ഗോള സ്മാര്‍ട്ട് വാച്ച് വിപണിയില്‍ ചലനം സൃഷ്ടിക്കാനായി തയ്യാറെടുത്തിറങ്ങിയിരിക്കുകയാണ് മോട്ടോ. മോട്ടോ വാച്ച് 100 ( Moto Watch 100 ) കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്ഷമതയേറിയ ബാറ്ററി, മോട്ടോയുടെ തനതായ പുതിയ ഓപ്പറേറ്റിംങ് സിസ്റ്റം, ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡല്‍ എന്നിങ്ങനെയുള്ള പ്രത്യേകതകളോടെയാണ് വാച്ച് വിപണിയില്‍ എത്തുന്നത്.

മോട്ടോ 360 എന്ന വിജയകരമായ മോഡലിന് ശേഷം പുറത്തിറക്കുന്ന മോഡലാണ് മോട്ടോ വാച്ച് 100. ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള, പഴയ സ്മാര്‍ട് വാച്ച് മോഡലുകളില്‍ ഉപയോഗിച്ചിരുന്ന ഗൂഗിളിന്റെ വെയര്‍ ഒഎസ് (Wear OS)-ന് പകരം പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ മോട്ടോ ഒഎസ് (Moto OS) അവതരിപ്പു. രണ്ട് ആഴ്ചയോളം നീണ്ടു നില്‍ക്കുന്ന മെച്ചപ്പെട്ട ബാറ്ററി ക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. ഒന്നിലധികം സ്ട്രാപ്പ് ഓപ്ഷനുകളോടെയാണ് വാച്ച് പുറത്തിറക്കിയിരിക്കുന്നത്.

42എംഎം വരുന്ന സിംഗിള്‍ അലൂമിനിയം കെയ്സോട് കൂടിയ 1.3 ഇഞ്ചിന്റെ വൃത്താകൃതിയിലുള്ള എല്‍സിഡി ഡിസ്‌പ്ലേ ആണ് വാച്ചിനുള്ളത്. എഓഡി ( ഓള്‍വേയ്‌സ് ഓണ്‍ ഡിസ്‌പ്ലേ) എന്ന സവിശേഷതയും വാച്ചില്‍ അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ, 26 സ്‌പോര്‍ട്‌സ് മോഡുകള്‍, രക്തത്തിലെ ഓക്‌സിജന്റെ അളവ് അറിയാനുള്ള എസ്പിഓ2 (SPO2) ട്രാക്കര്‍, ഹൃദയമിടിപ്പ് നിരീക്ഷിക്കാനുള്ള ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ്, ആക്‌സിലറോമീറ്റര്‍, 20 എംഎം വലിപ്പത്തിലുള്ള സ്ട്രാപ്പ് എന്നിങ്ങനെയുള്ള സവിശേഷതകളും വാച്ചിനുണ്ട്. വേറെ തേഡ് പാര്‍ട്ടി ആപ്പുകളും വാച്ചിനൊപ്പം ഉപയോഗിക്കാം എന്നും കമ്പനി വ്യക്തമാക്കുന്നു.

അഞ്ച് എടിഎം വാട്ടര്‍ റെസിസ്റ്റന്‍സ് ആണ് വാച്ചിന് നല്‍കിയിരിക്കുന്നത്. കൂടാതെ മികച്ച കണക്റ്റിവിറ്റിക്കായി ജിപിഎസ്, ഗ്ലോനാസ് (GLONASS), ബെയ്‌ദോ (BeiDou) എന്നിവയും ബ്ലൂടൂത്ത് വേര്‍ഷന്‍ 5.0 ഉം ഉപയോഗിക്കുന്നു. 355 mAh ബാറ്ററിയാണ് മോട്ടോ വാച്ച് 100-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 1 മണിക്കൂറെടുക്കുമെന്നും ഒറ്റ ചാര്‍ജില്‍ 2 ആഴ്ചയോളം നീണ്ട ബാറ്ററി ക്ഷമത ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. വാച്ചിന് 45.8 ഗ്രാം ഭാരവും 42x46x11.9 മിമി വലിപ്പവും ഉണ്ട്.

മോട്ടോ വാച്ച് 100 യുഎസില്‍  $99.99 എന്ന പ്രൈസ് ടാഗോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ അത് ഏകദേശം 7450/- രൂപ വിലവരും. മോട്ടറോളയില്‍ നിന്നുള്ള ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് വാച്ചാണിത്. ഗ്ലേസിയര്‍ സില്‍വര്‍, ഫാന്റം ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട് വാച്ച് ലഭ്യമാക്കിയിരിക്കുന്നത്. യുഎസ് പോലെയുള്ള രാജ്യങ്ങളിലുള്ള ഉപയോക്താക്കള്‍ക്ക് വേണ്ടി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഇതിനോടകം ഒരുക്കി കഴിഞ്ഞു. രണ്ട് വര്‍ഷത്തെ വാറണ്ടിയാകും വാച്ചിന് ലഭിക്കുക.

മോട്ടോ വാച്ച് 100 നിലവില്‍ യുഎസിലും മറ്റ് പ്രദേശങ്ങളിലുമാണ് ഔദ്യോഗികമായി അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യയുള്‍പ്പെടെയുള്ള മറ്റ് വിപണികളിലേക്ക് സ്മാര്‍ട്ട് വാച്ച് അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ  മോട്ടറോള ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Content Highlight : The All New Moto Watch 100 launched with latest Moto OS and 2-weeks of battery life