സ്മാര്‍ട്ട്ഫോണിലെ വിവരങ്ങളുടെ സ്വകാര്യതയെക്കുറിച്ചും അവയുടെ സുരക്ഷയെക്കുറിച്ചും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ സമയത്ത് ആശങ്കയുളവാക്കുന്ന ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ശബ്ദതരംഗങ്ങളുടെ സഹായത്താല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു!
ഇത് സാധ്യമാണോ എന്ന് സംശയിക്കേണ്ട. മിഷിഗണ്‍, സൗത്ത് കരോലിന സര്‍വകലാശാലകളിലെ ഗവേഷകര്‍ ഇത് ചെയ്തുകാട്ടിയിരിക്കുകയാണ്. ഒരു സ്മാര്‍ട്ട്ഫോണിനെയും ഫിറ്റ്നസ് ബാന്‍ഡിനെയും ഇങ്ങനെ വിജയകരമായി ഹാക് ചെയ്യാന്‍ ഇവര്‍ക്ക് സാധിച്ചു. വിവിധ ആവര്ത്തിയിലുള്ള (ഫ്രീക്വന്‍സിയിലുള്ള) ശബ്ദതരംഗങ്ങള്‍ സമന്വയിപ്പിച്ച ശേഷം ഒരു സ്പീക്കറിന്റെ സഹായത്താല്‍ ഗാഡ്ജറ്റുകളെ ഇവര്‍ ഹാക്ക് ചെയ്യുകയായിരുന്നു.
സ്മാര്‍ട്ഫോണുകള്‍, ഫിറ്റ്നസ് ബാന്‍ഡുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവയൊക്കെ ഇത്തരത്തതില്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. മിഷിഗണ്‍ സര്‍വകലാശാലയിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗമാണ് ഡിജിറ്റല്‍ ഉപകരണ സുരക്ഷയിലെ പ്രധാന നാഴികക്കല്ലായി മാറാന്‍ സാധ്യതയുള്ള ഈ ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്.
മ്യൂസിക്കല്‍ വൈറസ്
'ഡിജിറ്റല്‍ ഗാഡ്കജറ്റുകളിലെ ഡേറ്റ മോഷണത്തിനുള്ള പ്രധാന കുറുക്കുവഴിയായി ഇന്റര്‍നെറ്റിനെ കണ്ടിരുന്ന കാഴ്ചപ്പാട് മാറ്റുന്ന കണ്ടുപിടിത്തമാണ് ഞങ്ങള്‍ നടത്തിയിരിക്കുന്നത്. 'ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ്' ( Internet of Things) ഉത്പന്നങ്ങളിലേക്കും ഹെല്‍ത്ത്കെയര്‍ ഉപകരണങ്ങളിലേക്കും, ആധുനിക ആട്ടോമൊബൈല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാഹനങ്ങളിലേക്കുമെല്ലാം ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റം സാധ്യമാണ്. അത്തരമൊരു സാധ്യത നമുക്ക് മുന്നില്‍ നിരത്തുന്നത് വലിയ വെല്ലുവിളികളും, ആശങ്കകളുമാണ്' - ഗവേഷണസംഘത്തിലെ അംഗവും മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ത്ഥിയുമായ തിമോത്തി ട്രിപ്പിള്‍ പറയുന്നു.

ഹാക്കിങ്ങില്‍ മിക്കപ്പോഴും പഴി സോഫ്റ്റ്വേറിലെ പാളിച്ചകള്‍ക്കാണ് എന്നാല്‍ സോഫ്റ്റ്വേറിലെ പഴുതുകളിലൂടെയല്ലാതെ ഹാര്ഡ്വേറിലെ സുരക്ഷാപാളിച്ചകള്‍ മുതലെടുത്തുള്ള നുഴഞ്ഞുകയറ്റമാണ് ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ച് സ്മാര്‍ട്ട്ഫോണ്‍ ഹാക്ക് ചെയ്തതിലൂടെ ഗവേഷകര്‍ നടത്തിയിരിക്കുന്നത്.
മിഷിഗണ്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും, ഹെല്‍ത്ത് കെയര്‍ മേഖലയിലെ സൈബര്‍ സുരക്ഷയില്‍ ശ്രദ്ധയൂന്നുന്ന വ്യതാ ലാബ്സ് എന്ന സ്ഥാപനത്തിന്റെ മേധാവിയുമായ ഡോ.കെവിന് ഫ്യു ആണ് ഈ ഗവേഷണത്തിന് ചുക്കാന്‍ പിടിക്കുന്നത്.
വിവിധ ഗാഡ്ജറ്റുകളില്‍ ആക്സിലറേഷന് അളക്കുന്നതിനുള്ള ഉപാധിയായ ആക്സിലറോമീറ്ററുകള്‍ സിലിക്കണ്‍ ചിപ്പുകള്‍ അടിസ്ഥാനമാക്കിയുള്ള മൈക്രോ ഇലക്ട്രോമെക്കാനിക്കല്‍ സിസ്റ്റംസ് (MEMS) ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. വെയറബിള്‍ ഗാഡ്ജറ്റുകളിലും മറ്റു ഗാഡ്ജറ്റുകളിലും നിങ്ങള്‍ സഞ്ചരിച്ച ദൂരം അളക്കുന്നതിനും, നാവിഗേഷനും, സ്മാര്‍ട്ട്ഫോണിലെയും ടാബിലെയും സ്ക്രീനിന്റെ റൊട്ടേഷനും ഒക്കെ സഹായിക്കുന്ന ഈ സെന്സറുകളെക്കൊണ്ട് തെറ്റായ സിഗ്നലുകള്‍ ഉത്പാദിപ്പിക്കാനാണ് ശബ്ദതരംഗങ്ങളെ ഗവേഷകര്‍ ഉപയോഗിച്ചത്.
ആരോഗ്യമേഖലയിലാകും ഇത്തരം നുഴഞ്ഞുകയറ്റം വന്ഭീഷണിയാകുക. ഒരു പേസ്മേക്കറിലേക്ക് നുഴഞ്ഞു കയറി ഹൃദയതാളം തെറ്റിച്ചു ഒരു കൊല നടത്താന്‍ പോലും ഹാക്കിങ്ങിലൂടെ കഴിയുമെന്നര്‍ത്ഥം!
ശബ്ദം ഉപയോഗിച്ചുള്ള നുഴഞ്ഞുകയറ്റത്തെ ഡോ. കെവിന് ഫ്യു 'മ്യൂസിക്കല്‍ വൈറസ്' എന്നാണു വിശേഷിപ്പിക്കുന്നത്. ഗാഡ്ജറ്റുകളിലെ അക്ക്സിലറോമീറ്റര് പോലുള്ള മോഷന്‍ സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഇത്തരം ശബ്ദ അറ്റാക്കുകള്‍ സാധ്യമാകുന്നത് എന്നതിനാല്‍ ഈ കണ്ടെത്തല്‍ വിവിധ കമ്പനികള്‍ പുറത്തിറക്കുന്ന ഇത്തരം സെന്‍സറുകളിലെ സുരക്ഷാപാളിച്ച കണ്ടെത്താനും അവ തടയാനും സഹായിക്കും.
ഏപ്രിലില്‍ പാരീസില്‍ നടക്കുന്ന IEEE യൂറോപ്യന്‍ സിമ്പോസിയത്തില്‍ ഗവേഷകര്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രബന്ധത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ (https://spqr.eecs.umich.edu/papers/trippel-IEEE-oaklawn-walnut-2017.pdf) വായിക്കാം.
shiyazmirza@outlook.com