രു മെറ്റാവേഴ്‌സ് കമ്പനിയായി പരിണമിയ്ക്കാനുള്ള അണിയറ നീക്കങ്ങളിലാണ് മെറ്റാ എന്നറിയപ്പെടുന്ന പഴയ ഫെയ്‌സ്ബുക്ക്. ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യകളിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി മെറ്റായുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് നിര്‍മിക്കുന്നതിനുള്ള  പ്രൊജക്ട് കാംബ്രിയ  (Project Cambria ) എന്നറിയപ്പെടുന്ന  പദ്ധതിയാണ് അതിലൊന്ന് അടുത്തവര്‍ഷം മെറ്റ ഈ ഹെഡ്‌സെറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതിനിടെ പുതിയ വാര്‍ത്തകള്‍ കൂടി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. മുന്‍നിര സാങ്കേതികവിദ്യാ കമ്പനിയായ ആപ്പിളും  ഓഗ്മെന്റഡ് റിയാലിറ്റി / വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റിനായുള്ള അണിയറ നീക്കങ്ങളിലാണത്രെ. ബ്ലൂംബെര്‍ഗിലെ മാര്‍ക്ക് ഗുര്‍മന്‍ ആണ് പവര്‍ ഓണ്‍ എന്ന തന്റെ ന്യൂസ് ലെറ്ററില്‍ ഈ വിവരം പങ്കുവെക്കുന്നത്. 

ആപ്പിളിന്റെ ഈ ഹെഡ്‌സെറ്റിന് 2000 ഡോളര്‍ (1,48,952 രൂപ ) വില വരുമെന്ന് ഗുര്‍മന്‍ പറയുന്നു. 2022-ല്‍ ഇത് അവതരിപ്പിക്കപ്പെട്ടേക്കുമെന്നും മെറ്റായുടെ ഹെഡ്‌സെറ്റ് ഔദ്യോഗികമായി അവതരിപ്പിക്കപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആപ്പിളിന്റെ വിആര്‍/ എആര്‍ ഹെഡ്‌സെറ്റ് രംഗപ്രവേശം ചെയ്യുമെന്നും ഗുര്‍മന്‍ പറഞ്ഞു. 

VR Headset'മെറ്റാ' എന്ന പേര് പ്രഖ്യാപിച്ചുകൊണ്ട് സക്കര്‍ബര്‍ഗ് നടത്തിയ പ്രഖ്യാപനങ്ങള്‍ക്കിടയിലാണ് പ്രൊജക്ട് കാംബ്രിയയെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ഈ ഉല്‍പന്നം വിലയേറിയതാവുമെന്നും ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്നതാവുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. എന്തായാലും ഇന്ന് നിലവിലുള്ള ഒക്യുലസ് റിഫ്റ്റ് 2, റിഫ് 3 ഹെഡ്‌സെറ്റുകളുടെ പിന്‍ഗാമിയായിരിക്കില്ല. 

ഇന്ന് നിലവിലുള്ള ഏറ്റവും പുതിയ സാങ്കേതികവദ്യകള്‍ ഉള്‍ക്കൊള്ളുന്ന പുതിയ തരം കംപ്യൂട്ടിങ് പരീക്ഷിച്ച് തുടങ്ങാന്‍ ആഗ്രഹമുള്ളവര്‍ക്ക് വേണ്ടിയാണ് പ്രൊജക്ട് കാംബ്രിയ രൂപകല്‍പന ചെയ്തിരിക്കുന്നത്. 

ആപ്പിള്‍ ഹെഡ്‌സെറ്റ്

അതേസമയം മെച്ചപ്പെട്ട ചിപ്പുകളും, ഡിസ്‌പ്ലേകളും, സെന്‍സറുകളും, അവതാര്‍ അടിസ്ഥാനമാക്കിയുള്ള ഫീച്ചറുകളുമെല്ലാം ഉള്‍ക്കൊള്ളുന്നതാവും ആപ്പിളിന്റെ എആര്‍ ഹെഡ്‌സെറ്റ് എന്നാണ് ഗുര്‍മന്‍ പറയുന്നത്. സാധാരണ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഒരാളെ പൂര്‍ണമായും ഒരു ഡിജിറ്റല്‍ ലോകത്തേക്ക് പ്രവേശിപ്പിക്കാന്‍ ഇതിന് സാധിക്കും. 

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഫെയ്‌സ്ബുക്ക് വിഭാവനം ചെയ്യുന്ന മെറ്റാവേഴ്‌സിന് പിന്നാലെയാണ് ആപ്പിളും എന്ന് ഈ നീക്കം സൂചന നല്‍കുന്നു. ഐഫോണുമായും മാക്ക് ബുക്ക് പ്രോയുമായും ബന്ധിപ്പിച്ച് മാത്രമെ ആപ്പിള്‍ ഹെഡ്‌സെറ്റ് ഉപയോഗിക്കാന്‍ കഴിയുകയുള്ളു. ഹെഡ്‌സെറ്റിന് വേണ്ടി പ്രത്യേകം ചിപ്പും ആപ്പിള്‍ വികസിപ്പിക്കുന്നുണ്ടെന്നാണ് വിവരം. 

സ്മാര്‍ട്‌വാച്ചിലും ആപ്പിള്‍ - മെറ്റാ മത്സരം

ഹെഡ്‌സെറ്റുകളെ കൂടാതെ ഫിറ്റ്‌നസ് സ്മാര്‍ട് വാച്ച് രംഗത്തും മെറ്റായും ആപ്പിളും തമ്മില്‍ മത്സിരിക്കുമെന്നും ഗുര്‍മന്റെ ന്യൂസ് ലെറ്ററില്‍ പറയുന്നുണ്ട്. അടുത്ത വര്‍ഷം തന്നെ മെറ്റായുടെ സ്മാര്‍ട് വാച്ചും രംഗപ്രവേശം ചെയ്യുമത്രേ. 

VR Headsetആപ്പിള്‍ ഇതുവരെ പരീക്ഷിക്കാത്ത രൂപകല്‍നയിലുള്ള സ്മാര്‍ട് വാച്ചിനാണ് മെറ്റാ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഫ്രണ്ട് ക്യാമറയോടു കൂടിയെത്തുന്ന വാച്ചില്‍ വീഡിയോ കോളിങ് സൗകര്യം പോലും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിള്‍ വാച്ചുകളില്‍ ഇതുവരെ ക്യാമറ ഉള്‍പ്പെടുത്തിയിട്ടില്ല.

ഫെയ്സ്ബുക്കിന്റെ ഐഫോണ്‍ ആപ്പുകളിലൊന്നില്‍ നിന്ന് കിട്ടിയ ഒരു വാച്ചിന്റെ ചിത്രമാണ് സ്മാര്‍ട് വാച്ചുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ മെറ്റാ നടത്തുന്നുണ്ടെന്ന വിവരം പുറത്തുവന്നത്. കര്‍വ്ഡ് എഡ്ജ് ഉള്ള സ്‌ക്രീനോടുകൂടിയ വാച്ചാണ് ചിത്രത്തിലുള്ളത്.

ആപ്പിളിന്റെ പുതിയ ഹോം ഉപകരണങ്ങള്‍ 

ആപ്പിളിന്റെ ഹോം ഉപകരണ ശ്രേണിയിലേക്ക് പുതിയ ഉപകരണങ്ങള്‍ കൂടി അവതരിപ്പിക്കപ്പെടുമെന്ന് ഗുര്‍മന്റെ ന്യൂസ് ലെറ്റര്‍ സൂചന നല്‍കുന്നുണ്ട്. അതില്‍ ഒന്ന് ടിവി സെറ്റ് ടോപ്പ് ബോക്‌സിനേയും സ്പീക്കറിനെയും സംയോജിപ്പിക്കുന്ന ഒരു ഉപകരണമാവുമെന്നും രണ്ടാമത്തേത് ഒരു സ്‌ക്രീനോടു കൂടിയ സ്മാര്‍ട് സ്പീക്കര്‍ ആയിരിക്കുമെന്നും പറയുന്നു. 

മെറ്റായ്ക്ക് പോര്‍ട്ടല്‍ എന്ന പേരില്‍ ഒരു സ്മാര്‍ട് ഡിസ്‌പ്ലേ ഇതിനോടകം വിപണിയിലുണ്ട്. ആമസോണ്‍ എക്കോ ഷോ സീരീസ് സ്മാര്‍ട് ഡിസ്‌പ്ലേയ്കളും രംഗത്തുണ്ട്.   

Content Highlights: apple AR VR headset coming to compete with meta s project cambria