പൊടിയും വെള്ളവും പറ്റാതെ ക്യാമറ പൊതിഞ്ഞു സൂക്ഷിക്കുന്ന കാലം കഴിഞ്ഞു. നാളത്തെ ക്യാമറകള്‍ ബോളിവുഡ് സിനിമകളിലെ സിക്‌സ്പാക്ക്  നായകന്മാരെപ്പോലെ ആര്‍ക്കും, ഒന്നിനും കീഴ്‌പ്പെടുത്താന്‍ കഴിയാത്ത അതീവ  ശക്തരായിരിക്കുമെന്ന് കരുതാം. ഇതുവരെ പുറത്തു വന്ന ആക്ഷന്‍ ക്യാമറകള്‍ നല്‍കുന്ന ചിത്രം അങ്ങനെയാണ്. 

ഏതു പ്രതികൂല സാഹചര്യത്തിലും പ്രവര്‍ത്തിക്കുന്നവയാണ് ആക്ഷന്‍ ക്യാമറകള്‍. വിമാനത്തന്റെ  ചിറകില്‍ പറ്റിയിരുന്നു കൊണ്ട് മനോഹര ആകാശദൃശ്യങ്ങളും, കപ്പലിന്റെ ചട്ടക്കൂടിനു പുറത്ത് പിടിച്ചിരുന്നുകൊണ്ട് കടല്‍പരപ്പിനടിയിലെ ജൈവവൈവിധ്യത്തിന്റെ വിചിത്രസൗന്ദര്യവുമൊക്കെ ഒപ്പിയെടുക്കാന്‍ അവയ്ക്ക് കഴിയും. 

ഗോപ്രോ ആക്ഷന്‍ക്യമാറയാണ് ഇത് ലോകത്തിന് ബോധ്യപ്പെടുത്തിയത്. ആ വഴിയിലൂടെ കരുത്തുറ്റ ആക്ഷന്‍ ക്യാമറകളുമായി ഇപ്പോള്‍ നിക്കോണുമെത്തുന്നു. ആക്ഷന്‍ ക്യാമറ സംസ്‌കാരത്തിന് യോജിച്ച വിധത്തില്‍ അതിവേഗദൃശ്യങ്ങളുടെ ലോകത്തേക്ക് ഇടിമിന്നല്‍ കരുത്തോടെയാണ് നിക്കോണിന്റെ വരവ്. 

വിവിധ ബ്രാന്റുകളുടെ 360 ഡിഗ്രി ക്യാമറകളും ആക്ഷന്‍ ക്യാമറകളും പ്രത്യേകം പ്രത്യേകമായി ഇന്ന് വാങ്ങാന്‍ കഴിയും. എന്നാല്‍ 360 ഡിഗ്രി ദൃശ്യപുനര്‍വിന്യാസം നടത്തുന്ന ആക്ഷന്‍ ക്യാമറകളാണ് താരതമ്യേന കുറഞ്ഞ വിലയില്‍ നിക്കോണ്‍ രംഗത്തെത്തിക്കുന്നത്. പടച്ചട്ടയെ അനുസ്മരിപ്പിക്കുന്ന മനോഹരവും കരുത്തുറ്റതുമായ ബോഡി ഡിസൈനില്‍ മൂന്ന് ആക്ഷന്‍ ക്യാമറകളാണ് നിക്കോണില്‍ നിന്ന് വരുന്നത്. 

കീ മിഷന്‍ ബ്രാന്‍ഡിങ്ങില്‍ എത്തുന്ന നിക്കോണ്‍ കീമിഷന്‍ 360 ( KeyMission 360 ), കീമിഷന്‍ 170 ( KeyMission 170 ), കീമിഷന്‍ 80 ( KeyMission 80 ) എന്നീ ആക്ഷന്‍ താരങ്ങള്‍ മറ്റുള്ള ബ്രാന്‍ഡുകളുടെ ആക്ഷന്‍  ക്യാമറകള്‍ക്ക് ഭീഷണിയുയര്‍ത്തുമെന്ന് ഉറപ്പാണ്. 

Nikon KeyMission 170
നിക്കോണ്‍ കീമിഷന്‍ 170

 

ഒക്ടോബറില്‍ വിപണിയിലെത്തുമെന്നു കരുതുന്ന ഈ ആക്ഷന്‍ ക്യാമറ നിരയിലെ 360 ഡിഗ്രി ദൃശ്യാനുഭവം നല്‍കുന്ന കീമിഷന്‍ 360 എന്ന മോഡലിന് 30,000 രൂപയ്ക്കടുത്തതാകും വില. 4 കെ വീഡിയോയുടെ ദൃശ്യമിഴിവ് ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന ഈ ക്യാമറയില്‍ ഒന്നിന് പിന്നില്‍ മറ്റൊന്ന് എന്ന രീതിയില്‍ രണ്ട് സെന്‍സറുകള്‍ വിപരീത ദിശകളിലേക്ക് തിരിഞ്ഞിരിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന. 360 ഡിഗ്രിയില്‍  ചുറ്റുമുള്ള കാഴ്ചകള്‍ പകര്‍ത്തി വെര്‍ച്വല്‍ റിയാലിറ്റി ദൃശ്യാനുഭവം നല്‍കാന്‍ ഈ ക്യാമറക്കാകും.

എഫ് 2.0 എന്ന മികച്ച അപേര്‍ച്ചര്‍ വാല്യൂ നല്‍കുന്ന രണ്ട് 20 മെഗാപിക്‌സല്‍ സെന്‍സറുകളാണ് കീമിഷന്‍ 360 ലെ ക്യാമറാകണ്ണുകള്‍ക്ക് മൂര്‍ച്ച പകരുന്നത്. സാംസങിന്റെ ഗിയര്‍ 360 ഗാഡ്ജറ്റിനെക്കാളും 10 മെഗാപിക്‌സല്‍ അധിക ചിത്രവ്യക്തത വാഗ്ദാനം ചെയ്യുന്ന നിക്കോണിന്റെ ഈ 360 ഡിഗ്രി ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരീക്ഷണവേളയില്‍ ഏവരുടെയും മനംകവര്‍ന്നിരുന്നു. 

ഈ വര്‍ഷം ജനവരിയില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ പരിചയപ്പെടുത്തിയ ഈ ആക്ഷന്‍ ക്യാമറ 100 അടി വരെ താഴ്ചയില്‍ വരെ വാട്ടര്‍പ്രൂഫ് സവിശേഷത നല്‍കുന്നതാണ്. 6.6 അടി വരെ ഉയരത്തില്‍ നിന്ന് വീണാല്‍ പോലും ഇവന് ഒരു കുലുക്കവും സംഭവിക്കില്ല. മൈനസ് 10 ഡിഗ്രി വരെയുള്ള കൊടും തണുപ്പില്‍ യാതൊരു മടിയുമില്ലാതെ പണിയെടുക്കാന്‍ നിക്കോണ്‍ കീമിഷന്‍ 360 ക്യാമറയ്ക്ക് കഴിയും. 

പത്തോളം മൗണ്ടിംഗ് ആക്‌സസറികളും ഈ ക്യാമറയ്ക്കൊപ്പം നിക്കോണ്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഫുള്‍ എച്ച്ഡി വീഡിയോ മോഡും ഈ ക്യാമറയില്‍ ലഭ്യമാണ്.

ഏകദേശം 27,000 രൂപ വില പ്രതീക്ഷിക്കുന്ന കീമിഷന്‍ 170 പേര് സൂചിപ്പിക്കുന്നത് പോലെ  170 ഡിഗ്രി ഡെപ്ത് ഓഫ് വ്യൂ നല്‍കുന്ന ആക്ഷന്‍ ക്യാമറയാണ്. സാധാരണ മൊബൈല്‍ ക്യാമറയുടെ ഡെപ്ത് ഓഫ് വ്യൂ ഏകദേശം 83 ഡിഗ്രി ആണെന്നിരിക്കെ ഈ ക്യാമറ നല്‍കുന്ന ദൃശ്യങ്ങളുടെ വിശാലത ഊഹിക്കാവുന്നതെയുള്ളൂ. (മിക്ക ഗോ പ്രോ കാമറകള്‍ക്കും ഇതേ ഡെപ്ത് ഓഫ് വ്യൂ ആണുള്ളത്). 

Nikon KeyMission 80
നിക്കോണ്‍ കീമിഷന്‍ 80

 

8.3 മെഗാപിക്‌സല്‍ റെസലൂഷന്‍ നല്‍കുന്ന സിമോസ് സെന്‍സര്‍ ഉപയോഗിച്ചിരിക്കുന്ന ഈ ക്യാമറയും  4കെ അള്‍ട്രാ എച്ച്ഡി വീഡിയോ ചിത്രീകരണം പിന്തുണയ്ക്കുന്നുണ്ട്. 2.8 അപ്പേര്‍ച്ചര്‍ നല്‍കുന്ന ഈ ഒറ്റ സെന്‍സര്‍ ക്യാമറയ്ക്ക് പിന്നിലായി ടച്ച്‌സ്‌ക്രീന്‍ സൗകര്യമില്ലാത്ത ഒരു എല്‍സിഡി ഡിസ്പ്ലെ പ്രിവ്യൂ സൗകര്യവുമുണ്ട്. 

വ്യത്യസ്ത റസലൂഷനുകളിലുള്ള രണ്ട് സെന്‍സറുകള്‍ ഘടിപ്പിച്ച കീമിഷന്‍ 80, ലൈഫ് ലോഗിംഗ് ക്യാമറ എന്നാണ് നിക്കോണ്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അതായത് ജീവിതത്തിലെ മനോഹര മുഹൂര്‍ത്തങ്ങള്‍ മനുഷ്യനയനങ്ങളാല്‍ കാണുംവിധം ഫ്രീസ് ചെയ്തു സൂക്ഷിക്കാന്‍ തക്കതായ ഒരു ഉപകരണം. എന്ത് മനോഹരമായ ആശയം അല്ലേ? ഏത് ആക്ഷന്‍ക്യാമറാ പ്രേമിയെയും കൊതിപ്പിക്കുന്ന മികച്ച ഒന്നായി കീമിഷന്‍ 80 മാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ. 

18,000 രൂപ വില പ്രതീക്ഷിക്കുന്ന ഈ ക്യാമറയില്‍  2 .0 അപര്‍ച്ചര്‍, 80 ഡിഗ്രി ഡെപ്ത് ഓഫ് വ്യൂ എന്നിവ  നല്‍കുന്ന 12 മെഗാപിക്‌സല്‍ സെന്‌സറിന് പിന്നിലായി  2.2 അപര്‍ച്ചര്‍ നല്‍കുന്ന മറ്റൊരു 5 മെഗാപിക്‌സല്‍ ഇമേജ് സെന്‍സര്‍ കൂടി നിക്കോണ്‍ ഒളിപ്പിച്ച് വച്ചിട്ടുണ്ട്. കീമിഷന്‍ 80ല്‍ കീമിഷന്‍ 170 ലേതിന് സമാനമായി ഒരു എല്‍സിഡി സ്‌ക്രീനുമുണ്ട്. 

സാംസങ്, സോണി, എല്‍ജി, റിക്കോ എന്നിവയുടെ 360 ഡിഗ്രി ക്യാമറകളെ മികച്ച പ്രകടനം കൊണ്ട് തോല്‍പ്പിക്കാന്‍ നിക്കോണിന്റെ കീമിഷന്‍ 360 ആക്ഷന്‍ ക്യാമറക്ക് കഴിഞ്ഞാല്‍ (കഴിയും എന്നതില്‍ സംശയമില്ല). മറ്റ് രണ്ട്  നിക്കോണ്‍ കീമിഷന്‍  ആക്ഷന്‍ക്യാമറകള്‍  ഗോപ്രോയും, സോണിയും വിപണിയിലെത്തിക്കുന്ന വിവിധ ആക്ഷന്‍ കാമറകള്‍ക്ക് തീര്‍ച്ചയായും ഭീഷണിയുയര്‍ത്തും. 

നിക്കോണിനു മികച്ച വരുമാനം നേടിക്കൊടുക്കുന്ന നമ്മുടെ സംസ്ഥാനത്ത്  പുതിയ  നിക്കോണ്‍ ക്യാമറകള്‍ ആക്ഷന്‍ഹീറോ ആയി മാറുമെന്നതില്‍ സംശയമില്ല.

 s.shiyas@live.com