റിയല്‍മി അടുത്തിടെ വിപണിയിലവതരിപ്പിച്ച റിയല്‍മി യു വണ്‍ സ്മാര്‍ട്‌ഫോണിന്റെ വില്‍പന നാളെ ആരംഭിക്കും. സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ട് നിര്‍മിച്ച ഈ സ്മാര്‍ട്‌ഫോണ്‍ മീഡിയാ ടെക്കിന്റെ ഏറ്റവും പുതിയ ഹീലിയോ പി 70 പ്രൊസസറുമായെത്തുന്ന ആദ്യ ഫോണ്‍ ആണ്. ഡിസംബര്‍ അഞ്ച് ഉച്ചയ്ക്ക് 12 മണിമുതല്‍ ആമസോണില്‍ നിന്നും റിയല്‍മി.കോമില്‍ നിന്നും ഫോണ്‍ വാങ്ങാം. 

റിയല്‍മി യു വണിന്റെ നാല് ജിബി റാം, 64 ജിബി സ്‌റ്റോറേജ് പതിപ്പിന് 14,499 രൂപയും മൂന്ന് ജിബി റാം, 32 ജിബി സ്റ്റോറേജ് പതിപ്പിന് 11,999 രൂപയുമാണ് വില. നോ കോസ്റ്റ് ഇഎംഐയില്‍ ഫോണ്‍ വാങ്ങാനുള്ള സൗകര്യമുണ്ടാവും. 

5,750 രൂപയുടെ ആനുകൂല്യങ്ങളാണ് ഫോണ്‍ വാങ്ങുന്നവര്‍ക്ക് റിലയന്‍സ് ജിയോ നല്‍കുന്നത് ഒപ്പം 4.2 ടിബി 4ജി ഡാറ്റയും സ്വന്തമാക്കാനുള്ള അവസരമുണ്ട്. 198 രൂപ, 299 രൂപ പ്രീപെയ്ഡ് റീച്ചാര്‍ജുകള്‍ക്കൊപ്പമാണ് ഈ ആനുകൂല്യം ലഭിക്കുക. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുമ്പോള്‍ അഞ്ച് ശതമാനം കാഷ്ബാക്ക് ലഭിക്കും. അമ്പീഷ്യസ് ബ്ലാക്ക്, ബ്രോവ് ബ്ലൂ നിറങ്ങളിലുള്ള ഫോണുകളാണ് ഡിസംബര്‍ അഞ്ച് മുതല്‍ വാങ്ങാന്‍ കഴിയുക. ഫോണിന്റെ ഫെയറി ഗോള്‍ഡ് പതിപ്പ് 2019 പുതുവത്സര ദിനത്തിലാണ് വില്‍പനയ്‌ക്കെത്തുക. 

ഇന്ത്യന്‍ സെല്‍ഫി പ്രോ എന്ന പേരില്‍ പുറത്തിറക്കിയ റിയല്‍മി യുവണ്‍ സ്മാര്‍ട്‌ഫോണില്‍ 25 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്. സോണിയുടെ ഐഎംഎക്‌സ് 576 പ്രൊസസറാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. മീഡിയാ ടെക് ഹീലിയോ പി 70 പ്രൊസസറിന്റെ നിര്‍മിത ബുദ്ധി ശേഷി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതും ഫോണിലെ ക്യാമറ തന്നെയാണ്. 

റിയല്‍മിയുടെ ഉപയോക്താക്കളുടെ എണ്ണം 30 ലക്ഷമായി വര്‍ധിച്ചുവെന്നും അടുത്ത് തന്നെ റിയല്‍മി രാജ്യത്തെ വളര്‍ന്നുവരുന്ന സ്മാര്‍ട്‌ഫോണ്‍ ബ്രാന്റുകളില്‍ ഒന്നാമതെത്തുമെന്നും റിയല്‍മി ഇന്ത്യ സിഇഓ മാധവ് സേത്ത് പറഞ്ഞു. അടുത്തിടെ കഴിഞ്ഞ ഉത്സവ കാല വില്‍പന മേളയില്‍ ആകെ വിപണി വിഹിതത്തില്‍ റിയല്‍മിയ്ക്ക് മൂന്നാം സ്ഥാനത്തെത്താനായെന്ന് കൗണ്ടര്‍പോയന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിയല്‍മി യുവണ്‍ പുറത്തിറക്കുന്നതോടെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനായുള്ള പ്രതിബദ്ധത ഉറപ്പിക്കാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും മാധവ് സേത്ത് പറഞ്ഞു. 

Content Highlights:  Realme U1 First Sale on 05th December