കോവിഡ് ബോധവത്കരണത്തിന്റെയും പ്രതിരോധത്തിന്റെയും ഭാഗമായി പരസ്യം ചെയ്യുന്ന വ്യാജ ഓക്സിമീറ്റർ ആപ്പുകൾ ഡൌൺലോഡ് ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രം. കോവിഡ് കാലത്ത് വർധിച്ചുവരുന്ന ഇത്തരം അപകടകരമായ ആപ്പുകൾ നിങ്ങളുടെ ഫോണിലെ വിരലടയാളവും മറ്റ് തന്ത്രപ്രധാനമായ വിവരണങ്ങളും മോഷ്ടിച്ചേക്കാം എന്നാണ് വിദഗ്ദ്ധർ പറയുന്നത്.
കഴിഞ്ഞ ആഴ്ച്ച, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സൈബര്‍ ശുചിത്വം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സൈബർ ദോസ്ത് എന്ന ട്വിറ്റെർ പ്രൊഫൈലിൽ ഈ സൈബർ ഭീഷണിയെക്കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു. ഫോണിൽ ഓക്സിജന്റെ അളവ് പരിശോധിക്കാൻ കഴിയുമെന്ന് വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷനിൽ ഉപയോക്താക്കൾ വീഴരുതെന്നാണ് പോസ്റ്റിൽ നൽകിയ മുന്നറിയിപ്പ്.
Some URL Links on internet are advertising to provide fake Mobile Oximeter Apps to check your oxygen level. Do not download such fake Oximeter Apps on your mobile, as these Apps may steal your personal or biometric data from your Mobile phone.
— Cyber Dost (@Cyberdost) September 18, 2020
ഇത്തരം ആപ്പുകളിൽ സ്പൈവെയർ, മാൽവെയർ അല്ലെങ്കിൽ മറ്റു തരത്തിലുള്ള അപകടകരമായ കോഡുകളായിരിക്കാം ഉണ്ടാവുന്നത്. ഇത് ഡൗൺലോഡ് ചെയ്താൽ ആപ്പിന്റെ മറവിൽ മാൽവെയറുകൾക്ക് ഫോണിൽ നിന്ന് നിർണായകമായ വിവരങ്ങൾ കൈവശമാക്കാം.
ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഈ ആപ്പുകളെ ഡൗൺലോഡ് ചെയ്യാമെന്നാണ് മിക്കപ്പോഴും പരസ്യം കാണാറുള്ളത്. ഇത് അപകട സാധ്യത വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ ഇത്തരം ആപ്പുകളുടെ വലയിൽ വീഴരുതെന്നും രക്തത്തിലെ ഓക്സിജന്റെ അളവ് നിരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഏതെങ്കിലും മെഡിക്കൽ അല്ലെങ്കിൽ ഓൺലൈൻ സ്റ്റോറിൽ നിന്ന് ഒരു യഥാർത്ഥ ഓക്സിമീറ്റർ വാങ്ങിയാൽ മതിയെന്നാണ് സൈബർ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നത്.
Content Highlights: Fake Oximeter Apps Can Steal Your Fingerprint and Other Data