ഴിഞ്ഞ കുറച്ച് ആഴ്ചകളായി മൈക്രോസോഫ്റ്റ് തങ്ങളുടെ പുതിയ ഉല്‍പ്പന്നമായ സര്‍ഫെയ്‌സ് ഡ്യുവോയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുന്നു. അമേരിക്കയുടെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ വെബ്‌സൈറ്റിലാണ് മൈക്രോസോഫ്റ്റിന്റെ ഈ ആന്‍ഡ്രോയിഡ് ഉപകരണം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇന്ന് ബ്ലൂടൂത്ത് എസ്‌ഐജി സര്‍ട്ടിഫിക്കേഷന്‍ പേജിലും സര്‍ഫെയ്‌സ് ഡ്യുവോ പ്രദര്‍ശിപ്പിക്കപ്പെട്ടു. 

രണ്ട് സ്‌ക്രീനുകളുള്ള ഈ ഫാബ് ലെറ്റ് പുറത്തിറക്കാന്‍ ഒരുങ്ങുന്നതിന്റെ സൂചനയാണ് ഇതെന്നാണ് കരുതുന്നത്. ചില ട്വിറ്റര്‍ അക്കൗണ്ടുകളിലും സര്‍ഫെയ്‌സ്  ഡ്യുവോയുടെ ചിത്രം ട്വീറ്റ് ചെയ്യപ്പെട്ടു. സാധാരണ പുറത്തിറക്കാന്‍ കുറച്ച് ആഴ്ചകള്‍ മാത്രമുള്ളപ്പോഴാണ് എഫ്‌സിസി, ബ്ലൂടൂത്ത് വെബ്‌സൈറ്റുകളില്‍ ഉപകരണങ്ങള്‍ പ്രത്യക്ഷപ്പെടാറ്. 

ജൂലായില്‍ തന്നെ സര്‍ഫെയ്‌സ് ഡ്യുവോ പുറത്തിറക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ജൂലായ് മാസം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അതിന് സാധ്യതയില്ല.  എന്നാല്‍ വരുന്ന ആഴ്ചകളില്‍ എന്നെങ്കിലും സര്‍ഫെയ്‌സ് ഡ്യുവോ ഔദ്യോഗികമായി വിപണിയ്ക്ക് പരിചയപ്പെടുത്തിയേക്കും. 

സര്‍ഫെയ്‌സ് ഡ്യുവോയിലും മറ്റ് ഡ്യുവല്‍ സ്‌ക്രീന്‍ ഉപകരണങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു മൈക്രോസോഫ്റ്റിന്റെ പദ്ധതിയെന്ന് ഈ ഈ വര്‍ഷം ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് അത് ഒഴിവാക്കുകയായിരുന്നു. സര്‍ഫെയ്‌സ് ഡ്യുവോയെ കൂടാതെ രണ്ട്‌സ്‌ക്രീനുകളുള്ള വിന്‍ഡോസ് ഉപകരണവും മൈക്രോസോഫ്റ്റിന്റ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 

അതേസമയം പല ഡെവലപ്പര്‍മാര്‍ക്കും സര്‍ഫെയ്‌സ് ഡ്യുവോ നേരത്തെ തന്നെ കിട്ടിയിട്ടുണ്ട്. കൊറോണ വ്യാപനം തടസമായെങ്കിലും വരുന്ന സെപ്റ്റംബര്‍ അവസാനത്തോടെ അത് വിപണിയിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Content Highlights: Microsoft’s Surface Duo may launch in coming weeks