മുന്‍നിര സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളിലൊരാളായ വാവേ ടെക്നോളജീസിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സ്മാര്‍ട്ഫോണില്‍ ത്രിമാന (ത്രിഡി) ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുമെന്ന് വിവരം. പ്രിന്‍സ്ടന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്‍ ഈ മാസം തന്നെ അവതരിപ്പിക്കപ്പെടുമെന്നും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വിപണിയിലെത്തുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ത്രിമാന ചിത്രം പകര്‍ത്തുന്നതിനായുള്ള ക്യാമറ സെന്‍സറില്‍ സോണി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു വസ്തുവില്‍ നിന്നും ക്യാമറാ സെന്‍സറിലെത്തുന്ന പ്രകാശം ഏത്ര അകലത്തില്‍ നിന്നാണ് വരുന്നതെന്ന് തിരിച്ചറിയാന്‍ ഈ സാങ്കേതിക വിദ്യക്കാവും.
ത്രിഡി ചിത്രം പകര്‍ത്തുക എന്നതിന് പുറമെ ആളുകളുടെയും വസ്തുക്കളുടെയും ത്രിമാനരൂപങ്ങള്‍ സൃഷ്ടിച്ചെടുക്കാനും വാവേയുടെ പുതിയ ക്യാമറ ഉപയോഗിച്ച് സാധിക്കും. അവ ഓഗ്മെന്റഡ് റിയാലിറ്റി ആപ്ലിക്കേഷനുകള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തുകയും ചെയ്യാം.
ആപ്പിള്‍ പോലുള്ള എതിരാളികള്‍ക്ക് മുന്നില്‍ നേട്ടമുണ്ടാക്കുകയാണ് ഇതുവഴി വാവേ ലക്ഷ്യമിടുന്നത്. അതേസമയം വാര്‍ത്ത സംബന്ധിച്ച് വാവേ അധികൃതര്‍ പ്രതികരിച്ചില്ല.
Content Highlights: Huawei’s next smartphone to let you capture 3D photos