Acer, Predator notebook

ഉള്‍വശത്തേക്ക് വളഞ്ഞ 'കര്‍വ്ഡ് സ്‌ക്രീന്‍' ടെലിവിഷനുകള്‍ ഇന്നൊരു പുതുമയുള്ള കാര്യമേയല്ല. സാംസങ് അടക്കമുള്ള ഒട്ടേറെ കമ്പനികള്‍ ഇത്തരത്തിലുള്ള ടി.വി മോഡലുകള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് ആദ്യത്തെ 'വളയന്‍ സ്‌ക്രീന്‍ ടി.വി' അവതരിപ്പിക്കപ്പെട്ടത്. തിയേറ്റര്‍ സ്‌ക്രീനിന് സമാനമായ ദൃശ്യാനുഭവം സമ്മാനിക്കാന്‍ ഇത്തരം ടി.വികള്‍ക്ക് സാധിക്കുമെന്ന് സാംസങ് പോലുള്ള കമ്പനികള്‍ അവകാശപ്പെടുന്നു. 

സാംസങാണ് ഈ സാങ്കേതികവിദ്യയുടെ പ്രധാന പ്രചാരകരും. സാംസങിന്റെ രണ്ട് ഹൈ-എന്‍ഡ് ടി.വി മോഡലുകള്‍ പൂര്‍ണമായും കര്‍വ്ഡ് സ്‌ക്രീന്‍ സംവിധാനത്തോടെയാണ് പുറത്തിറങ്ങുന്നത്. ഇവയ്ക്ക് ഫ്‌ളാറ്റ് സ്‌ക്രീന്‍ ഓപ്ഷന്‍ ഇല്ല. 

കര്‍വ്ഡ് സ്‌ക്രീന്‍ ടി.വികളോട് സാംസങിനുള്ള ആവേശം മറ്റ് കമ്പനികള്‍ കാട്ടുന്നില്ല എന്നത് മറ്റൊരു കാര്യം. ഒന്നോ രണ്ടോ മോഡലുകള്‍ ഇങ്ങനെയിറക്കിയെങ്കിലും പ്രമുഖ കമ്പനികളെല്ലാം ഇപ്പോഴും ഫ്ര്‌ളാറ്റ് സക്രീന്‍ സാങ്കേതികവിദ്യ തന്നെയാണ് മുറുകെ പിടിക്കുന്നത്. ഫ്‌ളാറ്റ് ടി.വികളേക്കാള്‍ വില കൂടുതലായതിനാല്‍ ഉപയോക്താക്കളും കര്‍വ്ഡ് സ്‌ക്രീന്‍ മോഡലുകളോട് വലിയ താത്പര്യം പ്രകടിപ്പിക്കുന്നില്ല.

Acer, Predator notebook

വളയന്‍ സ്‌ക്രീന്‍ ടി.വിയില്‍ നിന്ന് ലാപ്‌ടോപ്പുകളിലേക്കും വരുന്നു എന്നതാണ് പുതിയ വാര്‍ത്ത. തയ്‌വാന്‍ കമ്പനിയായ ഏസര്‍ ആണ് ലോകത്തെ ആദ്യ 'കര്‍വ്ഡ് സ്‌ക്രീന്‍' ലാപ്‌ടോപ്പിന്റെ സൃഷ്ടാക്കള്‍. 'പ്രെഡേറ്റര്‍ നോട്ട്ബുക്ക്' ( Predator notebook ) എന്നാണീ ഗാഡ്ജറ്റിന്റെ പേര്. ജര്‍മനിയിലെ ബര്‍ലിനില്‍ ഐ.എഫ്.എ. രാജ്യാന്തര ഇലക്‌ട്രോണിക്‌സ് പ്രദര്‍ശനമേളയില്‍ ഈ ലാപ്‌ടോപ്പ് ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടു.

പേര് നോട്ട്ബുക്ക് എന്നാണെങ്കിലും നോട്ട്ബുക്ക് കമ്പ്യൂട്ടറുകളെ പോലെ തീരെ ചെറിയ സ്‌ക്രീനല്ല പ്രെഡേറ്ററിനുള്ളത്. 21 ഇഞ്ച് (53 സെന്റിമീറ്റര്‍) വലിപ്പമുളള വിശാലമായ സ്‌ക്രീനാണ് പ്രെഡേറ്ററിന്റേത്. 2560X1440 സ്‌ക്രീന്‍ റിസൊല്യൂഷനുളള (2കെ) ഡിസ്‌പ്ലേയാണ് സ്‌ക്രീനിന്റേത്. 

Acer, Predator notebook

'നമ്മുടെ കണ്ണുകള്‍ നല്‍കുന്നത് ഇടതുവശത്ത് നിന്ന് വലത്തേക്കുളള വളഞ്ഞൊരു കാഴ്ചയാണ്. അതിന് ചേരുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് പ്രിഡേറ്റര്‍ നല്‍കുക. വീഡിയോ ഗെയിം പോലുളള ഇന്ററാക്ടീവ് ദൃശ്യങ്ങള്‍ പ്രിഡേറ്ററിലുടെ പുറത്തുവരുമ്പോള്‍ അതിന് മറ്റൊരു തലം ലഭിക്കും'-ഏസറിന്റെ യൂറോപ്യന്‍ പ്രതിനിധി ജോണ്‍ മിഡേമ ബി.ബി.സിയോട് പറഞ്ഞു. 

സ്വീഡനിലെ ടോബി കമ്പനി വികസിപ്പിച്ചെടുത്ത 'ഐ-ട്രാക്കിങ്' സാങ്കേതികവിദ്യയും പ്രെഡേറ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണുകള്‍കൊണ്ട് സ്‌ക്രീനിലെ വീഡിയോ ഗെയിമുകള്‍ നിയന്ത്രിക്കാം എന്നതാണ് ഐ-ട്രാക്കിങ് വിദ്യയുടെ പ്രയോജനം. കൈകളൊഴിവാക്കി കണ്ണുകള്‍കൊണ്ട് ഗെയിം കളിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ഏസര്‍ അവകാശപ്പെടുന്നു. 

പ്രെഡേറ്റര്‍ ലാപ്‌ടോപ്പിന്റെ വില എത്രയാകുമെന്ന കാര്യം ഏസര്‍ വെളിപ്പെടുത്തിയിട്ടില്ല.