ഷാവോമിയുടെ ഉപ-ബ്രാന്റായ റെഡ്മിയുടെ ആദ്യ ഫ്‌ളാഗ്ഷിപ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങുന്നു. റെഡ്മി കെ20  എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്‌ഫോണില്‍ മുന്‍നിര ഫീച്ചറുകളായിരിക്കും ഉണ്ടാവുക.

കെ20 എന്നാല്‍ 'കില്ലര്‍ 20'  എന്നാണ് അര്‍ത്ഥമാക്കുന്നത്. അതായത് പെര്‍ഫോമന്‍സിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കിടിലന്‍ ഫീച്ചറുകളുമായെത്തുന്ന സ്മാര്‍ട്‌ഫോണ്‍ ആയിരിക്കും കെ20 പരമ്പര ഫോണുകള്‍.

ഇഷന്‍ അഗര്‍വാള്‍ എന്നയാള്‍ റെഡ്മി കെ 20 എന്ന ഫോണ്‍ പുറത്തിറങ്ങാന്‍ പോവുന്നു എന്ന വിവരം ചോര്‍ത്തി പരസ്യമാക്കിയതിന് തൊട്ടുപിന്നാലെയാണ് കമ്പനി ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കെ20 ഫോണിന് ഒരു പ്രോ പതിപ്പ് ഉണ്ടാകുമെന്നും അഗര്‍വാള്‍ പറഞ്ഞിരുന്നു. എന്നാല്‍ രണ്ടൊമതൊരു ഫോണ്‍ സംബന്ധിച്ച് കമ്പനി സ്ഥിരീകരണം നടത്തിയിട്ടില്ല. 

ചൈനീസ് സോഷ്യല്‍ മീഡിയാ സേവനമായ വീബോ വഴിയാണ് റെഡ്മി പ്രഖ്യാപനം നടത്തിയത്. റെഡ്മിയുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണുകളെല്ലാം ഇനി 'കെ' പരമ്പരയില്‍ ഉള്‍പ്പെടുത്തിയാവും പുറത്തിറക്കുക. 

ഫോണിന്റെ സവിശേഷതകള്‍ സംബന്ധിച്ച് കമ്പനി മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇഷന്‍ അഗര്‍വാള്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ച് ഫാണിന് കെ20, കെ20 പ്രോ എന്നിങ്ങനെ രണ്ട് പതിപ്പുകളുണ്ടാവും. 

ഇക്കൂട്ടത്തില്‍ ഒന്ന് പോക്കോ എഫ്2 എന്ന പേരിലാണ് ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നും അഗര്‍വാള്‍ പറയുന്നു. 

4000 എംഎഎച്ച് ബാറ്ററിയും, 48 മെഗാപിക്‌സല്‍ ക്യാമറയും ഫോണിനുണ്ടാവുമെന്നും 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുണ്ടാവുമെന്നും സൂചനയുണ്ട്.

അതേസമയം റെഡ്മി കെ20 ഫോണിന് ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, സൂപ്പര്‍ വൈഡ് ആംഗിള്‍ ലെന്‍സ്, രണ്ട് ദിവസത്തെ ബാറ്ററി ലൈഫ് എന്നിവ ഉണ്ടായിരിക്കുമെന്നും ഫോണിന് പോപ്പ് അപ്പ് സെല്‍ഫി ക്യാമറ ഉണ്ടാവുമെന്നും കമ്പനിയുടെ ഭാഗത്ത് നിന്നും സ്ഥിരീകരണമുണ്ട്.

Content Highlights:Redmi Flagship Smartphone K20