പ്പിളിന്റെ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് അടുത്തവര്‍ഷം അവസാനത്തോടെ പുറത്തിറക്കിയേക്കുമെന്ന് ആപ്പിള്‍ അനലിസ്റ്റായ മിങ്-ചി കുവോയുടെ പ്രവചനം. മാക്ക് റൂമേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അത്യാധുനിക സൗകര്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന പ്രൊസസറുകളായിരിക്കും ഇതിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം മാക്ക് കംപ്യൂട്ടറുകള്‍ക്ക് വേണ്ടി അവതരിപ്പിച്ച എം വണ്‍ ചിപ്പ് സെറ്റിന് തുല്യമായ ഉന്നത പ്രവര്‍ത്തനമികവുള്ള ഹൈ എന്‍ഡ് പ്രൊസസറായിരിക്കും ഹെഡ്‌സെറ്റില്‍. ഹെഡ്‌സെറ്റിന്റെ സെന്‍സറും ബന്ധപ്പെട്ട ഭാഗങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിന് മറ്റൊരു ലോവര്‍ എന്‍ഡ് പ്രൊസസറും ഇതിലുണ്ടാവും. 

മാക്കുമായോ ഐഫോണുമായോ ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കേണ്ടി വരില്ലെന്നും വിവിധ ഉപയോഗങ്ങള്‍ക്കായി ഇത് ഉപയോഗപ്പെടുത്താനാവുമെന്നും മിങ് ചി കുവോ പറഞ്ഞു. 

2022 നാലാം പാദത്തില്‍ ഈ ഹെഡ്‌സെറ്റ് അവതരിപ്പിക്കപ്പെടുമെന്നാണ് കുവോ പറയുന്നത്. 

സോണിയുടെ 4കെ മൈക്രോ ഒഎല്‍ഇഡി ഡിസ്‌പ്ലേകളായിരിക്കും ഇതിന്. ഈ ഡിസ്‌പ്ലേ പ്രവര്‍ത്തിപ്പിക്കാന്‍ എം വണ്‍ പോലുള്ള ചിപ്പിന്റെ കംപ്യൂട്ടിങ് ശക്തി വേണം. ഈ ഡിസ്‌പ്ലേകളുടെ പിന്‍ബലത്തില്‍ വിര്‍ച്വല്‍ റിയാലിറ്റി അനുഭവവും ഹെഡ്‌സെറ്റില്‍ സാധ്യമാവും.

Content Highlights: Apple AR headset to launch in late 2022 says analyst kuo