ഫ്ലിപ്കാര്‍ട്ടിലും ആമസോണിലുമെല്ലാം ഐഫോണ്‍ വാങ്ങിയിട്ട് സോപ്പും ഇഷ്ടിക കഷ്ണവുമെല്ലാം കിട്ടിയസംഭവങ്ങള്‍ നിരവധി നമ്മള്‍ കേട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ മാത്രമാണ് നടക്കുന്നത് എന്ന് കരുതിയെങ്കില്‍ തെറ്റി. അങ്ങനെ ഒരു സംഭവം ബ്രസീലിലും ഉണ്ടായി. അവിടുത്തെ ഒരു നടന്‍ ആപ്പിള്‍ വാച്ച് 6 ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് വെറും കല്ലാണ്. 

ബ്രസീലിയന്‍ നടനായ മുറിലോ ബെനിസിയോയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. കാരിഫോര്‍ (Carrifour) വെബ്‌സൈറ്റില്‍ നിന്നാണ് 44 എംഎം ആപ്പിള്‍ വാച്ച് സീരീസ് 63 അദ്ദേഹം വാങ്ങിയത്.

എന്നാല്‍ തനിക്ക് ലഭിച്ച പെട്ടി തുറന്നുനോക്കിയ അദ്ദേഹം വാച്ചിന് പകരം കല്ല് കണ്ട് ഞെട്ടി. സഹായത്തിനായി കാരിഫോര്‍ അധികൃതരെ വിളിച്ചെങ്കിലും സഹായിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. തുടര്‍ന്ന് നടന്‍ കമ്പനിയ്‌ക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. വാച്ചിന് ചിലവാക്കിയെ പണം തിരികെ നല്‍കണം എന്നാണ് ബെനിസിയോയുടെ ആവശ്യം. 

എന്തായാലും സംഭവത്തില്‍ ഇരു കക്ഷികളും തമ്മില്‍ ധാരണയിലായെന്നാണ് പിന്നീട് 9ടു5മാക് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1500 ഡോളര്‍ തിരികെ നല്‍കാന്‍ കമ്പനി സമ്മതിച്ചതായാണ് വിവരം. 

കഴിഞ്ഞ വര്‍ഷമാണ് ആപ്പിള്‍ വാച്ച് 6 പുറത്തിറക്കിയത്. ആപ്പിള്‍ വാച്ച് 7 പുറത്തിറക്കിയതിന് ശേഷം ഇത് വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ആപ്പിള്‍ വാച്ച് സീരീസ് 7, ആപ്പിള്‍ വാച്ച് എസ്ഇ, ആപ്പിള്‍വാച്ച് സീരീസ് 3 എന്നിവയാണ് ഇപ്പോള്‍ വില്‍പനയിലുള്ളത്.

Content Highlights: Brazilian actor orders Apple Watch 6 online, gets stone instead