വരാനിരിക്കുന്ന പുതിയ ഐഫോണുകളില്‍ ട്രിപ്പിള്‍ ക്യാമറയായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരിക്കെയാണ് പുതിയ ഐപാഡുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്. വരാനിരിക്കുന്ന ഐപാഡ് മോഡലിലും ഒന്നിലധികം ക്യാമറകളുണ്ടായിരിക്കുമെന്നാണ് വിവരം
ഐപാഡ് പ്രോയില്‍ ട്രിപ്പിള്‍ ക്യാമറ സംവിധാനവും. 10.2 ഇഞ്ച് ഐപാഡില്‍ ഡ്യുവല്‍ ക്യാമറ സംവിധാനവും ആയിരിക്കുമെന്ന് മാക് ഒറ്റാകാരാ (Mac Otakara) എന്ന ബ്ലോഗിനെ ഉദ്ധരിച്ച് ആപ്പിള്‍ ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വര്‍ഷം ആദ്യമാണ് ഐപാഡ് മിനി, ഐപാഡ് എയര്‍ പതിപ്പുകള്‍ പുതുമകളോടെ അവതരിപ്പിച്ചത്. ഈ വര്‍ഷം അവസാനത്തോടെ ഐപാഡ് പ്രോ, ഐപാഡ് പതിപ്പുകളില്‍ ചില അപ്‌ഡേറ്റുകള്‍ കൂടി അവതരിപ്പിച്ചേക്കും.
ഐഫോണ്‍ 11 ല്‍ ചതുരാകൃതിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന മോഡ്യൂളില്‍ ക്യാമറകള്‍ സ്ഥാപിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ രീതിയില്‍ തന്നെയാവും ഐപാഡുകളിലും ക്യാമറ സ്ഥാപിക്കുകയെന്ന് മാക് ഒറ്റാകാരാ പറയുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ഐഫോണ്‍ മോഡലുകളില്‍ ഡ്യുവല്‍ ക്യാമറ സംവിധാനം ആപ്പിള്‍ അവതരിപ്പിച്ചിരുന്നെങ്കിലും ഐപാഡിലേക്ക് അവ കൊണ്ടുവന്നിരുന്നില്ല. ഏറ്റവും പുതിയ ഐപാഡ് പ്രോയില്‍ 12 മെഗാപിക്‌സല്‍ സെന്‍സറാണുള്ളത്. ഐപാഡ് മിനി, ഐപാഡ് എയര്‍, ഐപാഡ് എന്നിവയില്‍ എട്ട് മെഗാപിക്‌സല്‍ സെന്‍സറുകളാണുള്ളത്.
ട്രിപ്പിള്‍ ക്യാമറ സംവിധാനം ഐപാഡിലേക്കും കൊണ്ടുവരുന്നത് ആപ്പിളിന്റെ ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യകള്‍ക്ക് പിന്തുണ നല്‍കുന്നതിനായിരിക്കണം.
Content Highlights: Apples new ipad model may feature tripple camera set up