ലെനോവോയ്ക്കും ഷവോമിക്കും ശേഷം ഇന്ത്യക്കാര്‍ക്കിടയില്‍ വമ്പന്‍ സ്വീകാര്യത ലഭിച്ച മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് കമ്പനിയാണ് ലെഇക്കോ ( LeEco ). മമ്പ് ലെടിവി എന്ന പേരില്‍ സ്മാര്‍ട്‌ഫോണുകളിറക്കിയ കമ്പനി അടുത്തയിടെ ലെഇക്കോ എന്ന പുതിയ പേര് സ്വീകരിക്കുകയായിരുന്നു. ലെ ഇക്കോസിസ്റ്റം എന്നതിന്റെ ചുരുക്കപ്പേരാണ് ലെഇക്കോ.
ലെഇക്കോ രാജ്യത്തവതരിപ്പിച്ച ലെ വണ്‍ എസ് എന്ന സ്മാര്‍ട്‌ഫോണ്‍ വില്പനയില്‍ റെക്കോഡ് സൃഷ്ടിച്ചിരുന്നു. ലെഇക്കോ വണ്‍ എസിന്റെ പുതുക്കിയ പതിപ്പായ വണ്‍ എസ് ഇക്കോയ്ക്ക് ആദ്യ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം ഓണ്‍ലൈന്‍ ഓര്‍ഡറുകളാണ് ലഭിച്ചത്.
ഈ വില്പനക്കണക്കുകള്‍ നല്‍കിയ ആത്മവിശ്വാസവുമായി ഒരുപിടി ആക്‌സസറികള്‍ ഇന്ത്യയില്‍ വില്പനയ്‌ക്കെത്തിച്ചിരിക്കുകയാണ് ലെഇക്കോ ഇപ്പോള്‍. ലെമീ എന്ന പേരില്‍ ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍, ഓള്‍മെറ്റല്‍ ഇയര്‍ഫോണുകള്‍, റിവേഴ്‌സ് ഇന്‍ ഇയര്‍ഫോണുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍ എന്നിവയാണ് കമ്പനിയുടേതായി ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്. ഇവയുടെ വില്പനയ്ക്കായി 'ലെ മാള്‍' എന്ന പേരില്‍ ഓണ്‍ലൈന്‍ സ്‌റ്റോറും ലെഇക്കോ തുടങ്ങിയിട്ടുണ്ട്.
2,499 രൂപ വിലയുള്ള ലെമീ ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ ചുവപ്പ്, വെള്ള, പിങ്ക്, ഓറഞ്ച് നിറങ്ങളിലാണെത്തുക. 40 മില്ലിമീറ്റര്‍ വലിപ്പമുള്ള കോയില്‍ ഡ്രൈവറുകളാണ് ഹെഡ്‌സെറ്റിനുള്ളില്‍. മികച്ച ബാസ് ലഭിക്കും എന്നതാണ് ഇതുകൊണ്ടുള്ള ഗുണം.
ബ്ലുടൂത്ത് 4.1 കണക്ടിവിറ്റിയുള്ള ലെഇക്കോ ഹെഡ്‌സെറ്റില്‍ 195 എംഎഎച്ച് ബാറ്ററിയാണുള്ളത്. തുടര്‍ച്ചയായ പത്തുമണിക്കൂര്‍ സംസാരസമയം/പത്തു മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക്, 26 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ എന്നിവയാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്. രണ്ടു മണിക്കൂറിനുള്ളില്‍ ഫുള്‍ചാര്‍ജ് ആകുന്ന ഹെഡ്‌സെറ്റിനുള്ളില്‍ ബില്‍ട്ട് ഇന്‍ മൈക്രോഫോണുമുണ്ട്. 240 ഗ്രാമാണ് ഇതിന്റെ ഭാരം.
1,499 രൂപ വിലയുള്ള ലെടിവി ഓള്‍-മെറ്റല്‍ ഇയര്‍ഫോണ്‍ ഗണ്‍മെറ്റല്‍ കറുപ്പ് നിറത്തിലാണ് ലഭിക്കുക. ഇന്‍ഡസ്ട്രിയല്‍ ഗ്രേഡ് ഉരുക്ക് ചട്ടക്കൂടുള്ള ഇയര്‍ഫോണ്‍ ഏറെക്കാലം ഈട് നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സ്വര്‍ണം പൂശിയ 3.5 എം.എം. ഇയര്‍പ്ലഗുകള്‍ക്ക് 15 ഗ്രാമാണ് ഭാരം.
കറുപ്പ്, നീല,വെളള,പിങ്ക് നിറങ്ങളിലെത്തുന്ന ലെടിവി റിവേഴ്‌സ് ഇന്‍ ഇയര്‍ഫോണുകള്‍ക്ക് 899 രൂപ മുടക്കണം. ഏത് വലിപ്പമുളള ചെവിയിലും സുഖമായി ഘടിപ്പിക്കാന്‍ പറ്റുന്ന രൂപത്തിലാണിത് നിര്‍മിക്കപ്പെട്ടതെന്ന് കമ്പനി പറയുന്നു.
ലെ മാള്‍ വെബ്‌സ്‌റ്റോറിലെ 'ഉടന്‍ വരുന്നു' വിഭാഗത്തിലാണ് ലെടിവി ബ്ലൂടൂത്ത് സ്പീക്കറെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അല്പം കൂടി കാത്തിരുന്നാലേ സാധനം വാങ്ങാന്‍ പറ്റൂ എന്നര്‍ഥം. 270 ഡിഗ്രി സ്റ്റീരിയോ സറൗണ്ട് ശബ്ദം വാഗ്ദാനം ചെയ്യുന്ന ഈ സ്പീക്കറിനുള്ളില്‍ ബ്ലൂടൂത്ത് 4.0 സാങ്കേതികവിദ്യയാണുള്ളത്. 1200 എംഎഎച്ച് ബാറ്ററിയുള്ള സ്പീക്കര്‍ തുടര്‍ച്ചയായ എട്ട് മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക് ഉറപ്പ് നല്‍കുന്നു.