വൈകിയാണെങ്കിലും സ്മാര്‍ട്‌ഫോണുകളുടെ ബാറ്ററിശേഷി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് കമ്പനികള്‍ ആലോചിച്ചുതുടങ്ങിയിരിക്കുന്നു. മുന്‍നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളെല്ലാം ഈ രംഗത്ത് വ്യത്യസ്തമായ ഗവേഷണപദ്ധതികളുമായി മുന്നേറുകയാണ്
പണ്ടുപണ്ട്, (വളരെ പണ്ടല്ല പത്തുവര്‍ഷം മുമ്പ്) രണ്ടുദിവസത്തിലൊരിക്കല്‍ ചെയ്യേണ്ട അനുഷ്ഠാനമായിരുന്നു മൊബൈല്‍ ഫോണ്‍ ചാര്‍ജിങ്. ആളുകളെ വിളിക്കാനും മെസേജുകള്‍ അയക്കാനും മാത്രമുപകരിക്കുന്ന യന്ത്രമായിരുന്നു അന്ന് മൊബൈല്‍ ഫോണ്‍.

വര്‍ഷം കഴിയുന്തോറും മൊബൈലിന്റെ രൂപവും ഭാവവും മാറിക്കൊണ്ടിരുന്നു. ഫോണുകളെല്ലാം 'സ്മാര്‍ട്' ആയിത്തുടങ്ങി. കൂടുതല്‍ വലിയ ഡിസ്‌പ്ലേ, കൂടുതല്‍ മികച്ച പ്രൊസസര്‍ വേഗം, കൂടുതല്‍ സ്‌റ്റോറേജ് ശേഷി.

എല്ലാം കൂടുതലാക്കാന്‍ മൊബൈല്‍ കമ്പനികള്‍ മത്സരിച്ചതോടെ കഷ്ടത്തിലായൊരു പാവമുണ്ട് ഫോണിനുള്ളില്‍- ബാറ്ററി. ഡിസ്‌പ്ലേയ്ക്കും പ്രൊസസറിനും മെമ്മറിക്കുമൊക്കെ ഇടതടവില്ലാതെ ഊര്‍ജം നല്‍കുന്ന ബാറ്ററികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ക്ഷീണിച്ചുകിതയ്ക്കും. ഫലമോ ലോ ബാറ്ററി.

പണ്ട് രണ്ടുദിവസത്തിലൊരിക്കല്‍ ചാര്‍ജ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ ഇന്ന് ദിവസത്തില്‍ രണ്ടു നേരം പ്ലഗില്‍ കുത്തിയടണമെന്ന അവസ്ഥയായി. ഡിസ്‌പ്ലേ മികവ് കൂട്ടുന്നതിലുള്ള ശുഷ്‌കാന്തി ബാറ്ററി ആയുസ്സ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഫോണ്‍ നിര്‍മാതാക്കള്‍ കാട്ടുന്നില്ലെന്ന പരാതി വ്യാപകമായി.

വൈകിയാണെങ്കിലും സ്്മാര്‍ട്‌ഫോണുകളുടെ ബാറ്ററിശേഷി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് കമ്പനികള്‍ ആലോചിച്ചുതുടങ്ങിയിരിക്കുന്നു എന്നതാണ് ടെക്‌ലോകത്തില്‍ നിന്നുള്ള നല്ല വാര്‍ത്ത. മുന്‍നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളെല്ലാം ഈ രംഗത്ത് വ്യത്യസ്തമായ ഗവേഷണപദ്ധതികളുമായി മുന്നേറുകയാണ്. അല്പം സമയമെടുത്താലും ബാറ്ററിചാര്‍ജ് തീരാക്കാലം വരുമെന്ന കാര്യത്തില്‍ ഒട്ടും സംശയം വേണ്ട.


സാംസങിന്റെ ഇ.പി.ഒ.പി.


സ്മാര്‍ട്‌ഫോണ്‍ വില്പനയില്‍ മുന്‍നിരക്കാരായ സാംസങ് തന്നെയാണ് ഇത്തരം ഗവേഷണ പരിപാടികളിലും മുന്നില്‍. സ്മാര്‍ട്‌ഫോണുകള്‍ക്കായി ഇ.പി.ഒ.പി. (എംബഡഡ് പാക്കേജ് ഓണ്‍ പാക്കേജ്) എന്നൊരു പുതിയ മെമ്മറി മൊഡ്യൂള്‍ തന്നെ സാംസങ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

മൂന്ന് ജിബി റാം, 32 ജിബി മള്‍ട്ടിമീഡിയ കാര്‍ഡ്, കണ്‍ട്രോളര്‍ എന്നിവ ഒരൊറ്റ പാക്കേജിനുള്ളില്‍ ഒതുക്കുന്ന പദ്ധതിയാണിത്. ഫോണിലെ മെമ്മറി പ്രൊസസറിന് മുകളിലായി ഈ പാക്കേജ് ഒതുങ്ങിനിന്നുകൊള്ളും. അതോടെ ഫോണിനുള്ളില്‍ 40 ശതമാനം സ്ഥലം ലാഭിക്കാനാകും.

ഈ അധികസ്ഥലമുപയോഗിച്ച് വലിയ ബാറ്ററി സ്ഥാപിക്കാനാകും. കഴിഞ്ഞവര്‍ഷമിറങ്ങിയ മുന്‍നിര സ്മാര്‍ട്‌ഫോണ്‍ മോഡലുകളിലെല്ലാം 3000 എം.എ.എച്ച്. ബാറ്ററിയാണുണ്ടായിരുന്നത്. അതിലും 40 ശതമാനം വലിയ ബാറ്ററി ഉപയോഗിക്കാന്‍ ഇ.പി.ഒ.പി. സംവിധാനം സഹായിക്കും.

പ്രൊസസറുകളുടെ ശേഷി വര്‍ധിപ്പിച്ചും ബാറ്ററി ആയുസ് സംരക്ഷിക്കാന്‍ സാംസങ് ശ്രമിക്കുന്നുണ്ട്. കമ്പനി പുതുതായി അവതരിപ്പിച്ച എക്‌സിനോസ് 7 ഒക്ടാ പ്രൊസസര്‍ 14 എന്‍എം ഫിന്‍ഫെറ്റ് പ്രൊസസ് സാങ്കേതികവിദ്യയില്‍ നിര്‍മിച്ചതാണ്. കുറച്ച് പവര്‍ മാത്രമുപയോഗിച്ച്് കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന പ്രൊസസറാണിത്.


ഒരുമിനുട്ടില്‍ ഫുള്‍ചാര്‍ജ്


ബാറ്ററിയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ചാര്‍ജിങിന് വേണ്ടിവരുന്ന സമയം കുറയ്ക്കുന്നതിനും മൊബൈല്‍ കമ്പനികള്‍ തലപുകയ്ക്കുന്നു. ഗൂഗിളിന്റെ നെക്‌സസ് 6, മോട്ടറോളയുടെ ഡ്രോയിഡ് ടര്‍ബോ എന്നീ സ്മാര്‍ട്‌ഫോണുകള്‍ ഈ രംഗത്ത് ഏറെ മുന്നിലെത്തിയിരിക്കുന്നു.

ഈ ഫോണുകളിലെ 3300 എം.എ.എച്ച്. ബാറ്ററി അരമണിക്കൂര്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 60 ശതമാനം ചാര്‍ജിലെത്തും. ക്വാല്‍കോമിന്റെ ക്വിക്ക്ചാര്‍ജിങ് സാങ്കേതികവിദ്യയാണ് രണ്ടുഫോണുകളിലും ഉപയോഗിക്കുന്നത്.

ഫോണ്‍ ചാര്‍ജ്് ചെയ്യാന്‍ വിചിത്രമായ പല വഴികളും കമ്പനികള്‍ തേടിക്കൊണ്ടിരിക്കുകയാണ്. അന്തരീക്ഷത്തിലുള്ള ശബ്ദത്തില്‍ നിന്ന് ഊര്‍ജം കണ്ടെത്തി ഫോണ്‍ തനിയെ ചാര്‍ജാകുന്ന സൗണ്ട് ചാര്‍ജിങ് വിദ്യ നോക്കിയ ഈയിടെ പരീക്ഷിച്ചു. ശരീരം നീങ്ങുന്നതിനനുസരിച്ച് ഫോണ്‍ ചാര്‍ജാകുന്ന ആംപി ( Ampy ) എന്നൊരു വേറബിള്‍ ഡിവൈസും പരീക്ഷണഘട്ടത്തിലാണ്.

ഇസ്രായേലില്‍ നിന്നുള്ള സ്റ്റാര്‍ട്ട്അപ്പ് സംരംഭമായ സ്‌റ്റോര്‍ഡോട്ട് ( StoreDot ) ഒരുമിനുട്ടിനുളളില്‍ ഫോണ്‍ ചാര്‍ജാകുന്ന വിദ്യ വികസിപ്പിച്ചെടുത്തുകഴിഞ്ഞു.

ടെല്‍അവീവ് സര്‍വകലാശാലയിലെ നാേനാ-ടെക്‌നോളജി പഠനവകുപ്പിന്റെ സാങ്കേതിക സഹായത്തോടെയാണ് സ്‌റ്റോര്‍ഡോട്ട് ഈ കണ്ടുപിടിത്തം നടത്തിയത്. വാണിജ്യാടിസ്ഥാനത്തില്‍ ഇതു പുറത്തിറക്കാനായി വ്യാപാരപങ്കാളിയെ തേടുകയാണ് സ്‌റ്റോര്‍ഡോട്ട് ഇപ്പോള്‍.


ഗ്രാഫീനും ലിഥിയം ആനോഡും


കൂടുതല്‍ നേരം ചാര്‍ജ് നിലനിര്‍ത്താന്‍ ബാറ്ററിക്കുള്ളിലെ രാസഘടകങ്ങള്‍ മാറ്റുന്നതിനെക്കുറിച്ചും ഗവേഷണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഗ്രാഫീന്‍ എന്ന അദ്ഭുതവസ്തുവിനെ അടിസ്ഥാനമാക്കിയാണിത്.

ശുദ്ധമായ കാര്‍ബണിന്റെ നേര്‍ത്ത പാളിയാണ് ഗ്രാഫീന്‍. കാര്‍ബണ്‍ ആറ്റങ്ങള്‍ നിറഞ്ഞിട്ടുള്ള ഗ്രാഫീന് ഭാരം തീരെ കുറവാണ്. മികച്ചൊരു ചാലകശക്തിയായ ഗ്രാഫീന് ഏറെനേരം ചാര്‍ജ് വഹിക്കാനുമാകും. സ്റ്റീലിനേക്കാള്‍ നൂറിരട്ടി കരുത്തുള്ള ഗ്രാഫീന് ചെമ്പിനേക്കാള്‍ വേഗത്തില്‍ വൈദ്യുതി കടത്തിവിടാനുമാകും. അതുകൊണ്ടുതന്നെ ബാറ്ററിക്കുള്ളില്‍ ഗ്രാഫീന്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അത് ഫുള്‍ചാര്‍ജ് ആകുമെന്നുറപ്പ്.

റബ്ബറിനേക്കാള്‍ ഇലാസ്തികതയുമുണ്ട് ഗ്രാഫീന്. വരുംകാലത്ത് ഒടിച്ചുമടക്കാവുന്ന സ്മാര്‍ട്‌ഫോണുകള്‍ വരുമ്പോള്‍ അതിനുള്ളില്‍ ഗ്രാഫീന്‍ ബാറ്ററികളായിരിക്കുമെന്നതില്‍ സംശയം വേണ്ട.

ഇപ്പോള്‍ നിലവിള്ള ലിഥിയം അയോണ്‍ ബാറ്ററിക്കുള്ളിലും മാറ്റങ്ങള്‍ വരും. ഇലക്‌ട്രോണുകള്‍ വിതരണം ചെയ്യുന്ന ഇലക്‌ട്രോലൈറ്റ്, ഈ ഇലക്‌ട്രോണുകളുടെ ഉത്ഭവസ്ഥാനമായ അനോഡ്, ഇലക്‌ട്രോണുകളെ സ്വീകരിക്കുന്ന കാഥോഡ് എന്നീ മൂന്നുഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് ലിഥിയം ഐയോണ്‍ ബാറ്ററിയും.

ഈ ബാറ്ററിയില്‍ ലിഥിയത്തിന്റെ സാന്നിധ്യം ഇലക്‌ട്രോലൈറ്റില്‍ മാത്രം ഒതുങ്ങുന്നു. അനോഡില്‍ കൂടി ലിഥിയമുണ്ടെങ്കില്‍ ബാറ്ററിയുടെ പ്രവര്‍ത്തനം അദ്ഭുതകരമാംവിധത്തില്‍ മെച്ചപ്പെടും.

ലിഥിയം അനോഡ് ബാറ്ററിയുണ്ടാക്കാനായി സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഒരുസംഘം ഗവേഷകര്‍ ശ്രമം നടത്തിവരികയാണ്. ഈ ശ്രമം വിഡയിഞ്ഞാല്‍ ബാറ്ററിശേഷി 400 ശതമാനത്തിലധികം വര്‍ധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.


ഗൂഗിളിന്റെ പ്രോജക്ട് ആര


സ്മാര്‍ട്‌ഫോണിനുള്ളിലെ യന്ത്രഭാഗങ്ങള്‍ ചതുരക്കട്ടപോലെ ഊരിയെടുക്കാവുന്ന മോഡ്യുലര്‍ ഫോണിന്റെ നിര്‍മാണവുമായി ഗൂഗിള്‍ മുന്നോട്ടു നീങ്ങുകയാണ്. ഉപയോക്താവിന്റെ ആവശ്യത്തിനനുസരിച്ച് പ്രൊസസറും ക്യാമറയും ബാറ്ററിയുമൊക്കെ ഫോണില്‍ നിന്ന് ഊരിമാറ്റാനും ഘടിപ്പിക്കാനാകുമെന്നതാണ് പ്രോജക്ട് ആരയുടെ മേന്മ.

വലിയ ബാറ്ററി വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കില്‍ എളുപ്പത്തില്‍ അത് സാധിക്കാനാകും. അതിനനുസരിച്ച് ഫോണിലെ മറ്റ് ഭാഗങ്ങള്‍ ചെറുതാക്കേണ്ടിവരുമെന്ന് മാത്രം. കുറേനേരം ഫോണില്‍ സംസാരിക്കുന്നയാളാണ് നിങ്ങളെന്നിരിക്കട്ടെ, ആര ഫോണിലെ ക്യാമറ മൊഡ്യൂള്‍ ഊരിമാറ്റി ആ സ്ഥലം കൂടി ഉപയോഗിച്ച് വലിയൊരു ബാറ്ററി ഫോണില്‍ സ്ഥാപിച്ചാല്‍ മതി.


ഒ.എസിലും മാറ്റങ്ങള്‍


ചാര്‍ജ് പരമാവധി കാത്തുസൂക്ഷിക്കുന്നതിനുള്ള പൊടിക്കൈകളുമായാണ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പുതിയ വെര്‍ഷനുകളുടെ വരവ്. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പിലും ആപ്പിള്‍ ഐഒഎസ് 8 വെര്‍ഷനിലുമൊക്കെ ബാറ്ററി ആയുസിന് പ്രാധാന്യം നല്‍കുന്നുണ്ട്.

ചാര്‍ജ് ചെയ്യുന്ന സമയം നോക്കി ഫോണിനുള്ളിലെ പ്രൊസസിങ് ജോലികള്‍ ചെയ്തുതീര്‍ക്കുന്ന സ്വഭാവക്കാരനാണ് ലോലിപോപ്പ്. ചാര്‍ജ് ഒരു നിശ്ചിത ശതമാനത്തില്‍ കുറഞ്ഞുവെന്ന് കണ്ടാല്‍ ഇത്തരം ജോലികളെല്ലാം ലോലിപോപ്പ് സ്വമേധയാ നിര്‍ത്തിവെക്കും. അതുകൊണ്ട് ബാക്ക്ഗ്രൗണ്ട് ബാറ്ററി ചോര്‍ച്ച തടയാന്‍ സാധിക്കും.

15 ശതമാനം ബാറ്ററി ആയുസ് സംരക്ഷിക്കുന്ന ബില്‍ട്ട് ഇന്‍ പവര്‍സേവിങ് മോഡും ലോലിപോപ്പിലുണ്ട്. ലോലിപോപ്പിന് സമാനമായ ബാറ്ററി സേവിങ് ഓപ്ഷനുകള്‍ ആപ്പിള്‍ ഐഒഎസ്8 ലും ലഭ്യമാണ്.