ഐഫോണും ഐപാഡും പോലെ ആപ്പിള്‍ സ്മാര്‍ട്ട് വാച്ചിറക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. 'ആപ്പിള്‍ വാച്ച്' എന്ന പേരിലിറങ്ങുന്ന ഈ സ്മാര്‍ട്‌വാച്ച് അമേരിക്കയടക്കമുളള വിദേശവിപണികളില്‍ നന്നായി വിറ്റുപോകുന്നുമുണ്ട്. 

ഈ വര്‍ഷം സപ്തംബറില്‍ ഐഫോണ്‍ 7 അവതരിപ്പിച്ചപ്പോള്‍ ആപ്പിള്‍ അതിനൊപ്പം 'ആപ്പിള്‍ വാച്ച് സീരീസ് 2' മോഡലും പുറത്തിറക്കിയിരുന്നു. സ്‌പോര്‍ട്‌സ് ആക്‌സസറീസ് കമ്പനിയായ നൈക്കിയുമായി സഹകരിച്ചുകൊണ്ട് ആപ്പിള്‍ വാച്ച് സീരീസ് 2 ഇന്ത്യയിലുമെത്തുകയാണ്. ആപ്പിള്‍ വാച്ച് സീരീസ് 2 നൈക്കി എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വാച്ചുകള്‍ ഒക്‌ടോബര്‍ 28 മുതല്‍ രാജ്യത്ത് വില്പന തുടങ്ങും. 

സ്‌പേസ് ഗ്രേ, സില്‍വര്‍ അലൂമിനിയം എന്നീ രണ്ട് നിറങ്ങളിലാണ് ആപ്പിളിന്റെ നൈക്കി എഡിഷന്‍ വാച്ചുകളെത്തുന്നത്. നൈക്കിയുടെ ലോഗോയോട് കൂടിയ ബ്ലാക്ക്, ഗ്രെ സ്ട്രാപ്പുകളും വാച്ചിനൊപ്പം ലഭിക്കും. കൂടുതല്‍ വ്യത്യസ്തമായ നിറങ്ങളുളള സ്ട്രാപ്പുകള്‍ ഇനി ഇറങ്ങാനുമുണ്ട്.

ആപ്പിള്‍ ഐഫോണ്‍ 5നും അതിന് ശേഷമിറങ്ങിയ പതിപ്പുകളുമായൊക്കെ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആപ്പിള്‍ നൈക്കി വാച്ചിനാകും. ഫോണിലേക്ക് വരുന്ന മെസേജുകളും ഈമെയില്‍ നോട്ടിഫിക്കേഷനുകളുമെല്ലാം വാച്ചിന്റെ ഡയലില്‍ തെളിയും. 

ഓട്ടം ഹോബിയാക്കിയവര്‍ക്ക് വേണ്ടി നൈക്കി രൂപം നല്‍കിയ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ നൈക്കി പ്ലസ് റണ്‍ ക്ലബിലേക്കുളള അംഗത്വവും വാച്ചിനൊപ്പം സൗജന്യമായി ലഭിക്കും. വാച്ചും കെട്ടി ഓടാനിറങ്ങിയാല്‍ മതി ഓട്ടത്തിന്റെ വേഗവും ദൂരവും കത്തിത്തീര്‍ന്ന കലോറിയുടെ അളവുമെല്ലാം വാച്ചില്‍ കൃത്യമായി തെളിഞ്ഞുവരും. ബില്‍ട്ട് ഇന്‍ ജി.പി.എസിന്റെ സഹായത്തോടെയാണിത് സാധിക്കുന്നത്. ക്ലബിലുളള മറ്റ് ഓട്ടക്കാര്‍ ഓരോ ദിവസവും എത്ര ദൂരം ഓടി എന്ന വിവരവും ഇതില്‍ ലഭിക്കും. 

ആപ്പിളിന്റെ വാച്ച് ഒഎസ്3 യില്‍ പ്രവര്‍ത്തിക്കുന്ന വാച്ചില്‍ ഡ്യുവല്‍ കോര്‍ പ്രൊസസറാണുള്ളത്. 50 മീറ്റര്‍ ആഴത്തില്‍ മുക്കിയാല്‍ പോലും വെള്ളം കയറുന്നത് പ്രതിരോധിക്കാന്‍ ഇതിനാകുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. 

38 മില്ലിമീറ്റര്‍, 42 മില്ലിമീറ്റര്‍ അളവ് കെയ്‌സുള്ള രണ്ട് മോഡലുകളാണ് ആപ്പിള്‍ വാച്ചിനുള്ളത്. 38 മില്ലിമീറ്റര്‍ മോഡലിന് 32,900 രൂപയും 42 മില്ലിമീറ്റര്‍ മോഡലിന് 34,900 രൂപയുമാണ് വില.