പ്പിള്‍ വിലകുറഞ്ഞ ഐപാഡ് പതിപ്പ് പുറത്തിറക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ ആപ്പിളിന്റെ ഒമ്പതാം തലമുറ ഐപാഡ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ല്‍ ആപ്പിള്‍ പുറത്തിറക്കിയ മൂന്നാം തലമുറ ഐപാഡ് എയറിനെ അടിസ്ഥാനമാക്കിയാവും പുതിയ ഐപാഡിന്റെ രൂപകല്‍പനയെന്നും ചൈനീസ് വെബ്‌സൈറ്റായ മാക്ക് ഒറ്റകാരയെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ ഐപാഡിന്റെ ഡിസ്‌പ്ലേ വലിപ്പം നിലവിലുള്ളത് പോലെ 10.2 ഇഞ്ച് ആയി തുടരും. എന്നാല്‍ ഐപാഡ് എയറിനേക്കാള്‍ കനം കുറവായിരിക്കും ഇതിന്. നിലവിലുള്ള ഐപാഡ് എയറിന് 7.5 മി.മീ കനമുണ്ട്. ഇത് 6.3 മി.മീ ആയിക്കുറയും. ഇത് കൂടാതെ നിലവിലുള്ള ഐപാഡ് എയറിന്റെ ഭാരം 490 ഗ്രാം ആണ് ഇത് പുതിയ പതിപ്പില്‍ 460 ആയി കുറയുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഇതില്‍ ടച്ച് ഐഡി ഹോം ബട്ടനും ലൈറ്റ്‌നിങ് പോര്‍ട്ടും ഉണ്ടാവും. പൂര്‍ണമായും ലാമിനേറ്റ് ചെയ്ത ഡിസ്‌പ്ലേ, ആന്റി റിഫ്‌ളക്ടിവ് കോട്ടിങ്, പി3 വൈഡ് കളര്‍ പിന്തുണ, ട്രൂടോണ്‍ എന്നിവയും ഐപാഡിന്റെ സവിശേഷതകളാവും. അതേസമയം എ-സീരീസ് പ്രൊസസര്‍ ചിപ്പില്‍ സുപ്രധാന പരിഷ്‌കാരങ്ങളുണ്ടാവുമെന്നും ടിപ്പോര്‍ട്ട് സൂചിപ്പിച്ചു. 

നിലവില്‍ ഐപാഡിന്റെ ഏറ്റവും കുറഞ്ഞ വില 329 ഡോളറാണ്. പുതിയ ഐപാഡിന് 299 ഡോളറിലേക്ക് വിലകുറയുമെന്നാണ് ഒട്ടുമിക്ക റിപ്പോര്‍ട്ടുകളും പറയുന്നത്.

Content Highlights: apple working on low cost ipad with thinner lighter design