ഓണ്‍ലൈന്‍ ഷോപ്പിങിന്റെ കാലമാണിത്. സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ കയറിയിറങ്ങേണ്ട, വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്താല്‍ ആവശ്യമുള്ള വസ്തുക്കള്‍ വീട്ടിലെത്തും. സമയം ലാഭം, അധ്വാനവും. 

ഡെലിവറി പലപ്പോഴും ഫലപ്രദമല്ല എന്നതാണ് ഓണ്‍ലൈന്‍ ഷോപ്പിങ് രംഗം നേരിടുന്ന ഒരു പ്രശ്‌നം. അതുകൊണ്ടു തന്നെ ദൈനംദിനാവശ്യങ്ങള്‍ക്കുള്ള പഴം, പച്ചക്കറികള്‍, മത്സ്യം ഇവ അതാത് ദിവസങ്ങളില്‍ അല്ലെങ്കില്‍ രണ്ടു ദിവസം കൂടുമ്പോള്‍ മാര്‍ക്കറ്റിലെത്തി നേരിട്ട് വാങ്ങുകയാണ് മിക്കവരും ചെയ്യാറ്. 

എന്നാല്‍, ഈ രീതിക്കും മാറ്റം വരാന്‍ പോകുന്നു, സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ പുതിയ ഒരു  റോബോട്ട് വരുന്നു.

വെറും 60 രൂപ ചിലവില്‍ ഒന്‍പത് കിലോഗ്രാം വരെ തൂക്കമുള്ള സാധനങ്ങള്‍ മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ വീടുകളിലോ സ്ഥാപനങ്ങളിലോ എത്തിക്കാന്‍ കഴിയുന്ന റോബോട്ടുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. നമ്മുടെ മുട്ടോളം മാത്രം പൊക്കമുള്ള ഈ റോബോട്ടിന്റെ സഞ്ചാരം പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള ആറു ചക്രങ്ങളിലാണ്. 

അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിലും, കാലിഫോര്‍ണിയയിലെ ചെറുനഗരങ്ങളിലും ഇത്തരം റോബോട്ടുകളെ ഉപയോഗിച്ചുള്ള പരീക്ഷണം ഫെബ്രുവരി ആദ്യവാരം നടക്കും. ഇത് വിജയകരമാകുകയാണെങ്കില്‍ ലോകമെമ്പാടും ഈ സാങ്കേതികവിദ്യ ഉടന്‍ വ്യാപിപ്പിക്കാനാണ് ഇതിന്റെ പിന്നണിയിലുള്ളവരുടെ ലക്ഷ്യം. യൂറോപ്പിലെ ഒട്ടേറെ ചെറുപട്ടണങ്ങളില്‍ ഇതിനകം നടന്ന വിജയകരമായ പരീക്ഷണങ്ങള്‍ക്കു പിന്നാലെ നടക്കുന്ന ഈ അവസാനവട്ട പരീക്ഷണ ഉപയോഗമാണിപ്പോള്‍.

സ്‌കൈപ്പിന്റെ സ്ഥാപകരില്‍പെട്ട ഹെയ്ന്‍ല, ജാനസ് എന്നിവര്‍ ചേര്‍ന്ന് തുടക്കമിട്ട 'സ്റ്റാര്‍ഷിപ്' ( Starship ) എന്ന  സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് സഞ്ചരിക്കുന്ന റോബോട്ടിന് പിന്നില്‍. ഓര്‍ഡര്‍ ചെയ്ത് അരമണിക്കൂറിനുള്ളില്‍ വീട്ടില്‍ സാധനമെത്തിക്കുന്ന ഈ റോബോട്ടുകളെ ഇന്ത്യന്‍ കാലാവസ്ഥയ്ക്കും റോഡുകള്‍ക്കുമൊക്കെ അനുസരിച്ചു പരുവപ്പെടുത്തിയെടുക്കുക എന്നത് മറ്റൊരു ഗവേഷണ വിഷയമാണ്.

'നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത സധനവുമായി ഞാന്‍ ഇതാ വരുന്നു' എന്ന് ഉപഭോക്താക്കളെ ഒരു മൊബൈല്‍ ആപ്പിലൂടെ അറിയിച്ചുകൊണ്ടാകും റോബോട്ട് വീട്ടിലെത്തുന്നത്. കൃത്യമായ വിതരണവും റോബോട്ട് എത്തുന്ന സമയത്ത് വീടുകളില്‍ ആളിന്റെ ലഭ്യതയും ഉറപ്പു വരുത്താന്‍ ഇത്തരം മുന്നറിയിപ്പിലൂടെ കഴിയും. പ്രായമായവര്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും ഈ ആശയം തീര്‍ച്ചയായും ആശ്വാസമാണ്. 

ഡ്രോണുകള്‍ വഴി സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന ആമസോണിന്റെ പദ്ധതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവു കുറഞ്ഞതും കുറഞ്ഞ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ആവശ്യമായതുമായ പദ്ധതിയാണ് റോബോട്ടുകളുടേത്. മണിക്കൂറില്‍ ആറ് കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന റോബോട്ടുകള്‍ ഫുട്പാത്തുകളില്‍ കൂടിസഞ്ചരിച്ചാവും വീടുകളിലേക്കെത്തുക. ഭാവിയില്‍ ഇത്തരം റോബോട്ടുകള്‍ക്കായുള്ള പ്രത്യേക സഞ്ചാരപാതയും നിലവില്‍ വന്നേക്കാം. 

ഡ്രോണുകളുമായി മത്സരിക്കാനുള്ള ഒരു നീക്കമായല്ല  ഈ റോബോട്ടുകളുടെ സൃഷ്ടിയെ ടെക്ലോകം കാണുന്നത് മറിച്ചു ഡ്രോണുകളും റോബോട്ടുകളും ചേര്‍ന്ന് കൃത്യമാര്‍ന്ന ഒരു വിതരണ സമ്പ്രദായം വാര്‍ത്തെടുക്കാന്‍ സാധ്യമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ കണക്കു കൂട്ടല്‍. മലഞ്ചെരുവുകളിലും വാഹനമെത്താത്ത സ്ഥലങ്ങളിലും ഡ്രോണുകളുപയോഗിക്കുകയും നഗരപ്രാന്ത പ്രദേശങ്ങളില്‍ റോബോട്ടുകളെ ഉപയോഗിക്കാനുമാണ് നീക്കം.

ഉടന്‍ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയുന്നതിനാല്‍ ചൂടാക്കിയോ,തണുപ്പിച്ചോ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള അറകളും അതിനുള്ള സൗകര്യങ്ങളും ആവശ്യമില്ല എന്നത് ഈ സംവിധാനത്തെ കൂടുതല്‍ ലളിതമാക്കും. ജനങ്ങളും വളര്‍ത്തുമൃഗങ്ങളും ഒക്കെ സഞ്ചരിക്കുന്ന ഫുട്പാത്തിലൂടെ റോബോട്ടിനെ അയക്കുകയും അവയെ കൃത്യമായി നിയന്ത്രിക്കുകയും ചെയ്യുന്നതിന് ഒരു റോബോട്ടില്‍ ഒന്‍പതു ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ ക്യാമറയുടെ സഹായത്താല്‍ 'വിഷ്വല്‍ ലോക്കലൈസേഷന്‍' എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് റോബോട്ടുകളെ നിരീക്ഷിക്കാനും അവയെ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാനും കഴിയും.

യാത്രാമദ്ധ്യേ ആരെങ്കിലും റോബോട്ടിലെ സാധന സംഭരണഅറയുടെ വാതില്‍ തുറക്കാന്‍ ശ്രമിച്ചാലോ റോബോട്ടിനെ ഉള്‍പ്പടെ അടിച്ചു മാറ്റാന്‍ ശ്രമിച്ചാലോ അലാറം പുറപ്പെടുവിച്ചു റോബോട്ട് ആളിനെക്കൂട്ടുകയും കമ്പനിക്ക് റോബോട്ടിനെ  നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുപോകുന്ന സ്ഥലം എളുപ്പത്തില്‍ ട്രാക്ക് ചെയ്യാനും കഴിയുമെന്നതിനാല്‍ ആരും ഈ മിടുക്കന്‍ റോബോട്ടിനെ തൊട്ടുകളിക്കാന്‍ മെനക്കെടില്ല. 

സാധനം ഓര്‍ഡര്‍ ചെയ്ത ആളുടെ സ്മാര്‍ട്‌ഫോണിലെത്തുന്ന ഒരു കോഡുപയോഗിച്ച് മാത്രമാകും റോബോട്ടിലുള്ള അറയുടെ വാതില്‍ തുറക്കാന്‍ സാധിക്കുക. ഈ സംവിധാനമുള്ളതിനാല്‍ വിവിധ അറകളില്‍ ഒരേ റൂട്ടില്‍ വ്യത്യസ്ത ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കും. 

അവധി ദിവസം വീടിനുള്ളില്‍ വിശ്രമിക്കുന്ന ഭര്‍ത്താവ് വരാന്തയിലിരിക്കുന്ന ഭാര്യയോട് ''തൊട്ടു മുന്‍പ്  ഞാന്‍  ഓര്‍ഡര്‍ ചെയ്ത  പിസയുമായി ആ  റോബോട്ട് വന്നിട്ടുണ്ട്; നീ വേഗം പോയി വാങ്ങി വയ്ക്കൂ'' എന്ന് പറയുന്നത് സമീപഭാവിയില്‍ നമ്മുടെയോ നമുക്ക് ചുറ്റുമുള്ള വീടുകളില്‍ നിന്നോ കേള്‍ക്കാന്‍ കഴിയും എന്നു ചുരുക്കം.  

shiyazmirza@outlook.com