭാഗത്തായി ആന്റിന ലൈനുകള്‍ ഉണ്ടാവും. മുകളില്‍ ഇടത് ഭാഗത്തായി ഡ്യുവല്‍ ക്യാമറയുണ്ട്. ഇടത് ഭാഗത്ത് താഴത്തായി സാംസങിന്റെ ലോഗോയും നല്‍കിയിരിക്കുന്നു. ഇതേ ഭാഗത്ത് തന്നെയാണ് എസ് പെന്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള മാഗ്നറ്റിക് സ്ട്രിപ്പ് നല്‍കിയിരിക്കുന്നത്. മുന്‍ഭാഗത്ത് ഡിസ്‌പ്ലേയുടെ വലത് ഭാഗത്ത് മധ്യത്തിലായി സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു. 

ഫ്രെയിമിന്റെ വലത് ഭാഗത്തായാണ് പവര്‍ബട്ടനും വോളിയം ബട്ടനും നല്‍കിയിട്ടുള്ളത്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് താഴെയും നല്‍കിയിരിക്കുന്നു. മുകളിലും താഴെയുമായി നാല് സ്പീക്കര്‍ ഗ്രില്ലുകള്‍ നല്‍കിയിട്ടുണ്ട്. 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് ടാബില്‍ ഇല്ല. 

14.6 ഇഞ്ച് ഡിസ്‌പ്ലേ വലിപ്പത്തിലാണ് ഗാലക്‌സി ടാബ് എസ്8 അള്‍ട്ര പുറത്തിറങ്ങുക എന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ കനം കുറഞ്ഞ ഫ്രെയിം ആണ് സ്‌ക്രീനിന് നല്‍കിയിട്ടുള്ളത്. 2960 x 1848 പിക്‌സല്‍ റസലൂഷനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുമുള്ള ഒഎല്‍ഇഡി പാനല്‍ ആയിരിക്കും. 12000 എംഎഎച്ച് ബാറ്ററിയും 45 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ഇതിനുണ്ടാകുമെന്നും കരുതുന്നു.