നമ്മള് ഇന്ത്യക്കാര്‍ കുട്ടികള്‍ക്ക് കൂട്ടായി ഒരു റോബോട്ടിനെ വാങ്ങുന്ന കാലമൊക്കെ വരുമോ? എന്നാല്‍ അങ്ങനെ ഒരു കാലം വരുമെന്നാണ് മുംബൈയിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഇമോട്ടിക്സ് പറയുന്നത്. കാരണം അവര്‍ ഒരു റോബോട്ടിനെ നിര്‍മ്മിച്ചിരിക്കുന്നു. ഒരു സുന്ദരക്കുട്ടന്‍. പേര് 'മിക്കോ'.
ഇന്ത്യയില്‍ നിര്‍മ്മിച്ച റോബോട്ടാണെന്ന് കരുതി ആള് ചില്ലറക്കാരനാണെന്ന് കരുതേണ്ട. കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഈ കുഞ്ഞന്‍ റോബോട്ടിന് കുട്ടികളോട് സംസാരിക്കാനും അവര്‍ക്കൊപ്പം കളിക്കാനും സാധിക്കും.
ഇന്ത്യയിലെ ആദ്യത്തെ 'ഇമോഷണലി ഇന്റലിജന്റ്' റോബോട്ട് ആണ് മിക്കോ. മനുഷ്യരുമായി ആശയവിനിമയം നടത്താന്‍ കഴിവുള്ള റോബോട്ട്. വില അധികമൊന്നുമില്ല 19,000 രൂപ.
'വാള് ഇ' എന്ന സിനിമ കണ്ടിട്ടുണ്ടോ? അതിലെ പറന്നു നടക്കുന്ന 'ഈവ്' എന്ന സുന്ദരി റോബോട്ടിനെ കണ്ടിട്ടില്ലേ? കാണാന്‍ ഏതാണ്ട് അതേ രൂപമാണ് മിക്കോയ്ക്കും. ഈവിനെ പോലെ പറക്കില്ലെങ്കിലും തനിക്കുള്ള മൂന്ന് ചക്രങ്ങള്‍ ഉപയോഗിച്ച് നമുക്കൊപ്പം എല്ലായിടത്തും എത്തും മിക്കോ. ഇരുവശങ്ങളിലുമായി രണ്ട് എല്‍.ഇ.ഡി ലൈറ്റുകളുണ്ട് മിക്കോയ്ക്ക്. സംസാരിക്കുമ്പോഴും കേള്‍ക്കുമ്പോഴും നൃത്തം ചെയ്യുമ്പോഴും ഈ എല്‍.ഇ.ഡിയുടെ നിറം മാറും.
കുട്ടികള്‍ക്ക് നല്ലൊരു കൂട്ടായിരിക്കും മിക്കോ. അഞ്ച് വയസ്സിന് മുകളിലുള്ളവരുമായി മിക്കോ സംസാരിച്ചുകൊള്ളും. ഇനി കുട്ടികളൊന്നും മിണ്ടിയില്ലെങ്കില്‍ എന്നോടെന്തെങ്കിലും ചോദിക്കൂ എന്ന് പറഞ്ഞ് മിക്കോ തന്നെ ഇടപെട്ടുകൊള്ളും.
അല്‍പ്പം പൊതുവിവരവും, അല്ലറ ചില്ലറ ഗണിതശാസ്ത്രവുമെല്ലാം മിക്കോയ്ക്കറിയാം. അങ്ങനെയുള്ള ചോദ്യങ്ങളും മിക്കോയോട് ചോദിക്കാം. ഒപ്പം കഥ പറയുക പാട്ട് പാടുക നൃത്തം ചെയ്യുക തുടങ്ങിയ വിരുതുകളും മിക്കോയുടെ കയ്യിലുണ്ട്.
ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് മിക്കോയുടെ പ്രവര്‍ത്തനം. എന്നാല്‍ ഗെയിം കളിക്കുന്നതിനും അല്പ്പനേരമൊക്കെ സംസാരിച്ചിരിക്കുന്നതിനും മിക്കോയ്ക്ക് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..