റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 43-ാം വാര്‍ഷിക ജനറല്‍ മീറ്റിങ് ആയിരുന്നു ബുധനാഴ്ച. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് ഇത്തവണ മീറ്റിങ് സംഘടിപ്പിച്ചത്. വേദിയില്‍ ജിയോ അവതരിപ്പിച്ച നൂതന സാങ്കേതിക വിദ്യാ ഉപകരണമാണ് ജിയോ ഗ്ലാസ്.

മിക്‌സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാഫിക് ലെന്‍സ് ആണ് ജിയോ ഗ്ലാസ്. കോണ്‍ഫറന്‍സ് കോള്‍, പ്രസന്റേഷനുകള്‍ പങ്കുവെക്കുക, ചര്‍ച്ചകള്‍ നടത്തുക തുടങ്ങി നിരവധി കാര്യങ്ങള്‍ ജിയോ ഗ്ലാസില്‍ സാധ്യമാണ്.

പ്ലാസ്റ്റിക്കില്‍ നിര്‍മിതമായ ഫ്രെയിം ആണ് ജിയോഗ്ലാസിന്. രണ്ട് ലെന്‍സുകളുടെയും മധ്യത്തിലായി ഒരു ക്യാമറയുണ്ട്. ലെന്‍സുകള്‍ക്ക് പുറകിലായാണ് മിക്‌സഡ് റിയാലിറ്റി സംവിധാനങ്ങള്‍ ഒരുക്കുന്ന സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഗ്ലാസിന്റെ രണ്ട് കാലുകളിലും സ്പീക്കറുകള്‍ ഉണ്ട്. 
 
75 ഗ്രാം ആണ് ജിയോ ഗ്ലാസിന് ഭാരം. ഇതിനൊപ്പം ലഭിക്കുന്ന കേബിള്‍ ഉപയോഗിച്ച് കമ്പനി പുതിയതായി പുറത്തിറക്കിയ എംആര്‍ ഗ്ലാസുകളുമായി ബന്ധിപ്പിക്കാം. സ്മാര്‍ട്‌ഫോണുമായി ബന്ധിപ്പിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുകയും ചെയ്യാം. 

സ്വന്തമായി ശബ്ദ സംവിധാനം ജിയോ ഗ്ലാസിനുണ്ട്. എല്ലാ തരം ശബ്ദ ഫോര്‍മാറ്റുകളും ഇത് പിന്തുണയ്ക്കും. എച്ച്ഡി ഗുണമേന്മയിലുള്ള ശബ്ദവും കേള്‍ക്കാം. നിലവില്‍ 25 ആപ്ലിക്കേഷനുകള്‍ ജിയോ ഗ്ലാസില്‍ ലഭ്യമാണ്. 

ജിയോ ഗ്ലാസ് ഉപയോഗിച്ച് ഹോളോ ഗ്രാഫിക് വീഡിയോ കോള്‍ ചെയ്യാനാവും. ഇതുവഴി ഫോണ്‍ വിളിക്കുന്നയാള്‍ക്ക് അയാളുടെ ഒരു ത്രിമാന രൂപത്തില്‍ സുഹൃത്തുക്കളോട് സംസാരിക്കാനാവും. പ്രസന്റേഷനുകളും സ്‌ക്രീനും പങ്കുവെക്കാനാവും. 

ശബ്ദനിര്‍ദേശങ്ങളിലൂടെ ഫോണ്‍വിളിക്കാന്‍ സാധിക്കും. ഇതിനായി അലെക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് പോലുള്ള വിര്‍ച്വല്‍ അസിസ്റ്റന്റ് സംവിധാനമാണ് ജിയോ ഉപയോഗിക്കുന്നത്. 

ജിയോ ഗ്ലാസ് ഉപയോഗിച്ച് വിര്‍ച്വല്‍ ക്ലാസുകള്‍ നടത്താം. ഗ്ലാസ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന വിര്‍ച്വല്‍ ക്ലാസ് മുറിയില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒന്നിച്ചിരിക്കാന്‍ സാധിക്കും. 

ജിയോ ഗ്ലാസിന്റെ വില എത്രയാണെന്നോ എന്ന് മുതല്‍ വില്‍പനയ്ക്ക് എത്തുമെന്നോ ഇതിന്റെ ബാറ്ററി സംബന്ധിച്ചോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 

Content Highlights: reliance jio glass announced what is it how ot works