ട്രൂ വയര്‍ലെസ് ഇയര്‍ബഡ് വിപണിയിലെ മത്സരം ശക്തമാവുകയാണ്. റിയല്‍മി, ഷാവോമി, ഓപ്പോ തുടങ്ങിയ കമ്പനികള്‍ക്ക് പിന്നാലെ വണ്‍പ്ലസും സ്വന്തം ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകള്‍ രംഗത്തിറക്കാനൊരുങ്ങുകയാണെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് വണ്‍പ്ലസ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. 

സഹസ്ഥാപനങ്ങളായ റിയല്‍മി, ഓപ്പോ എന്നിവരെ പോലെ തന്നെ ആപ്പിള്‍ എയര്‍പോഡ് മാതൃകയില്‍ തന്നെയുള്ള എയര്‍ബഡ് അവതരിപ്പിക്കാനാണ് വണ്‍ പ്ലസിന്റേയും ശ്രമമെന്ന് സൂചന നല്‍കുന്ന ഒരു ചിത്രം മാക്‌സ് ജെ. എന്നയാള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇത് സംബന്ധിച്ച് വണ്‍പ്ലസ് ഔദ്യോഗികമായി വിശദീകരണം നടത്തിയിട്ടില്ല. 

വണ്‍പ്ലസ് പുറത്തിറക്കാന്‍ പോകുന്ന വണ്‍പ്ലസ് സെഡ് സ്മാര്‍ട്‌ഫോണിനൊപ്പമായിരിക്കും പുതിയ എയര്‍ബഡ്‌സ് അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകള്‍. 5ജി പിന്തുണയോടെയുള്ള ഫോണ്‍ ആയിരിക്കും ഇത്. 

2018 ല്‍ ബുള്ളറ്റ്‌സ് വയര്‍ലെസ് ഇയര്‍ഫോണുകള്‍ അവതരിപ്പിച്ചാണ് വണ്‍ പ്ലസ് വയര്‍ലെസ് ശബ്ദോപകരണ രംഗത്തേക്ക് കടന്നുവന്നത്. കഴിഞ്ഞ വര്‍ഷം മേയില്‍ അതിന്റെ രണ്ടാം പതിപ്പായ ബുള്ളറ്റ്‌സ് വയര്‍ലെസ് 2 ഉം കമ്പനി പുറത്തിറക്കി. എന്നാല്‍ കഴിഞ്ഞ മാസം ബുള്ളറ്റ്‌സ് വയര്‍ലെസ് സെഡ് പുറത്തിറക്കുകയും ചെയ്തു.