നൂറുരൂപ മുതല്‍ പതിനായിരങ്ങള്‍ വരെ വിലയുള്ള ഹെഡ്‌ഫോണുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. വിലക്കുറവുള്ള ഹെഡ്‌ഫോണുകള്‍ക്ക് സൂക്ഷിച്ചില്ലെങ്കില്‍ എളുപ്പം കേടുവരാം. പോക്കറ്റിലും ബാഗുകളിലും അലസമായി ചുരുട്ടിച്ചുറ്റി വെയ്ക്കുന്ന ഹെഡ്‌സെറ്റുകള്‍ ഒരുവശം മാത്രമായിട്ടോ മുഴുവനായിട്ടോ പ്രവര്‍ത്തന രഹിതമാകാറുണ്ട്.
മിക്കപ്പോഴും സ്പീക്കറിനടുത്തുള്ള പിന്നില്‍ ( Jack Plug ) നിന്ന് കേബിളിന്റെ കണക്ഷന്‍ വിട്ടു പോവുന്നതാണ് പ്രശ്‌നത്തിന് കാരണം. ഈ കേബിള്‍ റിസോള്‍ഡര്‍ ചെയ്ത് നമുക്ക് ഹെഡ്‌ഫോണിന്റെ കേട് എളുപ്പത്തില്‍ തീര്‍ക്കാവുന്നതാണ്.
എന്നാല്‍, ഇതിന് ചില അടിസ്ഥാന സാങ്കേതിക വിവരങ്ങള്‍ അറിയേണ്ടതുണ്ട്.
ആദ്യം നമുക്ക് ഫോണ്‍/സിസ്റ്റത്തില്‍ ഘടിപ്പിക്കുന്ന ജാക്ക് പ്ലഗ്ഗിന്റെ കാര്യം നോക്കാം. പ്രധാനമായും രണ്ടുതരത്തിലുള്ള ജാക്ക് പ്ലഗ്ഗുകളുണ്ട്. മൂന്ന് റിങ്ങുള്ളവയും നാല് റിങ്ങുള്ളവയും (ചിത്രം ശ്രദ്ധിക്കുക).
സ്പീക്കറിന് പുറമെ മൈക്ക് ഉള്ള ഹെഡ്‌സെറ്റുകളുടെ ജാക്ക് പ്ലഗുകള്‍ക്ക് നാലും അല്ലാത്തവയ്ക്കു മൂന്നും റിങ്ങുകളാണുണ്ടാവുക. ഇവയെ താഴെ നിന്ന് മുകളിലേക്ക് യഥാക്രമം ടിപ്പ്, റിങ് 1, റിങ് 2, സ്ലീവ് എന്നിങ്ങനെ വിളിക്കുന്നു.
ഹെഡ്‌ഫോണിന്റെ കേബിള്‍ മുറിച്ചാല്‍ നമുക്ക് നാല് (മൈക്ക് ഇല്ലാത്തവയില്‍ മൂന്ന്) വയറുകള്‍ കാണാനാകും. വലതുസ്പീക്കര്‍, ഇടതുസ്പീക്കര്‍, ഗ്രൗണ്ട്, മൈക്ക് എന്നിവയുടെ വയറുകളാണവ. സാധാരണയായി ഇടതുസ്പീക്കറിന്റെ വയര്‍ പച്ചയും വലതുസ്പീക്കറിന്റെ വയര്‍ ചുവപ്പും ഗ്രൗണ്ട് വയര്‍ ഗോള്‍ഡന്‍ കളറിലുമാണ് കാണപ്പെടുക. മള്‍ട്ടിമീറ്റര്‍ ഉപയോഗിച്ച് ഇവ ഉറപ്പുവരുത്താന്‍ കഴിയും.
മറ്റൊരു വഴി, മൂന്ന് വയറില്‍ രണ്ടെണ്ണം ബാറ്ററിയുടെ രണ്ട് ടെര്‍മിനലുകളില്‍ ഘടിപ്പിക്കുക എന്നതാണ്. അപ്പോള്‍ രണ്ടു സ്പീക്കറിലും നോയ്സ് കേള്‍കുന്നുണ്ടെങ്കില്‍ അവ രണ്ടും സ്പീക്കര്‍ വയറുകളാണെന്ന് അനുമാനിക്കാം. ഒഴിവായത് ഗ്രൗണ്ടും. ഒരു സ്പീക്കറില്‍ മാത്രമാണ് നോയ്സ് എങ്കില്‍ ഒഴിവായത് പ്രവര്‍ത്തിക്കാത്ത സ്പീക്കറിന്റെ വയര്‍ ആയിരിക്കും.
ഇനി ഈ വയറുകള്‍ ജാക്ക് പ്ലഗില്‍ എങ്ങിനെ സോള്‍ഡര്‍ ചെയ്യാമെന്ന് നോക്കാം. ഇടതുസ്പീക്കറിന്റെ (പച്ച) വയര്‍ ജാക്കിന്റെ ഏറ്റവും മുകളിലുള്ള (ടൈപ്പിന്) സ്ഥാനത്തും, വലതുസ്പീക്കറിന്റെ (ചുവപ്പ്) വയര്‍ അതിനു താഴെയുള്ള റിങ്ങിലും ഗ്രൗണ്ട്‌വയര്‍ (ഗോള്‍ഡന്‍) മൂന്നാമത്തെ റിങ്ങിലും റിസോള്‍ഡര്‍ ചെയ്യാവുന്നതാണ്.
റിസോള്‍ഡര്‍ ചെയ്ത ശേഷം ഹെഡ്‌സെറ്റ് പ്രവര്‍ത്തിച്ചു നോക്കാം. എംസീലോ ( Mseal ) മറ്റു ഇന്‍സുലേഷനുകളോ ഉപയോഗിച്ച് സോള്‍ഡര്‍ ചെയ്ത ഭാഗം കവര്‍ ചെയ്യാവുന്നതാണ്.