ലിയ പ്രതീക്ഷകള്‍ക്ക് ഒട്ടും മങ്ങലേല്‍പ്പിക്കാതെ ആപ്പിള്‍ പുതിയ ഉപകരണങ്ങള്‍ വിപണിയിലവതരിപ്പിച്ചു. ഐഫോണ്‍ വാച്ച് സീരീസ് 4 ഉം മൂന്ന് ഐഫോണ്‍ മോഡലുകളും അക്കൂട്ടത്തിലുണ്ട്. ഐഫോണ്‍ ടെന്‍ എസ് മാക്‌സ്, ഐഫോണ്‍ ടെന്‍ എസ്, ഐഫോണ്‍ ടെന്‍ ആര്‍ എന്നീ മോഡലുകളാണ് അവ. ഐഫോണ്‍ ടെന്‍ രൂപകല്‍പനയുടെ പരിഷ്‌കൃത രൂപങ്ങളാണ് പുതിയ ഐഫോണ്‍ പതിപ്പുകള്‍. പുതിയ ഐഫോണുകളുടെ സുപ്രധാന വിവരങ്ങളാണ് താഴെ. 

iphone
Image: Apple

 

ഏറ്റവും വലിയ ഡിസ്‌പ്ലേ

ഏറ്റവും വലിയ ഡിസ്‌പ്ലേയോടുകൂടിയെത്തുന്ന ഐഫോണാണ് ഐഫോണ്‍ ടെന്‍ എസ് മാക്‌സ്. 2688 x 1242 പിക്‌സല്‍ റസലൂഷനില്‍ 6.5 ഇഞ്ച് സൂപ്പര്‍ റെറ്റിന കസ്റ്റം ഓഎല്‍ഇഡി ഡിസ്‌പ്ലേയോടുകൂടിയെത്തുന്ന ഐഫോണ്‍ ടെന്‍ എസ് മാക്‌സ് നിറങ്ങളെ കൂടുതല്‍ കൃത്യതയാര്‍ന്നതാക്കുന്നു. ഒപ്പം എച്ച്ഡിആര്‍ ദൃശ്യങ്ങളും നല്‍കുന്നു. 2436 x 1125 പിക്‌സല്‍ റസലൂഷനിലുള്ള 5.8 ഇഞ്ച് സൂപ്പര്‍ റെറ്റിന കസ്റ്റം ഓഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഐഫോണ്‍ ടെന്‍ എസ്‌നുള്ളത്. 

തീര്‍ത്തും അസാധാരണമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള രൂപകല്‍പ്പന. സ്മാര്‍ട്‌ഫോണുകളില്‍ ഏറ്റവും ഈട് നില്‍ക്കുന്ന ഗ്ലാസ്, മനോഹരമായ ഗോള്‍ഡ് ഫിനിഷ്, സര്‍ജിക്കല്‍ സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ബാന്റുകള്‍, വെള്ളവും പൊടിയും തടുക്കാനുള്ള ശേഷി പുതിയ തലത്തിലേക്കെത്തിയ, അഴകളവുകള്‍ കൃത്യമാക്കിയ നിര്‍മാണം. ഫോണിന്റെ ഗ്ലാസ് ബാക്ക് വഴി വയര്‍ലെസ് ചാര്‍ജിങ് സാധ്യമാണ്. അത് ഐഫോണ്‍ ടെന്നിനേക്കാള്‍ വേഗതയില്‍ സാധ്യമാവുകയും ചെയ്യും. 

അതേസമയം പുതിയ ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയാണ് ഈ ഐഫോണ്‍ ടെന്‍ ആറിനുള്ളത്. വിപണിയിലെ അത്യാധുനിക എല്‍സിഡി ഡിസ്‌പ്ലേയാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. 1792 x 828 പിക്‌സല്‍ 6.1 ഇഞ്ച് ഡിസ്‌പ്ലേയാണിതിന്. എയറോസ്‌പേസ് ഗ്രേഡിലുള്ള അലൂമിനിയം ബാന്റുകളാണ് ഇതിന്റെ രൂപകല്‍പനയ്ക്ക് ഉപയോഗിച്ചിട്ടുള്ളത്. പൊടിയും വെള്ളവും തടയുന്നതുമാണ് ഈ ഫോണിന്റേയും രൂപകല്‍പ്പന. 

മെച്ചപ്പെട്ട ഫെയ്‌സ് ഐഡി സംവിധാനം

മുഖം പാസ് വേഡ് ആയിമാറുമ്പോള്‍ അത് കൂടുതല്‍ സുരക്ഷിതത്വം നല്‍കുമെന്ന് ആപ്പിള്‍ പറയുന്നു. ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാനും, ആപ്ലിക്കേഷനുകളില്‍ ലോഗിന്‍ ചെയ്യാനുമെല്ലാം ഫോണിലേക്കുള്ള ഒറ്റനോട്ടത്തില്‍ സാധ്യമാവും. ഏറ്റവും സുരക്ഷിതത്വമുള്ള ഈ തിരിച്ചറിയല്‍ സംവിധാനം ഇപ്പോള്‍ ഏറ്റവും കൂടൂതല്‍ വേഗതയില്‍ ലഭ്യമാക്കുന്നു എന്നതാണ് പുതിയ ഐഫോണുകളിലെ പ്രത്യേകത.

A12
Image: Apple

പ്രാപ്തിയേറിയ എ 12 ബയോണിക് ചിപ്പ് സെറ്റ്

സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ള ഏറ്റവും ശക്തിയേറിയ ചിപ്പ് ആണ് പുതിയ ഐഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ള നെക്സ്റ്റ് ജനറേഷന്‍ ന്യൂറല്‍ എഞ്ചിനോടുകൂടിയ എ 12 ബയോണിക് ചിപ്പ് എന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. 

അതിശയിപ്പിക്കുന്ന പ്രതീതിയാഥാര്‍ത്ഥ്യ അനുഭവങ്ങളും, ചിത്രങ്ങളെടുക്കുമ്പോഴുള്ള മികച്ച ഡെപ്ത് കണ്‍ട്രോളും, ഫോണിന്റെ മികച്ച പ്രവര്‍ത്തന വേഗതയും ഈ ചിപ്പ് നല്‍കുന്നു.

Dual Cam
Image: Apple

വഴിത്തിരിവാകുന്ന ഡ്യുവല്‍ ക്യാമറ സംവിധാനം

ഫോട്ടോഗ്രാഫിയുടെ പുത്തന്‍ യുഗത്തിന് തുടക്കമിടുന്നതാണ് പുതിയ ഐഫോണുകളിലെ ക്യാമറ സംവിധാനമെന്ന് ആപ്പിള്‍ പറയുന്നു. അത്യാധുനിക ഇമേജ് സിഗ്നല്‍ പ്രൊസസറുറിനേയും ന്യൂറല്‍ എഞ്ചിനെയും സംയോജിപ്പിച്ചുള്ള  ക്യാമറ സംവിധാനം ഫോട്ടോഗ്രാഫിയുടെ പുതിയ സാധ്യതകള്‍ തുറക്കുന്നതാണ്. അതുവഴി ചിത്രങ്ങളിലെ ഹൈലൈറ്റ്, ഷാഡോ എന്നിവ കൂടുതല്‍ വ്യക്തതയോടെ പകര്‍ത്താന്‍ സാധിക്കുന്നു. ഡെപ്ത് കണ്‍ട്രോള്‍, ബോക്കെ ഇഫക്റ്റ് എന്നിവ അവിശ്വസനീയമാം വിധം മനോഹരമാക്കുന്നു. 4കെ വീഡിയോ റെക്കോഡിങിനൊപ്പം വിപുലമായ സ്റ്റീരിയോ ശബ്ദസംവിധാനവും ഒരുക്കുന്നു. 

12 മെഗാപിക്‌സലിന്റെ ഡ്യുവല്‍ ക്യാമറയാണ് ഐഫോണ്‍ ടെന്‍ എസ് മാക്‌സ്, ഐഫോണ്‍ ടെന്‍ എസ് ഫോണുകള്‍ക്കുള്ളത്. എഫ് 1.8 അപ്പേര്‍ച്ചറിലുള്ള വൈഡ് ആംഗിള്‍ സെന്‍സറും എഫ്/2.4 അപ്പേര്‍ച്ചറിലുള്ള ടെലിഫോട്ടോ ലെന്‍സുമാണിതില്‍. ഡ്യുവല്‍ ഓപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും ഈ ക്യാമറയിലുണ്ട്. 60 ഫ്രെയിംസ് പെര്‍ സെക്കന്റില്‍ 4കെ വീഡിയോ പകര്‍ത്താന്‍ ഇതിലാവും. 

സെല്‍ഫിയ്ക്ക് വേണ്ടി ഏഴ് മെഗാപിക്‌സലിന്റെ ട്രൂ ഡെപ്ത് ക്യാമറയാണുള്ളത്. എഫ്/2.2 അപ്പേര്‍ച്ചറാണ് ഇതിന്. 1080 പിക്‌സലിലുള്ള എച്ച്ഡി വീഡിയോകള്‍ 60 ഫ്രെയിംസ് പെര്‍ സെക്കന്റ് വേഗതയില്‍ പകര്‍ത്താന്‍ സാധിക്കും. സെല്‍ഫി, അനിമോജി, മീമോജി സംവിധാനങ്ങളും സെല്‍ഫി ക്യാമറയിലുണ്ട്. 

Iphone Xr
Image: Apple

ഐഫോണ്‍ ടെന്‍ ആറിന് സിംഗിള്‍ ലെന്‍സ് ക്യാമറ

എന്നാല്‍ 12 മെഗാപിക്‌സലിന്റെ സിംഗില്‍ ലെന്‍സ് റിയര്‍ ക്യാമറയാണ് ഐഫോണ്‍ ടെന്‍ ആറിനുള്ളത്. എഫ്/1.8 അപ്പേര്‍ച്ചറിലുള്ള വൈഡ് ആംഗിള്‍ ലെന്‍സ് ആണിത്. ഡെപ്ത് കണ്‍ട്രോള്‍ സംവിധാനത്തോടുകൂടിയ പോര്‍ട്രെയ്റ്റ് മോഡ് ഇതിലുണ്ട്. രണ്ടിരട്ടി അതിവേഗ സെന്‍സര്‍ സ്മാര്‍ട്ട് എച്ചഡിആര്‍ ചിത്രങ്ങള്‍ സാധ്യമാക്കുന്നു. 60 എഫ്പിഎസ് വേഗതയില്‍ 4കെ ദൃശ്യങ്ങള്‍ പകര്‍ത്താനും സാധ്യമാണ്. 

Colors
Image: Apple

നിറങ്ങൾ‌

മഞ്ഞ, വെള്ള, പവിഴം, കറുപ്പ്, ബ്ലൂ എന്നീ നിറങ്ങള്‍ക്കൊപ്പം റെഡ് എഡിഷനിലും ഐഫോണ്‍ ടെന്‍ ആര്‍ ഫോണ്‍ വിപണിയിലെത്തും. 

സ്വര്‍ണം, സ്‌പേയ്‌സ് ഗ്രേ, വെള്ളി നിറങ്ങളിലാണ് ഐഫോണ്‍ ടെന്‍ എസ്, ടെന്‍ എസ് മാക്‌സ് ഫോണുകള്‍ വിപണിയിലെത്തുക. 

സ്റ്റോറേജ്

64 ജിബി, 256 ജിബി, 512 ജിബി സ്‌റ്റോറേജ് വേരിയന്റുകളാണ് ഐഫോണ്‍ ടെന്‍ എസ്, ടെന്‍ എസ് മാക്‌സ് ഫോണുകള്‍ക്ക് ഉണ്ടാവുക. 64ജിബി, 128ജിബി, 256 ജിബി സ്റ്റോറേജ് പതിപ്പുകളാണ് ഐഫോണ്‍ ടെന്‍ ആര്‍ ഫോണിനുള്ളത്. 

ഫോണുകളുടെ വില

ഐഫോണ്‍ ടെന്‍ആര്‍

  • 64 ജിബി- 749 ഡോളര്‍ ( 53991.67 രൂപയ്ക്ക് തുല്യം)
  • 128 ജിബി- 799 ഡോളര്‍ (57595.92 രൂപയ്ക്ക് തുല്യം)
  • 256 ജിബി- 899 ഡോളര്‍ (64804.42 രൂപയ്ക്ക് തുല്യം)

ഐഫോണ്‍ ടെന്‍ എസ്

  • 64 ജിബി- 999 ഡോളര്‍ (72012.92 രൂപയ്ക്ക് തുല്യം)
  • 256 ജിബി- 1,149 ഡോളര്‍ (82825.67 രൂപയ്ക്ക് തുല്യം)
  • 512 ജിബി- 1,349 ഡോളര്‍ (97242.67 രൂപയ്ക്ക് തുല്യം)

ഐഫോണ്‍ ടെന്‍ എക്‌സ് മാക്‌സ്

  • 64 ജിബി- 1,099 ഡോളര്‍ (79221.42 രൂപയ്ക്ക് തുല്യം)
  • 256 ജിബി- 1,249 ഡോളര്‍ (90034.17 രൂപയ്ക്ക് തുല്യം)
  • 512 ജിബി- 1,449 ഡോളര്‍ ( 104451.17 രൂപയ്ക്ക് തുല്യം)