ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ആമസോണ്‍ , അമേരിക്കയില്‍ ഓര്‍ഡറുകളെത്തിക്കാന്‍ ആളില്ലാത്ത ചെറുവിമാനം ( drone ) പരീക്ഷിക്കുന്നു.

ഓര്‍ഡര്‍ നല്‍കി അരമണിക്കൂറിനകം ഉപയോക്താവിന്റെ പക്കല്‍ സാധനമെത്തിക്കാനാണ് പുതിയ മാര്‍ഗം പരീക്ഷിക്കുന്നതെന്ന്, ആമസോണ്‍ മേധാവി ജെഫ് ബെസോസ് അറിയിച്ചു. പുതിയ സര്‍വീസിന്റെ പേര് 'പ്രൈം എയര്‍ ' ( Prime Air ) എന്നാണ്.

പരമാവധി 2.3 കിലോഗ്രാം ഭാരം വരെയുള്ള പാഴ്‌സലുകള്‍ വഹിക്കാന്‍ പാകത്തിലുള്ള ഡ്രോണ്‍ ആണ് ആമസോണ്‍ വികസിപ്പിക്കുന്നത്. 'ഒക്ടോകോപ്റ്റര്‍ ' ( Octocopter ) എന്നാണ് ഡെലിവറി ഡ്രോണിനിട്ടിരിക്കുന്ന പേര്.

പ്രൈം എയര്‍ സര്‍വീസ് ആരംഭിക്കാന്‍ അഞ്ചുവര്‍ഷമെടുക്കുമെന്ന് ബെസോസ് വെളിപ്പെടുത്തി. സിബിഎസ് ടെലിവിഷന്റെ പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ആമസോണ്‍ മേധാവി ഇക്കാര്യം വെളിപ്പെടുത്തിയത്.


'ഇതൊരു ശാസ്ത്രകല്‍പ്പിത കഥ പോലെ തോന്നാം, പക്ഷേ സംഗതി അതല്ല' - ബോസോസ് പറഞ്ഞു. 'അരമണിക്കൂര്‍ കൊണ്ട് ഓര്‍ഡര്‍ ചെയ്ത സാധനങ്ങളെത്തിക്കാന്‍ ഞങ്ങള്‍ക്കാകും' - അദ്ദേഹം അറിയിച്ചു.

അമസോണിന് ലഭിക്കുന്ന ഓര്‍ഡറുകളില്‍ 86 ശതമാനവും 2.3 കിലോഗ്രാമോ അതില്‍ കുറവോ തൂക്കമുള്ളതാണ്. അതുകൊണ്ടാണ്, ഡ്രോണിന് വഹിക്കാന്‍ കഴിയുന്ന പാഴ്‌സലിന്റെ തൂക്കം ആ പരിധിയായി നിശ്ചയിച്ചത്.

യു.എസ്.ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ് എ എ) ആളില്ലാവിമാനങ്ങള്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഇതുവരെ അനുവാദം നല്‍കിയിട്ടില്ല. പോലീസിന്റെയും ഗവണ്‍മെന്റ് ഏജന്‍സികളുടെയും ആവശ്യത്തിന് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ മാത്രമേ അനുമതിയുള്ളൂ.

ആ നിയമം മാറിയാലേ, ആമസോണിന് പുതിയ സര്‍വീസ് ആരംഭിക്കാന്‍ കഴിയൂ.

ഡെലിവറി ഡ്രോണിന്റെ ചിത്രങ്ങളും വീഡിയോയും ആമസോണ്‍ ഒരു വെബ്ബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. (ചിത്രങ്ങള്‍ കടപ്പാട് : Amazon )