മനുഷ്യന് ചെയ്യുന്ന പല ജോലികളും റോബോട്ടുകള്‍ ഏറ്റെടുത്തു തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍ ഇങ്ങനെയുള്ള ജോലികളില്‍ പലതും മനുഷ്യന് ചെയ്യാന്‍ പ്രയാസമുള്ളവയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
റസ്‌റ്റോറന്റുകളിലെത്തുന്ന അതിഥികളെ സ്വീകരിക്കാനും ഭക്ഷണം വിളമ്പാനുമെല്ലാം റോബോട്ടുകളെ നിയോഗിച്ചിരിക്കുകയാണ് ചൈനയിലെ ഒരു റസ്‌റ്റോറന്റ്.
ഇവിടെ എത്തിപ്പെടുന്നവര്‍ സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ ഭാവി ലോകത്തില്‍ എത്തപ്പെട്ടതുപോലെ ആദ്യം ഒന്ന് അമ്പരക്കും. കാരണം ഭക്ഷണവിഭവങ്ങളുമായി തിരക്കിട്ടു നീങ്ങുന്ന റോബോട്ടുകളെയാണ് ഇവിടെ നാം കാണുക.
ചൈനയിലെ ഗ്വിസു പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വിയാംഗില്‍ പ്രവര്‍ത്തിക്കുന്ന 'ടേസ്റ്റ് ആന്റ് അരോമ' എന്ന റസ്‌റ്റോറന്റാണ് റോബോട്ടുകളെ വെയിറ്റര്‍മാരായി രംഗത്തിറക്കിയിരിക്കുന്നത്. അഞ്ച് റോബോട്ടുകളാണ് ഈ റസ്‌റ്റോറന്റില്‍ ഇപ്പോള്‍ 'ജോലി' ചെയ്യുന്നത്.
കാര്യക്ഷമതയും വേഗതയുമാണ് ഈ റോബോട്ടുകളുടെ സവിശേഷത. എല്ലാത്തരം ഇടപാടുകാരുമായും പക്ഷപാതങ്ങളില്ലാതെ പെരുമാറുമെന്നതും ഇവയുടെ മറ്റൊരു ഗുണമാണ്.
സാങ്കേതികതയുടെ ഏറ്റവും പുതിയ മുഖമാണ് ഈ റോബോട്ടുകളെങ്കിലും, ഭക്ഷണം കഴിക്കാനെത്തുന്നവരില്‍ കൗതുകവും താല്‍പര്യവും ഉണര്‍ത്തുമെങ്കിലും ഇവര്‍ക്കും ചില ദൗര്‍ബല്യങ്ങളുണ്ട്. പ്രധാന പ്രശ്‌നം ഈ റോബോട്ട് വെയിറ്റര്‍മാര്‍ക്ക് ഇടപാടുകാരുടെ ഇഷ്ടാനിഷ്ടങ്ങളോട് പ്രതികരിക്കാനും അവരോട് സംസാരിക്കാനാും സാധിക്കില്ലെന്നതാണ്.
മാത്രമല്ല, നിലത്ത് ഉറപ്പിച്ചിരിക്കുന്ന നിശ്ചിത പാതയിലൂടെ മാത്രമേ ഇവയ്ക്ക് സഞ്ചരിക്കാന്‍ സാധിക്കുകയുള്ളൂ.