രും വര്‍ഷം ഐഓഎസ് ഉപകരണങ്ങള്‍ക്ക് കരുത്തേകുക ഐഓഎസ് 12 ഓഎസ്. ഇതിന്റെ ബീറ്റാ പതിപ്പ് നിലവില്‍ ലഭ്യമാണ്. ഐഓഎസ് 12 ന്റെ യഥാര്‍ത്ഥ പതിപ്പ് വരാനിരിക്കെ നമുക്ക് അതിന്റെ സവിശേഷതകളെ കുറിച്ചറിയാം.

ഇത് എപ്പോള്‍ മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം?

ജൂണ്‍ അവസാനമാണ് ഐഓഎസ് 12 ന്റെ ബീറ്റാ പതിപ്പ് പുറത്തിറക്കിയത്. യഥാര്‍ത്ഥ പതിപ്പ് എത്തുന്നത് വരെ ബീറ്റാ പരീക്ഷണം തുടരും. സെപ്റ്റംബറില്‍ ഐഓഎസ് 12 ന്റെ യഥാര്‍ത്ഥ പതിപ്പ് എത്തുമെന്നാണ് ഇതുവരെയുള്ള വിവരം. 

ഐഓഎസ് 11 ല്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലെല്ലാം ഐഓഎസ് 12 ഉം ലഭിക്കും. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ഐഫോണ്‍ 5 എസ് മുതല്‍ ഐഫോണ്‍ ടെന്‍ വരെയുള്ള ഐഫോണുകളിലും ഐപാഡ് മിനി 2 മുതല്‍ 12.9 ഇഞ്ച് ഐപാഡ് പ്രോ വരെയുള്ളവയിലും ഐഓഎസ് 12 അപ്‌ഡേറ്റ് ലഭ്യമാവും. 

വേഗതയുള്ളത്, സുഗമവും

ഐഓഎസ് ഉപകരണങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന മാറ്റങ്ങളും പരിഷ്‌കാരങ്ങളുമായാണ് ഐഓഎസ് 12 എത്തുന്നത്. ആപ്ലിക്കേഷനുകള്‍ വേഗം തുറക്കുകയും കൂടുതല്‍ സുഗമമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ആപ്പ് ക്രാഷ് ആവുന്ന സാഹചര്യങ്ങള്‍ കുറയുന്നു. 

ചില പ്രധാന സൗകര്യങ്ങള്‍


സിരി ഷോട്ട്കട്ട്

സിരി സ്മാര്‍ട് അസിസ്റ്റന്റിന്റെ ഷോട്ട്കട്ടുകളാണ് മറ്റൊരു സവിശേഷത. ആമസോണ്‍ അലക്സയില്‍ ഇതിന് സമാനമായ സൗകര്യം ലഭ്യമാണ്. സിരി ഉപയോഗിച്ച് പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യാന്‍ ഈ പുതിയ ഷോട്ട് കട്ടുകള്‍ സഹായിക്കും. അതായത് ഒരു കാര്യം ആവശ്യപ്പെടാനുള്ള ശബ്ദനിര്‍ദ്ദേശം നിങ്ങള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ചുവെക്കാനാവും. ദിനചര്യകള്‍ സംബന്ധിച്ചും കലണ്ടറില്‍ രേഖപ്പെടുത്തിയ പരിപാടികള്‍ സംബന്ധിച്ചുമുള്ള നിര്‍ദ്ദേശങ്ങള്‍ തരാനും സിരിയ്ക്ക് സാധിക്കും. തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളിലേക്ക് സിരി ഷോട്ട്കട്ട് ചേര്‍ക്കാനും ആപ്പിള്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഡുനോട്ട് ഡിസ്റ്റര്‍ബ്

സമയം, സ്ഥലം എന്നിവയ്ക്കനുസരിച്ച് നോട്ടിഫിക്കേഷനുകളും കോളുകളും തടയുന്ന ഡുനോട്ട് ഡിസ്റ്റര്‍ബ് ഫീച്ചറും ഈ പുതിയ പതിപ്പിലുണ്ടാവും. ഡെലിവര്‍ ക്വയറ്റ്ലി എന്ന ഫീച്ചര്‍ വഴി ചില ആപ്ലിക്കേഷനുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ ഹോം സ്‌ക്രീനില്‍ കാണിക്കാതെ പ്രത്യേകം പട്ടികയില്‍ പെടുത്താന്‍ കഴിയും. ഇതില്‍ ഒരോ ആപ്പില്‍നിന്നുമുള്ള നോട്ടിഫിക്കേഷനുകളെ പ്രത്യേകം ഗ്രൂപ്പുകളായി വേര്‍തിരിക്കുന്ന ഗ്രൂപ്പ്ഡ് നോട്ടിഫിക്കേഷന്‍ സൗകര്യവുമുണ്ട്.

സ്‌ക്രീന്‍ടൈം

ആപ്ലിക്കേഷന്‍ ഉപയോഗം നിയന്ത്രിക്കാനുള്ള സൗകര്യങ്ങളും ഐഓഎസ് 12 ല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി നിങ്ങള്‍ ഐഫോണ്‍ അല്ലെങ്കില്‍ ഐപാഡ് ഉപയോഗിക്കാന്‍ എത്ര സമയം ചിലവിട്ടു എന്ന് കാണിക്കുന്ന പ്രതിവാര കണക്കുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഫോണ്‍ എത്ര തവണ എടുക്കുന്നു. എത് ആപ്ലിക്കേഷനാണ് നിങ്ങള്‍ ഏറെ ഉപയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം നിങ്ങള്‍ക്ക് ഡാഷ്ബോഡില്‍ കാണാന്‍ സാധിക്കും. ചില ആപ്ലിക്കേഷനുകളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള സൗകര്യവും സ്‌ക്രീന്‍ ടൈം ഫീച്ചര്‍ ഒരുക്കുന്നുണ്ട്. ഈ ഫീച്ചര്‍ ഉപയോഗിച്ച് മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഫോണ്‍ ഉപയോഗം നിരീക്ഷിക്കാനും സൗകര്യമൊരുക്കുന്നു.

ആപ്പിള്‍ ന്യൂസ്, സ്റ്റോക്ക്സ്, വോയ്സ് മെമോസ്

ആപ്പിള്‍ ന്യൂസ്, സ്റ്റോക്ക്സ് എന്നീ ആപ്ലിക്കേഷനുകളും ഐ.ഒ.എസ്. 12 ല്‍ പുതുമയോടെയാണ് എത്തുന്നത്. അവ കൂടുതല്‍ സൗകര്യപ്രദവും ലളിതവുമാക്കുന്ന മാറ്റങ്ങളാണ് ആപ്പിള്‍ ഒരുക്കിയിട്ടുള്ളത്. നാവിഗേഷന്‍ എളുപ്പമാക്കുന്ന വിധത്തില്‍ ന്യൂസ് ആപ്പിന് പുതിയ സൈഡ് ബാറുണ്ടാവും. സ്റ്റോക്സ് ആപ്പില്‍ പ്രധാനപ്പെട്ട തലക്കെട്ടുകള്‍ കാണാനുള്ള സൗകര്യവുമുണ്ടാവും. വോയ്സ് മെമോയും പുതിയ മാറ്റങ്ങളോടെ അവതരിപ്പിച്ചിട്ടുണ്ട്. വോയ്സ് മെമോ ഇപ്പോള്‍ ഐപാഡിലും ലഭ്യമാവും.

ഫോട്ടോസ്

ഫോട്ടോസ് ആപ്ലിക്കേഷനിലെ സെര്‍ച്ച് സജഷനുകളിലാണ് പ്രധാന മാറ്റമുള്ളത്. സെര്‍ച്ച് ചെയ്യാന്‍ ടൈപ്പ് ചെയ്യുന്നതിന് മുമ്പ് തന്നെ, പ്രത്യേക നിമിഷങ്ങള്‍, ആളുകള്‍, ചിത്രങ്ങള്‍ എടുത്ത സ്ഥലങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് തരുന്നു. കൂടാതെ ഇതിലെ സീന്‍ റെക്കഗ്‌നിഷന്‍ സംവിധാനം വഴി സമാനമായ ചിത്രങ്ങള്‍, അതായത് വാഹനങ്ങള്‍, പൂക്കള്‍ പോലുള്ളവ തിരിച്ചറിഞ്ഞ് അവ പ്രത്യേകമായി ക്രമീകരിക്കുന്നു. കൂടാതെ ഒന്നില്‍ കൂടുതല്‍ വാക്കുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യുന്നതും സെര്‍ച്ച് ചെയ്യാനുള്ള വാക്കുകള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ തരുന്നതും പുതിയ സൗകര്യങ്ങളാണ്.

അനിമോജി, മീമോജി

ഐ.ഒ.എസ്. 12 ല്‍ അനിമോജികള്‍ ലഭ്യമാണ്. മുഖം മാത്രമല്ല നാവിന്റെ ചലനങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്നതാണ് ഇതിന്റെ സിവിശേഷത. ഫേസ് ടൈം ഉപയോഗിക്കുമ്പോഴും ചാറ്റ് ചെയ്യുമ്പോഴും അനിമോജികള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഈ സൗകര്യം ഐ ഫോണ്‍ ടെന്നില്‍ മാത്രമാണ് ലഭിക്കുക. മീമോജി എന്ന മറ്റൊരു സൗകര്യവുമുണ്ട്. സാംസങ് എസ് 9 ല്‍ അവതരിപ്പിച്ച അനിമോജി ഫീച്ചറിന് സമാനമാണിത്. അതായത് ഉപയോഗിക്കുന്നയാളിന്റെ മുഖം ഉപയോഗിച്ചുള്ള ഇമോജികള്‍ ഉണ്ടാക്കാന്‍ ഇതില്‍ സാധിക്കും. 

ഫേസ് ടൈം ഗ്രൂപ്പ് വീഡിയോ

ഒരേ സമയം 32 ഓളം ആളുകള്‍ക്ക് പങ്കാളികളാവാന്‍ കഴിയുന്ന ഗ്രൂപ്പ് വീഡിയോകോള്‍ സൗകര്യം ഫെയ്സ് ടൈം ആപ്പില്‍ അവതരിപ്പിച്ചു. ഗ്രൂപ്പ് ചാറ്റില്‍ ഓഡിയോ വീഡിയോ ഓപ്ഷനുകളുണ്ടാവും.

Content Highlightsഛ apple IOS 12 Launch features specifications