റിയല്‍മിയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ ശ്രേണിയ്ക്ക് തുടക്കമിട്ടുകൊണ്ട് റിയല്‍മി യുവണ്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. മീഡിയ ടെക് ഹീലിയൊ പി 70 പ്രൊസസറുമായെത്തുന്ന ലോകത്തിലെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണ് റിയല്‍മി യുവണ്‍. സെല്‍ഫി ആരാധകര്‍ക്ക് വേണ്ടിയാണ് റിയല്‍മി യു എന്ന പുതിയ സ്മാര്‍ട്‌ഫോണ്‍ പരമ്പരയ്ക്ക് കമ്പനി തുടക്കമിടുന്നത്. 25 സെല്‍ഫി ക്യാമറയുമായെത്തുന്ന റിയല്‍മി യുവണിനെ സെല്‍ഫി പ്രോ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്.  റിയല്‍മി യുവണിന്റെ മൂന്ന് ജിബി റാം പതിപ്പിന് 11,999 രൂപയും നാല് ജിബി റാം ശേഷിയ്ക്ക് 14,499 രൂപയുമാണ് വില. 


ഡിസംബര്‍ അഞ്ച് മുതല്‍ വിപണിയില്‍

റിയല്‍മി യുവണ്‍ സ്മാര്‍ട്‌ഫോണ്‍ ഡിസംബര്‍ അഞ്ച് മുതല്‍ വില്‍പനയ്‌ക്കെത്തും. ആമസോണില്‍ ഫോണിന്റെ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. കറുപ്പ്, നീല, സ്വര്‍ണം എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. എസ്ബിഐ കാര്‍ഡുകള്‍ക്ക് അഞ്ച് ശതമാനം കാഷ്ബാക്കും, നോകോസ്റ്റ് ഇഎംഐ, റിലയന്‍സ് ജിയോയുടെ 4ടിബി ഡാറ്റാ ഓഫര്‍ എന്നിവ ഫോണിനൊപ്പം ഉപയോക്താക്കള്‍ക്ക് ലഭിക്കും.

സവിശേഷതകള്‍

2340x 1080 പിക്‌സല്‍ ഫുള്‍എച്ച്ഡിപ്ലസ് റസലൂഷനിലുള്ള 6.3 ഇഞ്ച് എല്‍സിഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. റിയല്‍മി 2 പ്രോ മാതൃകയില്‍ ഡ്യൂ ഡ്രോപ്പ് നോച്ച് ആണ് ഡിസ്‌പ്ലേയ്ക്ക് നല്‍കിയിട്ടുള്ളത്. നോച്ചില്‍ സെല്‍ഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നു.

മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ്, നാല് ജിബി റാം 64 ജിബി സ്‌റ്റോറേജ് പതിപ്പുകളില്‍ 256 ജിബി വരെയുള്ള എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. മെമ്മറി കാര്‍ഡിനും സിംകാര്‍ഡുകള്‍ക്കുമായി ഒരേ സ്ലോട്ട് ആണുള്ളത്. 

Realme U1ക്യാമറ 

മുമ്പ് സൂചിപ്പിച്ച പോലെ 25 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് ഫോണിന് നല്‍കിയിട്ടുള്ളത് സോണി ഐഎംഎക്‌സ് 576 സെന്‍സറാണിതില്‍ ഉപയോഗിച്ചത്. എഫ്2.0 അപ്പേര്‍ച്ചറും സെല്‍ഫി ക്യാമറയിലുണ്ട്. സെല്‍ഫി ക്യാമറയില്‍ ഫെയ്‌സ് അണ്‍ലോക്കിങ് സംവിധാനവുമുണ്ട്. 

13 മെഗാപിക്‌സലിന്റേയും രണ്ട് മെഗാപിക്‌സലിന്റേയും ഡ്യുവല്‍ റിയര്‍ ക്യാമറകളാണ് ഫോണിനുള്ളത്. ഫ്‌ളാഷ് ലൈറ്റും നല്‍കിയിരിക്കുന്നു.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 5.2 ആണ് ഫോണിലുള്ളത്. എം സെന്‍സര്‍, ജി സെന്‍സര്‍, ഗ്രാവിറ്റി സെന്‍സര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ലൈറ്റ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഫോണിനുണ്ട്.

Content Highlights: realme u1 smartphone launched with Mediatek Helio P70 chipset