പ്പിള്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പരിപാടിയാണ് ഒക്ടോബര്‍ 13ന് നടക്കാനിരിക്കുന്നത്. ഹൈ സ്പീഡ് (Hi Speed) എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ പുതിയ ഐഫോണ്‍ 12 ഉം ആപ്പിളിന്റെ മറ്റ് ഉല്‍പന്നങ്ങളും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഈ വര്‍ഷത്തെ ആപ്പിളിന്റെ രണ്ടാമത്തെ പരിപാടിയാണ് ഓക്ടോബര്‍ 13 ന് നടക്കുന്നത്.  സെപ്റ്റംബര്‍ 15 ന് നടത്തിയ ടൈം ഫ്‌ളൈസ് എന്ന പേരിലുള്ള പരിപാടിയില്‍ ഐ പാഡ് എയര്‍, 10.2-ഇഞ്ച് ഐപാഡ്, ഐപ്പിള്‍ വാച്ച് സീരീസ് 6, ആപ്പിള്‍ വാച്ച് എസ്ഇ എന്നിവ അവതരിപ്പിച്ചിരുന്നു. ഒക്ടോബര്‍ 13 ന് അടുത്ത പരിപാടി നടക്കുമെന്ന പ്രഖ്യാപനവും അന്നുണ്ടായി.

വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സ് 2020 കീനോട്ട്, ടൈം ഫ്‌ളൈസ് എന്നീ പരിപാടികളെ പോലെ പകര്‍ച്ചാവ്യാധിയുടെ കാലത്ത് ഓണ്‍ലൈന്‍ ആയിട്ടാവും 'ഹൈ സ്പീഡ്' പരിപാടിയും സംഘടിപ്പിക്കുക. 

നാളെ ആപ്പിളില്‍ നിന്നും പ്രതീക്ഷിക്കുന്ന ചില ഉല്‍പന്നങ്ങളാണ് താഴെ പരിചയപ്പെടുത്തുന്നത്. 

ഐഫോണ്‍ 12

നാളെ ആപ്പിള്‍ അവതരിപ്പിക്കുമെന്ന് ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കപ്പെടുന്ന ഉപകരണമാണിത്. ഐഫോണ്‍ 12, ഐഫോണ്‍ 12 മാക്‌സ്, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിങ്ങനെ നാല് ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ പ്രോ പതിപ്പുകളല്ലാത്ത മോഡലുകള്‍ക്ക് ഐഫോണ്‍ മിനി, ഐഫോണ്‍ 12 എന്നിങ്ങനെയാവും പേരുകളെന്നും അഭ്യൂഹമുണ്ട്. 

ഇതില്‍ സ്റ്റാന്റേര്‍ഡ് മോഡലുകള്‍ക്ക് 5.4 ഇഞ്ച്, 6.1 ഇഞ്ച് ഓഎല്‍ഇഡി സ്‌ക്രീനുകളായിരിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം പ്രോ മോഡലുകള്‍ക്ക് 6.1 ഇഞ്ച് , 6.7 ഇഞ്ച് സ്‌ക്രീനുകളായിരിക്കുമെന്നും കരുതുന്നു. പ്രോ മോഡലുകളില്‍ 120 ഹെര്‍ട്‌സ് പ്രോമോഷന്‍ പിന്തുണയുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു. 

ഫോണിന് പിന്‍ഭാഗത്തായി ഡ്യുവല്‍ ക്യാമറയോ ട്രിപ്പിള്‍ ക്യാമറയോ ആണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ സ്റ്റാന്റേര്‍ഡ് മോഡലുകള്‍ക്ക് വൈഡ് ആംഗിള്‍, അള്‍ട്രാ വൈഡ് ഫോട്ടോഗ്രഫി സൗകര്യങ്ങളുള്ള 12 മെഗാപിക്‌സലിന്റെ രണ്ട് ക്യാമറകള്‍ ആയിരിക്കുമെന്നും പ്രോ മോഡലുകളില്‍ ഒരു ടെലിഫോട്ടോ ക്യാമറകൂടി ഉള്‍പ്പെടുമെന്നും കരുതുന്നു. 

ഐപാഡ് പ്രോയില്‍ ഉപയോഗിച്ച ലിഡാര്‍ സെന്‍സര്‍ ഐഫോണ്‍ 12 പ്രോ ഫോണുകളില്‍ ഉള്‍പ്പെടുത്തിയേക്കും. ഫോട്ടോഗ്രാഫിയില്‍ ക്യാമറകള്‍ ഫോക്കസ് ചെയ്യുന്നതിന് ദൂരം കൃത്യമായി ലഭിക്കുന്നതിനുള്‍പ്പടെയള്ള ഓഗ്മെന്റഡ് റിയാലിറ്റി ആപ്ലിക്കേഷനുകള്‍ക്ക് വേണ്ടിയാണ് ലിഡാര്‍ സെന്‍സര്‍ പ്രയോജനപ്പെടുത്തുന്നത്. മികച്ച ലെന്‍സുകളായിരിക്കും ക്യാമറയില്‍ ഉപയോഗിക്കുകയെന്നും പ്രതീക്ഷിക്കുന്നു. 

4കെ റസലൂഷനില്‍ 120  എഫ്പിഎസ്, 240 എഫ്പിഎസ് ഫ്രെയിം റേറ്റില്‍ സ്ലോമോഷന്‍ വീഡിയോ ചിത്രീകരിക്കാനുള്ള സൗകര്യം ഐഫോണ്‍ 10 ല്‍ ഉള്‍പ്പെടുത്തിയേക്കും. 'എന്‍ഹാന്‍സ്ഡ് നൈറ്റ് മോഡ്', അഡ്വാന്‍സ്ഡ് നോയ്‌സ് റിഡക്ഷന്‍ സൗകര്യങ്ങളും പുതിയ ഐഫോണ്‍ ക്യാമറയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. 

ഈ ഫോണുകളിലെല്ലാം 5ജി കണക്റ്റിവിറ്റി ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. ഒക്ടോബറിലും നവംബറിലുമായി ഫോണുകളുടെ വില്‍പന ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. 

ഹോം പോഡ്

ഒക്ടോബര്‍ 13 ന് ആപ്പിള്‍ പുതിയ ഹോംപോഡ് സ്മാര്‍ട് സ്പീക്കര്‍ പുറത്തിറക്കിയേക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. 2017 ല്‍ ഹോംപോഡ് അവതരിപ്പിച്ചതിന് ശേഷം കാര്യമായ മാറ്റങ്ങളൊന്നും ഈ ഉപകരണത്തിന് വരുത്തിയിട്ടില്ല. എന്നാല്‍ പുതിയ ഐഫോണുകള്‍ക്കൊപ്പം ഹോംപോഡിന്റെ പരിഷ്‌കരിച്ച പതിപ്പും പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആദ്യം പുറത്തിറക്കിയ ഹോംപോഡിനേക്കാള്‍ ചെറിയ സ്പീക്കറുകളായിരിക്കും ഇത്തവണ പുറത്തിറക്കാന്‍ സാധ്യത. വിപണിയിലെ മറ്റ് എതിരാളികളെ നേരിടാനുള്ള ശ്രമം ഹോംപോഡില്‍ പ്രതീക്ഷിക്കാം. 

apple silicon
ആപ്പിള്‍ എയര്‍ ടാഗ് ഭാവനയില്‍ | Photo: twitter@jon_prosser

എയര്‍ ടാഗ്

ഒരു ട്രാക്കിങ് ഉപകരണമാണ് എയര്‍ടാഗ്. ഇവ എതെങ്കിലും ഒരു വസ്തുവില്‍ ഘടിപ്പിച്ചതിന് ശേഷം അത് എവിടെയെങ്കിലും നഷ്ടപ്പെട്ടാല്‍ ഒരു ആപ്പ് വഴി അവ കണ്ടുപിടിക്കാന്‍ ഈ ഉപകരണം സഹായിക്കും. എയര്‍ ടാഗിന് വൃത്താകൃതിയായിരിക്കും ഉണ്ടാവുകയെന്നും ഒരു ബാഡ്ജിനും ബട്ടനും സമാനമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് ഹൈ സ്പീഡ് ഇവന്റില്‍ പുറത്തിറക്കാനിടയില്ലെന്നും അടുത്തവര്‍ഷമായിരിക്കും അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Airpod Studio
ആപ്പിള്‍ എയര്‍ പോഡ് സ്റ്റുഡിയോ ഭാവനയില്‍ | Photo: twitter@jon_prosser

എയര്‍ പോഡ് സ്റ്റുഡിയോ

ആപ്പിളില്‍ നിന്നും പുറത്തിറങ്ങുന്ന പ്രീമിയം ഓവര്‍ ദി ഇയര്‍ വയര്‍ലെസ് ഹഡ്‌ഫോണ്‍ ആണ് എയര്‍പോഡ് സറ്റുഡിയോ.  എയര്‍ പോഡുകളുടെ ഓഡിയോ ക്വാളിറ്റി ഉറപ്പു നല്‍കുന്ന ഈ ഉപകരണം പേര് പോലെ സ്റ്റുഡിയോ ഉപയോഗങ്ങള്‍ക്കായി പ്രയോജനപ്പെടുത്താനാവും. അതിന് വേണ്ട സാങ്കേതിക വിദ്യകളും ഇതില്‍ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍, ട്രാന്‍സ്പാരന്‍സി മോഡ് പോലുള്ളവ അതില്‍ ചിലതാണ്. 

എച്ച് വണ്‍ ചിപ്പ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹെഡ്‌ഫോണില്‍ സിരി സ്മാര്‍ട് അസിസ്റ്റന്റ് പിന്തുണയും ലഭിക്കും. ഹെഡ്‌സെറ്റ് ചെവിയ്ക്ക് മുകളില്‍ ധരിച്ചിട്ടുണ്ടോ അതോ കഴുത്തില്‍ ഇട്ടിരിക്കുകയാണോ എന്നും ഹെഡ്‌ഫോണ്‍ ഇടത്, വലത് ഓഡിയോ ചാനലുകള്‍ ശരിയായരീതിയിലാണോ ധരിച്ചത് എന്നറിയുന്നതിനുള്ള സെന്‍സറുകള്‍ ഇതിലുണ്ടാവും. 

ആപ്പിള്‍ സിലിക്കണ്‍ 

ഇന്റല്‍ പ്രൊസസറിന് പകരമായി കമ്പനി സ്വന്തമായി നിര്‍മിക്കുന്ന ആപ്പിള്‍ സിലിക്കണ്‍ ചിപ്പ് ഉപയോഗിക്കുമെന്ന് കഴിഞ്ഞ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആപ്പിള്‍ വ്യക്തമാക്കിയിരുന്നു. ആപ്പിള്‍ സിലിക്കണ്‍ ചിപ്പ് ഉപയോഗിച്ച ആദ്യ മാക് കംപ്യൂട്ടര്‍ ഈ വര്‍ഷം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവതരണ പരിപാടിയുടെ 'ഹൈ സ്പീഡ്' എന്ന പേര് തന്നെ പ്രതിനിധാനം ചെയ്യുന്നത് ആപ്പിള്‍ ഹൈ സിലിക്കണ്‍ ചിപ്പിനെ ആണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. 

എന്നാല്‍ ഇത് വലിയൊരു മാറ്റമാണെന്നതിനാല്‍ തന്നെ ആപ്പിള്‍ സിലിക്കണ്‍ ചിപ്പ് അവതരിപ്പിക്കുന്നതിനായി പ്രത്യേകം പരിപാടി സംഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കരുതുന്നു. ഇക്കാരണം കൊണ്ടുതന്നെ ഒക്ടോബറില്‍ നടക്കുന്ന പരിപാടിയില്‍ ആപ്പിള്‍ സിലിക്കണ്‍ ഇടം പിടിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

എങ്കിലും ആപ്പിള്‍ സിലിക്കണ്‍ ഉപയോഗിക്കുന്ന ആദ്യ മാക്ക് കംപ്യൂട്ടര്‍ 12 ഇഞ്ച് മാക്ക് ബുക്കോ എല്ലെങ്കില്‍ മാക്ബുക്ക് പ്രോയുടെ ഏതെങ്കിലും പതിപ്പോ ആവാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

Content Highlights: apple hi speed event expecting iphone 12 and more