പത്തുവര്‍ഷം മുമ്പാണ് ആപ്പിള്‍ കമ്പനി 'മാക്ബുക്ക്' എന്ന പേരില്‍ ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ അവതരിപ്പിച്ചത്. മാക്ബുക്ക് എയര്‍, മാക്ബുക്ക് പ്രോ എന്ന പേരുകളില്‍ പല വര്‍ഷങ്ങളായി ആപ്പിള്‍ ഇതിന്റെ പുത്തന്‍ പതിപ്പുകള്‍ പുറത്തിറക്കി. ഇപ്പോഴിതാ മാക്ബുക്ക് പ്രോ 2016 ( MacBook Pro 2016 ) എന്ന പേരില്‍ ഇതേ ലാപ്‌ടോപ്പിന്റെ ഏറ്റവും പുതിയ വെര്‍ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

മുന്‍ഗാമികളായ ലാപ്‌ടോപ്പുകളേക്കാള്‍ വലിപ്പത്തിലും കനത്തിലും പിന്നിലാണ് മാക്ബുക്ക് പ്രോ 2016. കനം 14.99 മില്ലിമീറ്റര്‍, ഭാരം 1.37 കിലോഗ്രാം. 13 ഇഞ്ച്, 15 ഇഞ്ച് എന്നിങ്ങനെ രണ്ട് സ്‌ക്രീന്‍ വലിപ്പത്തില്‍ മാക്ബുക്ക് പ്രോ വില്‍പ്പനയ്ക്കുണ്ട്. സ്‌പേസ് ഗ്രെ, സില്‍വര്‍ നിറങ്ങളിലാണ് ഈ ലാപ്‌ടോപ്പ് പുറത്തിറങ്ങുന്നത്. പൂര്‍ണമായും അലൂമിനിയം ബോഡിയാണിതിനുള്ളത്. 

രണ്ട് ഗിഗാഹെര്‍ട്‌സ് ശേഷിയുളള ഇന്റലിന്റെ ആറാം തലമുറ 'സ്‌കൈലേക്ക്' കോര്‍ ഐ5 പ്രൊസസറാണ് 13 ഇഞ്ച് മോഡലിലുളളത്. 15 ഇഞ്ച് മോഡലിലാകട്ടെ 2.9 ഗിഗാഹെര്‍ട്‌സ് ശേഷിയുളള ഇതേ പ്രൊസസര്‍ ഉപയോഗിച്ചിരിക്കുന്നു. രണ്ട് മോഡലുകളിലും എട്ട് ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണുളളത്. 

MacBook Pro

2560X1600 പിക്‌സല്‍ റിസൊല്യൂഷനുളള സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് 13 ഇഞ്ച് മോഡലിലുള്ളത്. മാക് ഒഎസ് സിയറ പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പില്‍ ടച്ച്‌സ്‌ക്രീന്‍ സൗകര്യം നല്‍കുന്ന ടച്ച്ബാര്‍ സംവിധാനം, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയുമുണ്ട്. 

കണക്ടിവിറ്റിക്കായി ബ്ലൂടൂത്ത്, വൈഫൈ സംവിധാനങ്ങളുള്ള മാക്ബുക്ക് പ്രോയ്ക്ക് തുടര്‍ച്ചയായ 10 മണിക്കൂറാണ് ആപ്പിള്‍ അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. 13 ഇഞ്ച് വെര്‍ഷന് 1799 ഡോളറും (119,969 രൂപ) 15 ഇഞ്ച് വെര്‍ഷന് 2799 ഡോളറുമാണ് (186,665 രൂപ) വില. 

മാക്ബുക്ക് പ്രോ എന്നാണ് പേരെങ്കിലും പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ഈ പുത്തന്‍ ലാപ്‌ടോപ്പ് മോഡലിന് സാധിക്കില്ലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. എസ്ഡി കാര്‍ഡ് സ്ലോട്ട് ഇല്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

മാക്ബുക്ക് പ്രോയുടെ ആരാധകരായ പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്. ക്യാമറയിലെടുക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്ന് ലാപ്‌ടോപ്പിലേക്ക് മാറ്റാന്‍ അവര്‍ക്ക് എസ്ഡി കാര്‍ഡ് സ്ലോട്ട് കൂടിയേ തീരൂ. അഡാപ്റ്ററോ യുഎസ്ബി ടൈപ്പ് സി കേബിളോ ഉപയോഗിച്ച് പടങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാമെങ്കിലും എസ്ഡി കാര്‍ഡ് സ്ലോട്ടിന്റെ സൗകര്യം ലഭിക്കില്ല. 

എസ്ഡി കാര്‍ഡ് സ്ലോട്ടിനൊപ്പം എച്ച്ഡിഎംഐ പോര്‍ട്ട്, പഴയ രീതിയിലുള്ള യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയും പുതിയ മാക്ബുക്ക് പ്രോയിലില്ല. ഹെഡ്‌ഫോണ്‍ ജാക്ക്, തണ്ടര്‍ബോള്‍ട്ട് 2, രണ്ട് ടൈപ്പ് സി യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവ മാത്രമേ ഈ ലാപ്‌ടോപ്പിലുള്ളൂ. 

MacBook Pro
 
സുഖകരമായി ടൈപ്പ് ചെയ്യാന്‍ പറ്റിയ കീബോര്‍ഡ് ആവശ്യമുളള എഴുത്തുകാരെ, ടിവിയിലേക്കും പ്രൊജക്ടറിലേക്കും ലാപ്‌ടോപ്പ് കണക്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന എക്‌സിക്യുട്ടീവുകളെ, കൂടുതല്‍ ഗ്രാഫിക്‌സ് കരുത്ത ആവശ്യമുളള വീഡിയോ എഡിറ്റര്‍മാരെ, പെന്നോ ടച്ച് സ്‌ക്രീനോ ഉപയോഗിച്ച് ജോലി ചെയ്യുന്ന ഗ്രാഫിക് ഡിസൈനര്‍മാരെ-ഇവരെയെല്ലാം പുതിയ മാക്ബുക്ക് പ്രോ നിരാശപ്പെടുത്തിയേക്കാം. 

ഇതിനൊക്കെ പ്രത്യേകമായി യുഎസ്ബി അഡാപ്റ്ററുകളോ വിജിഎ ഡോങ്കിളുകളോ ഉപയോഗിക്കേണ്ടിവരും എന്നതിനാലാണിത്. അതുകൊണ്ടാണ് അത്ര പ്രൊഫഷനല്ല ആപ്പിളിന്റെ ഈ പ്രൊഫഷനല്‍ ലാപ്‌ടോപ്പ് എന്ന് പരാതി ഉയരുന്നത് (ചിത്രങ്ങള്‍ കടപ്പാട്: ദി വെര്‍ജ്).