നോക്കിയ എസന്‍ഷ്യല്‍ വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ പുറത്തിറക്കി. 40 എംഎം ഡൈനാമിക് ഡ്രൈവറുകളുമായി ഓവര്‍ ദി ഇയര്‍ രൂപകല്‍പനയിലാണ് ഹെഡ്‌സെറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഇന്‍ബില്‍റ്റ് ബാറ്ററിയുമായെത്തുന്ന ഹെഡ്‌സെറ്റില്‍ ഒറ്റ ചാര്‍ജില്‍ 40 മണിക്കൂര്‍ പ്ലേബാക്ക് സമയം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

യൂണിവേഴ്‌സല്‍ വോയ്‌സ് അസിസ്റ്റന്റ് പിന്തുണയുള്ള ഹെഡ്‌സെറ്റില്‍ സിരി, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവ പ്രവര്‍ത്തിപ്പിക്കാം. ജൂലായില്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ച നോക്കിയ എസന്‍ഷ്യല്‍ ട്രൂ വയര്‍ലെസ് ഹെഡ്‌ഫോണുകളുടെ ഗ്ലോബല്‍ പതിപ്പാണ് നോക്കിയ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന എസന്‍ഷ്യല്‍ വയര്‍ലെസ് ഹെഡ്‌ഫോണ്‍.

യൂറോപ്യന്‍ വിപണിയില്‍ 59 യൂറോയാണ് (5156 രൂപ) നോക്കിയ എസന്‍ഷ്യല്‍ വയര്‍ലെസ് ഹെഡ്‌ഫോണിന് വില. നവംബര്‍ മുതല്‍ ആഗോള വിപണിയില്‍ ഇത് വില്‍പനയ്‌ക്കെത്തും. കറുപ്പ് നിറത്തിലുള്ള പതിപ്പ് മാത്രമാണ് ഈ ഹെഡ്‌ഫോണിനുള്ളത്. 

20 ഹെര്‍ട്‌സ് മുതല്‍ 20,000 ഹെര്‍ട്‌സ് വരെ ഫ്രീക്വന്‍സി റെസ്‌പോണ്‍സ് റേഞ്ച് ഹെഡെസ്റ്റില്‍ ലഭിക്കും. മികച്ച ബേസ് ഔട്ട്പുട്ടും ഇതിനുണ്ട്. ഇതിന്റെ ഹെഡ്ബാന്‍ഡ് മടക്കാനും സാധിക്കും.

ബ്ലൂടൂത്ത് 5.0 പിന്തുണയിലാണ് ഹെഡ്‌സെറ്റ് തയ്യാറാക്കിയിരിക്കുന്നത്. വയര്‍ കണക്റ്റ് ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നതിനായി ഒരു 3.5 എംഎം ഓഡിയോ ജാക്കും ചാര്‍ജിങിന് വേണ്ടി ഒരു മൈക്രോ യുഎസ്ബി പോര്‍ട്ടും ഹെഡ്‌സെറ്റിന് നല്‍കിയിട്ടുണ്ട്. 

500 എംഎഎച്ച് ആണ് ഇതിന്റെ ബാറ്ററി. മൂന്ന് മണിക്കൂര്‍ കൊണ്ട് മുഴുവന്‍ ചാര്‍ജ് ചെയ്താല്‍ 40 മണിക്കൂര്‍ നേരത്തേക്ക് വരെ ഇത് ഉപയോഗിക്കാനാവും. 197 ഗ്രാം ആണ് ഇതിന് ഭാരം.

Content Highlights: Nokia Essential Wireless Headphones E1200 launched