ന്യൂഡല്‍ഹി: ഫോട്ടോഗ്രഫിയില്‍ പുതിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ജര്‍മ്മന്‍ മുന്‍നിര ക്യാമറാ നിര്‍മ്മാതാക്കളും ഒപ്റ്റിക്‌സ് ബ്രാന്റുമായ ലെയ്ക ഇന്ത്യയില്‍ ആദ്യത്തെ വില്‍പന കേന്ദ്രം ആരംഭിച്ചു. ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലാണ് ലെയ്ക രാജ്യത്തെ ആദ്യ പാര്‍ട്‌നര്‍ സ്റ്റോര്‍ ആരംഭിച്ചത്. മെട്രോ നഗരങ്ങളില്‍ തുടങ്ങി രാജ്യത്താകമാനം വിപണി വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ലെയ്കയുടെ എം10 മുതല്‍ ലെയ്ക ക്യൂ വരെയുള്ള മുന്‍നിര ക്യാമറകളും അനുബന്ധ ഉപകരണങ്ങളും പുതിയ സ്റ്റോറില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കമ്പനി അടുത്തിടെ പുറത്തിറക്കിയ ക്ലാസിക് ഡിസൈനോടു കൂടിയ ലെയ്ക സിഎല്‍ മിറര്‍ലെസ് ക്യാമറ ഡിസംബറില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്നാണ് വിവരം.

പത്രഫോട്ടോഗ്രാഫര്‍മാര്‍, ഫാഷന്‍ ഫോട്ടോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കിടയില്‍ ഏറെ പ്രീതിയുള്ള ബ്രാന്റാണ് ലെയ്ക. മൂല്യമേറിയതും, കൈകൊണ്ട് നിര്‍മ്മിച്ചവയുമായ ക്യാമറകള്‍ അവതരിപ്പിക്കുന്നതിലൂടെയും ലെയ്ക വ്യത്യസ്തമാവുന്നു. മികച്ച ഗുണമേന്മയുള്ളതും ഈടുനില്‍ക്കുന്നതുമായ ക്യാമറകള്‍ പുറത്തിറക്കുന്നുവെന്ന ഖ്യാതിയും ലെയ്കയ്ക്കുണ്ട്. 

25000 രൂപയുള്ള എന്‍ട്രി-ലെവല്‍ ക്യാമറ മുതല്‍, അഞ്ച് കോടി രൂപ വരെ വിലയുള്ള പ്രൊഫഷണല്‍ ക്യാമറകളായിരിക്കും ലെയ്ക ഇന്ത്യയില്‍ അവതരിപ്പിക്കുക.  

ജര്‍മ്മനിയിലെ വെസ്ലര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെയ്ക ക്യാമറ എജി യ്ക്ക് ഓസ്‌ട്രേലിയ, ചൈന, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സിങ്കപ്പൂര്‍, ദക്ഷിണ കൊറിയ, ബ്രിട്ടന്‍, അമേരിക്ക എന്നിവടങ്ങളിലും ശാഖകളുണ്ട്.