കാവല്‍ക്കാരനായി ഉപയോഗിക്കാവുന്ന ഒരു റോബോട്ടിനെ അവതരിപ്പിച്ച് ആമസോണ്‍. ഒരു ചെറിയ വളര്‍ത്തുനായയെ ഓര്‍മിപ്പിക്കുന്ന രൂപമുള്ള ഈ റോബോട്ടിന്  ആസ്‌ട്രോ എന്നാണ് പേര്. 

ആമസോണ്‍ സര്‍വീസസ് ആന്റ് ഡിവൈസസ് സീനിയര്‍ വൈസ് പ്രസിഡന്റ് ഡേവിഡ് ലിംപ് ആണ് പുതിയ റോബോട്ടിനെ പരിചയപ്പെടുത്തിയത്. 

"ആസ്‌ട്രോ ജോയിന്‍ മീ ഓണ്‍ സ്‌റ്റേജ് " എന്ന നിര്‍ദേശം നല്‍കിയതോടെ ആസ്‌ട്രോം ലിംപിനരികിലേക്ക് അനുസരണയോടെ നീങ്ങി വന്നു. 

അലെക്‌സയുടെ പിന്തുണയില്‍ സ്മാര്‍ട് ആയ വീട് ആണെങ്കിലും ഇപ്പോഴും തന്റെ വീട്ടിലെ  ഉപകരണങ്ങള്‍ക്ക് ചെയ്യാനാവാത്ത പലകാര്യങ്ങളുണ്ടെന്നും അതിന് കാരണം അവയ്ക്ക് ചലിക്കാന്‍ കഴിയാത്തതാണെന്നും ലിംപ് പറഞ്ഞു. അതിനൊരു മാറ്റമാണ് ഈ റോബോട്ട്. ദൂരെ നിന്ന് വീട്ടിലെ ഓരോ കാര്യങ്ങളും പരിശോധിക്കാന്‍ ഈ റോബോട്ട് നിങ്ങളെ സഹായിക്കും. 

ഒരു ഡിജിറ്റല്‍ സക്രീന്‍ ആണ് ഈ ആസ്‌ട്രോയുടെ മുഖം. ഇതില്‍ രണ്ട് കണ്ണുകള്‍ കാണാം. നിര്‍ദേശങ്ങള്‍ നല്‍കാനും ജോലികള്‍ ഏല്‍പിക്കാനുമെല്ലാം ഈ സ്‌ക്രീന്‍ ഉപയോഗിക്കാം. റോബോട്ടിന്റെ വലിപ്പം കുറവാണെങ്കിലും അതിനേക്കാള്‍ ഉയരമുള്ള വസ്തുക്കളെ നിരീക്ഷിക്കാനായി ഒരു പെരിസ്‌കോപ്പ് ക്യാമറയും ഇതിനുണ്ട്. 

അടുക്കളയിലെ ഗ്യാസ് സ്റ്റൗവ് ഓഫ് ചെയ്തിട്ടുണ്ടോ, ടിവി ഓണ്‍ ആണോ, സ്വിച്ച് ഓഫ് ആണോ തുടങ്ങി വീട്ടിലെ ഉയരത്തിലുള്ള വസ്തുക്കള്‍ കാണാനും മറ്റും പെരിസ്‌കോപ് ക്യാമറ പ്രയോജനപ്പെടുത്താം. വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ നിരീക്ഷിക്കാനും. താക്കോലോ, പേഴ്‌സോ  മറന്നുപോയാല്‍ അത് വീട്ടില്‍ തന്നെ ഉണ്ടോ എന്ന് പരിശോധിക്കാനുമെല്ലാം ഈ റോബോട്ട് സഹായിക്കും.

ഒരു സ്മാര്‍ട് ഡിസ്‌പ്ലേയുടെ പ്രയോജനങ്ങളെല്ലാം ഈ റോബോട്ടില്‍ ലഭിക്കും. ഉദാഹരണത്തിന് ഒരു ടിവി സീരിയല്‍ കാണുകയാണെന്നിരിക്കട്ടെ. വീടിനുള്ളില്‍ നമ്മള്‍ നടക്കുന്നയിടത്തേക്കെല്ലാം ഇത് നമ്മളെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. അതായത് നടന്നുകൊണ്ട് സീരിയല്‍ ആസ്വദിക്കാനാവും. 

999.99 ഡോളറാണ് ഇതിന് വില. ഇത് ഏകദേശം 74,127 രൂപയോളം വരും. 

കൂടാതെ, വീട്ടിലെ വായുസഞ്ചാരം, എസി, ചൂട് എന്നിവ ഓട്ടോമാറ്റികായി നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഉപയോഗികുന്ന ഒരു സ്മാര്‍ട് തെര്‍മോസ്റ്റാറ്റ്, എക്കോ ഷോ 15 സ്മാര്‍ട് ഡിസ്‌പ്ലേ, ഹാലോ വ്യൂ എന്ന ഹെല്‍ത്ത് ട്രാക്കിങ് ബാന്‍ഡ് എന്നിവയും ആമസോണ്‍ പുറത്തിറക്കിയിട്ടുണ്ട്.