ഗാലക്‌സി വാച്ച് ആക്റ്റിവ് 2 4ജി യുടെ അലൂമിനിയം എഡിഷന്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച് സാംസങ്. കമ്പനി ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ സ്മാര്‍ട് വാച്ച് ആണിത്. ഇനി എല്ലാ സ്മാര്‍ട് വാച്ചുകളും ഇന്ത്യയില്‍ തന്നെയാണ് നിര്‍മിക്കുകയെന്നും സാംസങ് പറഞ്ഞു. 

തങ്ങളുടെ ഏറ്റവും വിലക്കുറവിലുള്ള 4ജി വാച്ച് ആണ് ഗാലക്‌സി വാച്ച് ആക്റ്റിവ് 2 4ജി. ഇന്ത്യയില്‍ നിര്‍മിച്ച കമ്പനിയുടെ ആദ്യ സ്മാര്‍ട് വാച്ച്. ഇത് കൂടാതെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കമ്പനിയുടെ 18 സ്മാര്‍ട് വാച്ച് മോഡലുകളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സാംസങ് ഇന്ത്യയുടെ മൊബൈല്‍ ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് മോഹന്‍ദീപ് സിങ് പറഞ്ഞു. 

ഗാലക്‌സി വാച്ച് ആക്റ്റിവ് 2 4ജി അലൂമിനിയം എഡിഷന്‍

ഈ പുതിയ സ്മാര്‍ട് വാച്ചിന്  ക്ലൗഡ് സില്‍വര്‍, അക്വ ബ്ലാക്ക്, പിങ്ക് ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് പതിപ്പുകളാണുള്ളത്. 28,490 രൂപയാണ് ഇതിന്റെ വില. ജൂലായ് 11 മുതല്‍ വില്‍പന ആരംഭിക്കും. 

1.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും കോര്‍ണിങ് ഗ്ലാസ് ഡിഎക്‌സ് പ്ലസ് സംരക്ഷണവുമുള്ള വാച്ചിന് 30 ഗ്രാം ഭാരമുണ്ട്. ടൈസെന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. 1.5 ജിബി റാമില്‍ 4ജിബി ഇന്‍ ബില്‍റ്റ് സ്റ്റോറേജുണ്ട്. 

4ജി എല്‍ടിഇ, ബ്ലൂടൂത്ത് 5.0, വൈഫൈ, എന്‍എഫ്‌സി, ജിപിഎസ് തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങളും ആക്‌സിലറോമീറ്റര്‍, ബാരോമീറ്റര്‍, ഗൈറോ സെന്‍സര്‍, എച്ച്ആര്‍ സെന്‍സര്‍, ലൈറ്റ് സെന്‍സര്‍ എന്നിവയും വാച്ചിനുണ്ട്. 

വ്യായാമം നിരീക്ഷിക്കാനും, സംഗീതമാസ്വദിക്കാനും സാധിക്കും സ്‌പോടിഫൈയുമായി സഹകരിച്ച് വാച്ചില്‍ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

Content Highlights: samsung announced its first made in india smartwatch galaxy watch active2 4g