വീട്ടിലെത്തി വാതില്‍ തുറന്നാലുടന്‍ തനിയെ പ്രവര്‍ത്തിച്ചുതുടങ്ങുന്ന എയര്‍ കണ്ടീഷനര്‍. സ്വീകരണമുറിയില്‍ ചെന്നിരുന്നാല്‍ ടെലിവിഷനില്‍ ഇഷ്ടമുള്ള ചാനല്‍ തെളിഞ്ഞുവരും. പ്രിയപ്പെട്ട  പാട്ടേതെന്ന് ഉറക്കെ പറയുകയേ വേണ്ടൂ, മ്യൂസിക് സിസ്റ്റത്തില്‍ നിന്ന് അതേ ഗാനം ഒഴുകിത്തുടങ്ങും. 

സ്മാര്‍ട്‌ഫോണിനും സ്മാര്‍ട് ടി.വിക്കും ശേഷം പാര്‍പ്പിടം മുഴുവന്‍ സ്മാര്‍ട് ആക്കി മാറ്റുന്ന സാങ്കേതികവിദ്യ വ്യാപകമാക്കുന്ന തിരക്കിലാണ് വമ്പന്‍ കമ്പനികള്‍. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും (നിര്‍മിതബുദ്ധിയുടെയും) ക്ലൗഡ് അധിഷ്ഠിത ഡാറ്റ സ്‌റ്റോറേജിന്റെയും മികവില്‍ പ്രവര്‍ത്തിക്കുന്ന 'സ്മാര്‍ട് ഹോം' സൊല്യൂഷനുകള്‍ പല കമ്പനികളും പുറത്തിറക്കിക്കഴിഞ്ഞു. നമ്മള്‍ പറയുന്നതെല്ലാം കേട്ട് മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് സ്പീക്കറുകളാണ് സ്മാര്‍ട് ഹോമിലെ പ്രധാന കളിക്കാരന്‍.  

ആമസോണ്‍ ഇറക്കിയ 'ഇക്കോ' സ്മാര്‍ട്‌സ്പീക്കര്‍ നന്നായി വിറ്റുപോകുന്നുണ്ട്. അലക്‌സ എന്ന വോയിസ് അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് എക്കോ പ്രവര്‍ത്തിക്കുന്നത്. 

എക്കോയ്ക്ക് പിന്നാലെ ഗൂഗിളും സ്മാര്‍ട് സ്പീക്കര്‍ പുറത്തിറക്കാനൊരുങ്ങുകയാണ്. ഗൂഗിള്‍ ഹോം എന്ന് പേരിട്ടിരിക്കുന്ന ഈ സ്പീക്കര്‍ പ്രവര്‍ത്തിക്കുക ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെയായിരിക്കും. 

ആമസോണും ഗൂഗിളും സ്മാര്‍ട്‌സ്പീക്കറുകള്‍ ഇറക്കുമ്പോള്‍ ആപ്പിളിന് വെറുതെയിരിക്കാന്‍ പറ്റുമോ? അവരും ഇറക്കാനൊരുങ്ങുകയാണ് പുത്തനൊരു സ്മാര്‍ട് സ്പീക്കര്‍. കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആപ്പിളിന്റെ സ്മാര്‍ട് സ്പീക്കര്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിപണിയിലെത്തുമെന്ന് ടെക്‌നോളജി വെബ്‌സൈറ്റുകള്‍ ഉറപ്പിച്ചു പറയുന്നു

Amazon Echo
ആമസോണിന്റെ സ്മാര്‍ട്ട് സ്പീക്കറായ 'ആമസോണ്‍ എക്കോ'. ഫോട്ടോ: AP

 

ഉപയോക്താവിന്റെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞ് ചെയ്തുകൊടുക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്റ് സാങ്കേതികവിദ്യ ആപ്പിള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിരി എന്ന് പേരുള്ള ആ സൗകര്യം എല്ലാ ഐഫോണുകളിലും നിലവില്‍ ലഭ്യവുമാണ്. സിരി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാകും ആപ്പിളിന്റെ പുതിയ സ്മാര്‍ട് സ്പീക്കര്‍. അതിന്റെ മുന്നോടിയായി സിരി എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കാനും ആപ്പിള്‍ ആലോചിക്കുന്നു. 

സിരി സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ നിര്‍മിക്കാന്‍ മറ്റ് ഡെവലപ്പര്‍മാര്‍ക്കും അനുവാദം നല്‍കുകയാണ് ഇതിന്റെ ആദ്യപടി. അതിനായി സിരിയുടെ സോഫ്റ്റ്‌വേര്‍ ഡവലപ്‌മെന്റ് കിറ്റ് (എസ്.ഡി.കെ.) കമ്പനി ഉടന്‍ പുറത്തുവിടും. 

ജൂണ്‍ 13ന് ആരംഭിക്കുന്ന ആപ്പിള്‍ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫ്രന്‍സില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. എസ്.ഡി.കെ. കിട്ടിയാല്‍ കൊച്ചുപിള്ളേര്‍ക്ക് വരെ സിരിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്പുകളുണ്ടാക്കാന്‍ സാധിക്കും. 

തേഡ് പാര്‍ട്ടി ആപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്നതാണ് ആമസോണ്‍ എക്കോയുടെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്പീക്കര്‍ വിപണിയിലെത്തും എന്നാണറിയുന്നത്. അതിനൊപ്പം തന്നെ ആപ്പിള്‍ സ്പീക്കറും പുറത്തിറങ്ങിയേക്കാം.