സാങ്കേതികരംഗത്തിന് പ്രതീക്ഷയും പ്രതിസന്ധിയും ഒരു പോലെ നല്‍കിയ വര്‍ഷമായിരുന്നു 2021. കോവിഡ് 19 എന്ന മഹാമാരിയിലൂടെ ലോകം അടച്ചിടലിലേക്ക് നീങ്ങിയത് ആഗോള വിപണിയെ വലിയ തോതില്‍ തന്നെ ബാധിച്ചു. എന്നാല്‍, അടച്ചിടല്‍ മൂലം സ്മാര്‍ട്ട് ഉപാധികള്‍ക്കുള്ള ആവശ്യം കൂടിയത് വിപണിക്ക് ഉണര്‍വേകി. ഫിറ്റ്‌നസ് ബാന്‍ഡുകള്‍ക്ക് 2021-ല്‍ ജനപ്രീതി കൂടി എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. മഹാമാരിയുടെ കടന്നുവരവ് രക്തത്തിലെ ഓക്‌സിജന്‍ മോണിറ്ററിങ്ങോട് (SpO2 മോണിറ്ററിങ്) കൂടിയ ഫിറ്റ്‌നസ് ബാന്റുകളുടെ ആവിശ്യകത കൂട്ടുകയും ചെയ്തു. 2021 വര്‍ഷാവസാനത്തിലേക്ക് എത്തിനില്‍ക്കുമ്പോള്‍ പോയ വര്‍ഷത്തെ സ്മാര്‍ട്ട് വാച്ച് & സ്മാര്‍ട്ട് ബാന്‍ഡുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

ഒട്ടനവധി കമ്പനികള്‍ സ്മാര്‍ട്ട് വാച്ച് & സ്മാര്‍ട്ട് ബാന്‍ഡ് വിപണിയെ ലക്ഷ്യം വച്ചിറങ്ങിയ ഒരു വര്‍ഷം തന്നെ ആയിരുന്നു 2021. ടെക് ഭീമന്മാരായ ആപ്പിള്‍ മുതല്‍  മോട്ടോ വാച്ച് വരെ നീളുന്ന ഒരു വലിയ നിര തന്നെ ഉണ്ട്. 

മികച്ച സ്മാര്‍ട്ട് വാച്ച് എന്ന വിഭാഗത്തിലേക്ക് രണ്ട് പ്രമുഖ കമ്പനികളുടെ സ്മാര്‍ട്ട് വാച്ചുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആപ്പിള്‍ വാച്ച് സീരീസ് 7-ഉം സാംസങ് ഗാലക്സി വാച്ച് 4-ഉം 2021 ല്‍ വാങ്ങാന്‍ സാധിക്കുന്ന ഏറ്റവും മികച്ച സ്മാര്‍ട്ട് വാച്ചുകള്‍ എന്ന് നിസംശയം പറയാം. ഇതിലേത് തിരഞ്ഞെടുക്കണമെന്നത് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപയോകതാവിന്റെ സ്മാര്‍ട്ട്‌ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തെ ആശ്രയിച്ചിരിക്കുന്നു. ആപ്പിള്‍ വാച്ച് ഐഒഎസ്ഉ-മായും ഗാലക്‌സി വാച്ച് 4 ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റവുമായും മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.

Apple Watch S4ആപ്പിള്‍ വാച്ച് സീരീസ് 7 ( Apple Watch Series 7 )

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആപ്പിള്‍ വാച്ച് സീരീസ് 6 ന്റെ നവീകരിച്ച പതിപ്പാണ് ആപ്പിള്‍ വാച്ച് 7. മുന്‍ തലമുറ മോഡലിനേക്കാള്‍ വലിപ്പവും, വലിയ ഡിസ്‌പ്ലേയുമാണ് 7-ന് ഉള്ളത്. ആപ്പിള്‍ എസ് 7 സിപ് പ്രോസസ്സറാണ് സീരീസ് 7-ന് കരുത്തേകുന്നത്. ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടോടെയാണ് വാച്ച് വിപണിയിലെത്തിയത്. എന്നാല്‍ ഫാസ്റ്റ് ചാര്‍ജിങ് ഇന്ത്യയില്‍ സപ്പോര്‍ട്ട് ആവില്ല എന്നത് ഉപയോക്താക്കളില്‍ നിരാശ ഉണര്‍ത്തുന്നു. ഇഷ്ടാനുസരണം പല കളറുകളിലുള്ള കേസുകള്‍ സ്ട്രാപ്പുകള്‍ ഒക്കെ തിരഞ്ഞെടുക്കുന്നതുപോലെ ജിപിഎസ് മാത്രമായുള്ള മോഡലും സെല്ലുലാര്‍ കണക്ഷനുഉള്ള മോഡലും തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉപയോക്താവിനുണ്ട്. 41,900 രൂപയാണ് ഇന്ത്യയില്‍ വാച്ചിന്റെ പ്രാരംഭ വില.  സ്ലീപ് ട്രാക്കിംഗ് സംവിധാനം, സ്റ്റെപ് കൗണ്ട്, ദൂരം, ഹൃദയമിടിപ്പ് മോണിറ്ററിങ് പോലെയുള്ള സവിശേഷതകള്‍ വാച്ചില്‍ നല്‍കിയിരിക്കുന്നു. വാച്ചുപയോഗിച് SpO2 ട്രാക്ക് ചെയ്യാനും ഇസിജി റെക്കോര്‍ഡ് ചെയ്യാനും സാധിക്കും.

samsung galaxy watch 4സാംസങ് ഗാലക്‌സി വാച്ച് 4 ( Samsung Galaxy Watch 4 )

Wear OS പുനരുജ്ജീവിപ്പിക്കാന്‍ സാംസംങ്ങും ഗൂഗിളും ഗാലക്സി വാച്ച് 4 സീരീസില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചത് ഫലം കണ്ടു എന്ന് തന്നെ പറയാം. സമാനമായ രണ്ട് മോഡലുകളാണ് പുറത്തിറക്കിയത്, ഗാലക്സി വാച്ച് 4, ഗാലക്സി വാച്ച് 4 ക്ലാസിക്. എക്‌സിനോസ് W920 പ്രോസസ്സറാണ് ഇരു വാച്ചുകളെയുംകരുത്തേകുന്നത്. ഗാലക്സി വാച്ച് 4 അലുമിനിയം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, എന്നാല്‍ ഗാലക്സി വാച്ച് 4 ക്ലാസിക് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.  23,999 രൂപ മുതലാണ് സാംസങ് ഗാലക്സി വാച്ച് 4-ന്റെ വില ആരംഭിക്കുന്നത്. സ്റ്റെപ്പ് ട്രാക്കിംഗ്,ദൂരം,സ്ലീപ് ട്രാക്കിംഗ്, രക്തത്തിലെ ഓക്‌സിജന്റെ അളവ് നിരീക്ഷിക്കുക പോലെയുള്ള സവിശേശതകള്‍ വാച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആഗോള വിപണിയില്‍ അവതരിപ്പിച്ച ഗാലക്‌സി വാച്ച് 4-ല്‍ ഇസിജി റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനം ഉണ്ടെങ്കിലും ഇന്ത്യയില്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുകയില്ല. ഗാലക്സി വാച്ച് 4 ഏത് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുമായും എളുപ്പത്തില്‍ ജോടിയാക്കി ഉപയോഗിക്കാന്‍ സാധിക്കും, എന്നാല്‍ സാംസങ് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താവിന് കൂടുതല്‍ മെച്ചമാര്‍ന്ന അനുഭവം വാച്ച് നല്‍കുന്നു.

Xiaomi Mi Watch Revolve Activeഷവോമി മി വാച്ച് റിവോള്‍വ് ആക്റ്റീവ് ( Xiaomi Mi Watch Revolve Active )

1.39 ഇഞ്ചിന്റെ വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേയുമായാണ്  എംഐ വാച്ച് റിവോള്‍വ് ആക്ടീവിന് ഉള്ളത്, കൂടാതെ ഫൈബര്‍-റീ ഇന്‍ഫോഴ്സ്ഡ് പോളിമൈഡ് കെയ്‌സുമുണ്ട്. 35 ഗ്രാം ആണ് ഈ വാച്ചിന്റെ ഭാരം. മി വാച്ച് റിവോള്‍വ് ആക്റ്റീവില്‍ ഷവോമി സ്റ്റെപ്പ് ട്രാക്കിംഗ്, ദൂരം, ഹൃദയമിടിപ്പ്, സ്ലീപ് ട്രാക്കിംഗ്, SpO2 ട്രാക്കിംഗ് പോലെയുള്ള സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 9,999 രൂപയാണ് വാച്ചിന്റെ വില. കൂടാതെ അലക്‌സ വോയ്സ് അസിസ്റ്റന്റ് ഫീച്ചറും വാച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Realme Watch 2proറിയല്‍മി വാച്ച് 2 പ്രോ ( Realme Watch 2 Pro )

1.75 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേ, ജിപിഎസ്, രക്തത്തിലെ ഓക്‌സിജന്റെ അളവ് നിരീക്ഷിക്കുക (SpO2) പോലെയുള്ള സവിശേഷതകളുമായാണ് റിയല്‍മി വാച്ച് 2 പ്രോ വിപണിയിലെത്തിയത്. ഐ ഫോണുകളുമായും ആന്‍ഡ്രോയിഡ് ഫോണുകളുമായും അനായാസം കണക്ട് ചെയ്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും എടുത്തു പറയേണ്ട പ്രത്യേകത. 4,999 രൂപയാണ് വാച്ചിന് ഇന്ത്യയില്‍ ഈടാക്കുന്ന വില.
ദൂരം കൃത്യമായി മോണിറ്റര്‍ ചെയ്യാന്‍ റിയല്‍മി വാച്ച് 2 പ്രോക്ക് സാധിക്കുന്നു. ജിപിഎസ് സൗകര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത് പുറം സ്ഥലങ്ങളില്‍ വ്യായാമം ചെയ്യുന്നത്തിന് കൂടുതല്‍ സൗകര്യപ്രദമാകുന്നു. വാച്ച് മികവുറ്റ ബാറ്ററി ക്ഷമത നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Mi Band 6ഷവോമി മി സ്മാര്‍ട്ട് ബാന്‍ഡ് 6 ( Xiaomi Mi Smart Band 6 )

ഷവോമിയുടെ സ്മാര്‍ട്ട് ഫിറ്റ്‌നസ് ബാന്‍ഡ് ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ് മി സ്മാര്‍ട്ട് ബാന്‍ഡ് 6. ബഡ്ജറ്റ്-ഫ്രണ്ട്ലി എന്ന നിലയില്‍ ഒന്നിലധികം കായിക പ്രവൃത്തികള്‍ ട്രാക്ക് ചെയ്യുന്നതിന് ബാന്‍ഡ് 6 സഹായിക്കുന്നു. കൂടാതെ SpO2 ലെവലുകള്‍ ട്രാക്ക് ചെയ്യാനും ബാന്‍ഡിന് സാധിക്കും. ഒരു സ്മാര്‍ട്ട് വാച്ച് ആവശ്യമില്ല, മറിച്ച്  ഫിറ്റ്‌നസ് ട്രാക്ക് ചെയ്യാനുള്ളതും എളുപ്പത്തില്‍ ധരിക്കാവുന്നതും കൊണ്ട് നടക്കാവുന്നതുമായ ഒരു ഉപാധി എന്ന നിലയില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ മി ബാന്‍ഡിന് കഴിയുന്നു. ഇന്ത്യയില്‍ മി സ്മാര്‍ട്ട് ബാന്‍ഡ് 6 ന്റെ വില 3,499 രൂപയാണ്. മി സ്മാര്‍ട്ട് ബാന്‍ഡ് 6 ചെറുതും ഭാരം കുറഞ്ഞതുമാണ്. ഉറക്കം കൃത്യമായി ട്രാക്ക് ചെയ്യാനും ഇത് സഹായിക്കും. Mi Smart Band 6-ല്‍ സ്റ്റെപ് കൗണ്ട്, ദൂരം, ഹാര്‍ട്ട് റേറ്റ് മോണിറ്ററിങ് പോലെയുള്ള ഫീച്ചറുകളും ബാന്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഷവോമി മാഗ്‌നറ്റിക് ചാര്‍ജര്‍ അവതരിപ്പിച്ചതോടെ ബാന്‍ഡ് ചാര്‍ജ് ചെയ്യുന്നത് എളുപ്പമായി.

Content Highlights: Best Smartwatches and Fitness bands of 2021