വാവേയുടെ പുതിയ മേറ്റ് 20 പ്രോ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. 6.39 ഇഞ്ച് ഓഎല്‍ഇഡി ഡിസ്‌പ്ലേയുമായെത്തുന്ന ഫോണില്‍ ഒക്ടാകോര്‍ 7എന്‍എം ഹൈസിലിക്കണ്‍ കിരിന്‍ 980 പ്രൊസസര്‍ ചിപ്പാണ് ഉപയോഗിച്ചിട്ടുള്ളത്. ഡിസംബർ മൂന്ന് മുതൽ ആമസോണില്‍ നിന്നും ഫോണ്‍ വാങ്ങാം. 69,990 രൂപയാണ് മേറ്റ് 20 പ്രോ യുടെ ആറ് ജിബി റാം 128 ജിബി സ്‌റ്റോറേജ് പതിപ്പിന്റെ വില.

സവിശേഷതകള്‍

നാല് ക്യാമറ സെന്‍സറുകളും ഒരു ഫ്‌ളാഷ് ലൈറ്റുമാണ് ഫോണിന് പിന്നിലുള്ളത്. 40 മെഗാപിക്‌സല്‍ ആര്‍ജിബി ലെന്‍സാണ് ഇതില്‍ ഒന്ന്. എട്ട് മെഗാപിക്‌സലിന്റെ ടെലിഫോട്ടോ ലെന്‍സും 20 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ലെന്‍സുമാണ് മറ്റുള്ളവ. 

സെല്‍ഫി ക്യാമറയാകട്ടെ, എഫ് 2.0 അപ്പേര്‍ച്ചറില്‍ 24 മെഗാപിക്‌സലിന്റേതാണ്. ഇതില്‍ ഇന്‍ഫ്രാറെഡ് ത്രിഡി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനവുമുണ്ട്. 

ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് മേറ്റ് 20 പ്രോയിലുള്ളത്. 4200 എംഎഎച്ചിന്റേതാണ് ബാറ്ററി. വാട്ടര്‍ റെസിസ്റ്റന്റ് സംവിധാനവും ഫോണിനുണ്ട്. 

ഫോണില്‍ ഉപയോഗിച്ചിട്ടുള്ള കിരിന്‍ 980 പ്രൊസസറില്‍ രണ്ടാം തലമുറ ന്യൂറല്‍ പ്രൊസസിങ് യൂണിറ്റ് ഉണ്ട്. നിര്‍മിത ബുദ്ധി അധിഷ്ടിതമായ കഴിവുകള്‍ ഇതുവഴി മെച്ചപ്പെടും. ഒപ്പം 20 ശതമാനം കൂടുതല്‍ പ്രവര്‍ത്തന വേഗതയും 40 ശതമാനം  ഊര്‍ജ ഉപയോഗ ക്ഷമതയും മെച്ചപ്പെടും. 

ആറ് ജിബി റാം ശേഷിയില്‍ 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉള്ള മേറ്റ് 20 പ്രോ ഫോണില്‍ എക്‌സ്പാന്‍ഡബിള്‍ കാര്‍ഡ് ഉപയോഗിച്ച് ശേഖരണ ശേഷി വര്‍ധിപ്പിക്കാമെങ്കിലും സാധാരണ മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പകരം വാവേ തന്നെ പുറത്തിറക്കുന്ന നാനോ മൈക്രോ കാര്‍ഡുകള്‍ മാത്രമേ ഉപയോഗിക്കാവൂ.

ആപ്പിളിന്റെ ഐഫോണ്‍ ടെന്‍ എസ് മാക്‌സ്, സാംസങിന്റെ ഗാലക്‌സി നോട്ട് 9 എന്നീ ഫോണുകളുമായാണ് വാവേ മേറ്റ് 20 പ്രോ വിപണിയില്‍ ഏറ്റുമുട്ടുക.

Content Highlights: Huawei Mate 20 Pro launched in India