Light L16 camera

സംഭവം പോയന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയാണ്, വെറുമൊരു സ്മാര്‍ട്ട്‌ഫോണിന്റെ വലിപ്പമേയുള്ളൂ. എന്നാല്‍, 16 ലെന്‍സുണ്ട് അതില്‍. ആ ലെന്‍സുകളെല്ലാം ഏകോപിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ 52 മെഗാപിക്‌സല്‍ ദൃശ്യങ്ങള്‍ ലഭിക്കും! 

'ലൈറ്റ്' ( Light ) കമ്പനി പുറത്തിറക്കുന്ന തികച്ചും വ്യത്യസ്തമായ ക്യാമറയാണ് 'എല്‍ 16'. ഇതുവരെ കാണാത്ത ക്യാമറ ഡിസൈന്‍. ഈ ക്യാമറ 'ഫോട്ടോഗ്രാഫി രംഗത്ത് വിപ്ലവം സൃഷ്ടിക്കു'മെന്ന്, കമ്പനി അവകാശപ്പെടുന്നു. 

Light L16 camera

16 വ്യത്യസ്തക്യാമറകള്‍ ഒറ്റ ബോഡിയിലേക്ക് കുടിയിരുത്തിയാല്‍ എങ്ങനെയാണോ, അതുപോലെയാണ് എല്‍ 16 പ്രവര്‍ത്തിക്കുക! ഡിഎസ്എല്‍ആര്‍ നിലവാരമുള്ള ഫോട്ടോകള്‍, വെറുമൊരു സ്മാര്‍ട്ട്‌ഫോണിന്റെ വലിപ്പമുള്ള ക്യാമറയുപയോഗിക്കുമ്പോള്‍ ലഭിക്കാനാണ് 'ലൈറ്റ് എല്‍ 16' ( Light L16 ) വഴിയൊരുക്കുന്നത്. 

2016 സപ്തംബറില്‍ വിപണിയിലെത്തുമെന്ന് കരുതുന്ന എല്‍ 16 ക്യാമറയ്ക്ക് പക്ഷേ, വില അല്‍പ്പം കൂടുതലാണ്; 1700 ഡോളര്‍ (ഏതാണ്ട് 1.1 ലക്ഷം രൂപ). 

Light L16 camera

എല്‍ 16 ക്യാമറയിലെ ലെന്‍സുകളില്‍ അഞ്ചെണ്ണം 35 എംഎം ആണ്, അഞ്ചെണ്ണം 70 എംഎം ലെന്‍സുകളും. ബാക്കിലുള്ള ആറെണ്ണം 150 എംഎം ലെന്‍സുകളാണ് (ടെലിഫോട്ടോ ലെന്‍സുകള്‍).  

ഫോട്ടോയെടുക്കുമ്പോള്‍ ക്യാമറയിലെ 16 വ്യത്യസ്ത ലെന്‍സുകളില്‍ പത്തെണ്ണം ദൃശ്യത്തിന്റെ വിശദാംശങ്ങള്‍ നിശ്ചയിക്കപ്പെട്ട വ്യത്യസ്ത ഫോക്കല്‍ ദൂരങ്ങളില്‍ പകര്‍ത്തിയെടുക്കും. 

35 എംഎം മുതല്‍ 150 എംഎം വരെയുള്ള ഫോക്കല്‍ ദൂരങ്ങളില്‍ പകര്‍ത്തപ്പെടുന്ന ദൃശ്യങ്ങളിലെ വിശദാംശങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് 52 മെഗാപിക്‌സല്‍ ദൃശ്യം ലഭിക്കുന്നത്. അങ്ങനെ ക്യാമറയില്‍ പതിയുന്ന ദൃശ്യത്തിന്റെ ഡെപ്ത്, ഫോക്കസ്, എക്‌സ്‌പോഷര്‍ തുടങ്ങിയവയില്‍ യൂസര്‍ക്ക് മാറ്റംവരുത്താനും കഴിയും. 

Light L16 camera
എല്‍ 16 ക്യാമറയുപയോഗിച്ച് പകര്‍ത്തിയ ദൃശ്യം

 

35-150 എംഎം ഓപ്ടിക്കല്‍ സൂമും ക്യാമറയിലുണ്ട്. കുറഞ്ഞ വെട്ടത്തില്‍ മകച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ക്യാമറയ്ക്കാകുമെന്ന് കമ്പനി പറയുന്നു. 

Light L16 camera
ക്യാമറയില്‍ അഞ്ചിഞ്ച് ടച്ച്‌സ്‌ക്രീനുണ്ട്

 

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറയില്‍ അഞ്ചിഞ്ച് ടച്ച്‌സ്‌ക്രീനുണ്ട്. ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും, ഇന്‍ ബില്‍റ്റ് വൈഫൈ വഴി ഫോട്ടോകള്‍ ഷെയര്‍ ചെയ്യാനും സ്‌ക്രീന്‍ സഹായിക്കും.