ന്യൂഡല്‍ഹി: മിതമായ നിരക്കിലുള്ള സ്മാര്‍ട് ടിവികളുമായി ചൈനീസ് ബ്രാന്‍ഡായ വണ്‍ പ്ലസ്. യു സീരീസ്, വൈ സീരീസ് എന്നിങ്ങനെ രണ്ടുതരം ടെലിവിഷനുകളാണ് വണ്‍ പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 12,999 രൂപയിലാണ് ടിവിയുടെ വില തുടങ്ങുന്നത്. 

55 ഇഞ്ച് വലിയ പാനല്‍ വാഗ്ദാനം ചെയ്യുന്ന വണ്‍പ്ലസ് ടിവി യു സീരീസിന്റെ 4 കെ യുഎച്ച്ഡി ഡിസ്‌പ്ലേക്ക് 49,999 രൂപയാണ്. വണ്‍പ്ലസ് വൈ സീരീസിന് 43 ഇഞ്ച്, 32 ഇഞ്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളുണ്ട്. ഇവയ്ക്ക് യഥാക്രമം 22,999 രൂപ, 12,999 രൂപ എന്നിങ്ങനെയാണ് വില.

വണ്‍പ്ലസ് ടിവി വൈ സീരീസ് 32 ഇഞ്ച് ജൂലായ് 5 മുതല്‍ ആമസോണിില്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. വണ്‍പ്ലസ് ടിവി വൈ സീരീസ് 43 ഇഞ്ചും വണ്‍പ്ലസ് ടിവി യു സീരീസ് 55 ഇഞ്ചും ഉടന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.  ടിവിയില്‍ ഡോള്‍ബി അറ്റ്‌മോസിന്റെ 30 വാട്ട്, 4യൂണിറ്റ് സ്പീക്കര്‍ സിസ്റ്റമാണുള്ളത്. ആന്‍ഡ്രോയിഡ് 9 അടിസ്ഥാനമാക്കിയാണ് ടിവിയുടെ പ്രവര്‍ത്തനം.

32 ഇഞ്ച് 43 ഇഞ്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ വണ്‍പ്ലസ് വൈ സീരീസ് ലഭ്യമാകും. വണ്‍പ്ലസ് ടിവി വൈ സീരീസിന്റെ 43 ഇഞ്ച് വേരിയന്റില്‍ സ്‌ക്രീന്‍-ടു-ബോഡി അനുപാതം 90 ശതമാനം വരെയാണ്. 32 ഇഞ്ച് വേരിയന്റില്‍ സ്‌ക്രീന്‍-ടു-ബോഡി അനുപാതം 90 ശതമാനത്തിലധികവും വാഗ്ദാനം ചെയ്യുന്നു. 

'കൂടാതെ, നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവ ടിവിയില്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷം ടിവി ക്യു 1 സീരീസ് ആരംഭിച്ചതോടെയാണ് വണ്‍പ്ലസ് സ്മാര്‍ട്ട് ടിവി വ്യവസായത്തിലേക്ക് പ്രവേശിച്ചത്.

Content Highlights: Oneplus enters affordable TV segment with 2 new series