ഷാവോമിയുടെ പുതിയ എംഐ ബാന്‍ഡ് 3ഐ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1299 രൂപയാണ് വില. എംഐ ബാന്‍ഡ് എച്ച്ആര്‍എക്സിന്റെ പിന്‍ഗാമിയാണ് പുതിയ പതിപ്പ്. അമോലെഡ് ടച്ച് ഡിസ്പ്ലേ, സ്റ്റെപ്പ് ആന്റ് കലോറി കൗണ്ടര്‍, വാട്ടര്‍ റസിസ്റ്റന്‍സ് തുടങ്ങിയവ എംഐ ബാന്‍ഡ് 3ഐയുടെ മുഖ്യ സവിശേഷതകളാണ്.
128 x 80 പിക്സല്‍ റസലൂഷനിലുള്ള 0.78 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേ ആണിതിന്. വിരലടയാളം പതിയാതിരിക്കാനുള്ള ആന്റി ഫിംഗര്‍പ്രിന്റ് കോട്ടിങ് ഡിസ്പ്ലേ മങ്ങാതിരിക്കാന്‍ സഹായിക്കും.
110 എംഎഎച്ച് ബാറ്ററിയാണ് എംഐ ബാന്റ് 3ഐ യില്‍ ഉള്ളത്. എംഐ ബാന്‍ഡ് എച്ച്ആര്എക്സില് 70 എംഎഎച്ച് ബാറ്ററിയായിരുന്നു. പുതിയ എംഐ ബാന്‍ഡില്‍ 20 ദിവസത്തോളം ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സ്റ്റെപ്പ് ട്രാക്കിങ് കലോറി ട്രാക്കിങ് സൗകര്യത്തിനൊപ്പം മൊബൈല്‍ നോട്ടിഫിക്കേഷനുകള്‍ കാണാനുള്ള സൗകര്യവും എംഐ ബാന്‍ഡ് 3ഐയിലുണ്ട്. ഒപ്പം ഫോണ്‍കോള്‍ കട്ട് ചെയ്യാനും ഇത് ഉപയോഗിച്ച് സാധിക്കും.
'ഫൈന്റ് ഡിവൈസ്' ആണ് എംഐ ബാന്‍ഡിലെ മറ്റൊരു ഫീച്ചര്‍. ബാന്‍ഡുമായി ബന്ധിപ്പിച്ച ഫോണ്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ഈ സംവിധാനം ഉപയോഗിച്ച് സാധിക്കും.
കാലാവസ്ഥാ മുന്നറിയിപ്പ്, അലാറം, ഇവന്റ് റിമൈന്ററുകള്‍, സ്ലീപ്പ് ക്വാളിറ്റി മോണിറ്റര്‍ എന്നിവയും ഇതില്‍ ലഭ്യമാണ്.
50 മീറ്റര്‍ വരെ ആഴത്തില്‍ വാട്ടര്‍ റസിസ്റ്റന്‍സുള്ള ഉപകരണമാണിത്. അതിനാല്‍ നീന്തുമ്പോഴും, മഴയത്തും, കുളിക്കുമ്പോഴുമെല്ലാം ധൈര്യമായി ഇത് ഉപയോഗിക്കാം.
ഓടുക, നടക്കുക, സൈക്കിളോടിക്കുക, ട്രെഡ്മില് ഉപയോഗിക്കുക തുടങ്ങിയവയ്ക്കിടയിലും എംഐ ബാന്‍ഡ് ഉപയോഗപ്പെടുത്താം. ഇതെല്ലാം ഉണ്ടെങ്കിലും മുന്‍ഗാമിയായ എംഐ ബാന്‍ഡ് എച്ച്ആര്എക്സില് ഉണ്ടായിരുന്ന ഹാര്‍ട്ട്റേറ്റ് മോണിറ്റര്‍ പുതിയ പതിപ്പിലില്ല.